Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സിന്റെ രാഷ്ട്രീയം

ഏറെ കൊട്ടിഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത കേരളീയത്തിനു ശേഷം അതിനേക്കാളേറെ വിപുലമായ ഒരു പരിപാടിയാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ നിയോജക മണ്ഡലങ്ങളിലും എല്ലാ മന്ത്രിമാരുമെത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നവകാശപ്പെട്ടുള്ള നവകേരള സദസ്സുകൾ. സാങ്കേതിക വിദ്യ ഇത്രത്തോളം വളർന്ന കാലത്ത് ഇത്രയധികം പണം മുടക്കി എല്ലാ മന്ത്രിമാരും ഒന്നിച്ച് ഭരണ നിർവഹണം ശക്തിപ്പെടുത്താൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ടോ, സംസ്ഥാനത്തിന്റെ പൊതുഖജനാവിലെ പണത്തിന്റെ ഭൂരിഭാഗത്തിന്റെയും ഗുണഭോക്താക്കളായ സർക്കാർ ജീവനക്കാരെക്കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കുകയല്ലേ വേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ വളരെ പ്രസക്തമാണ്. ജനങ്ങളെ നേരിൽ കാണുന്നു എന്നു പറയുമ്പോൾ തന്നെ അതെത്രമാത്രം പ്രായോഗികമാകും, തെരഞ്ഞെടുക്കപ്പെടുന്ന കുറച്ചു പേർക്ക് മന്ത്രിമാരെ കണ്ട് പ്രശ്‌നങ്ങൾ പറയാൻ കഴിയുമായിരിക്കും - അത്ര തന്നെ.
വാസ്തവത്തിൽ കേരളത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ ഇത്രയധികം പണവും ഊർജവും ചെലവഴിച്ച് അവരിലേക്ക് ഇറങ്ങിച്ചെല്ലണോ? കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ മൂന്ന് ആത്മഹത്യകൾ മാത്രം നോക്കിയാൽ പോരേ? സർക്കാർ വാങ്ങിയ നെല്ലിന്റെ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാൽ ആത്മഹത്യ ചെയ്ത ആലപ്പുഴയിലെ പ്രസാദ് എന്ന കർഷകൻ, ലൈഫ് വീടുപണി തീർക്കാനാവാതെ കടം കയറി മരണത്തെ വരിച്ച പത്തനംതിട്ടയിലെ ഗോപി, നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കടഹരജിയെഴുതിവെച്ച് ജീവിതം അവസാനിപ്പിച്ച കണ്ണൂരിലെ കർഷകൻ സുബ്രഹ്മണ്യൻ എന്നിവരുടെ വസതികളിൽ മാത്രം പോയാൽ മതി. സമൂഹത്തിലെ മഹാഭൂരിപക്ഷവും അതിരൂക്ഷമായ സാമ്പത്തിക ബാധ്യതയിൽ ആത്മഹത്യയുടെ വക്കിൽ തന്നെയാണ്. അവരിൽ കർഷകരും കെ.എസ്.ആർ.ടി.സി ജീവനക്കാരും അങ്കണവാടി ടീച്ചർമാരും സ്‌കൂളുകളിലെ പാചകത്തൊഴിലാളികളും  വിവിധ ക്ഷേമപെൻഷൻ വാങ്ങുന്നവരും  ചികിത്സക്കു മാർഗമില്ലാതെ മാറാരോഗങ്ങൾ പിടിപെട്ടവരും വിവിധ മേഖലകളിലെ താൽക്കാലിക ജീവനക്കാരും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ചെറുകിട വ്യാപാരികളും കോൺട്രാക്ടർമാരും സംരംഭകരും അവരുടെ ജീവനക്കാരുമെല്ലാം ഉൾപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേരളീയത്തിന്റെ പേരിലും നവകേരള സദസ്സിന്റെ പേരിലും കോടികൾ ചെലവഴിക്കുന്നതിൽ പ്രതിഷേധമുയരുക സ്വാഭാവികം മാത്രമാണ്. ഹാപ്പിനെസ്സിനെ കുറിച്ചുള്ള വാചാടോപങ്ങൾ കൊണ്ട് മറക്കാവുന്നതല്ല അത്. സണ്ണി കപിക്കാട് ചൂണ്ടിക്കാട്ടിയ പോലെ ഇല്ലാത്തതാണെങ്കിലും ഉണ്ടെന്നു  നടിച്ച് ആഘോഷിക്കുക എന്നത് ഫ്യൂഡലിസത്തിന്റെ ബാക്കിപത്രമാണ്. അതുതന്നെയാണ് ഇവിടെ സംഭവിക്കുന്നത്.  
അതേസമയം സദസ്സിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും മന്ത്രിമാർ പൗരമുഖ്യരെ കാണുമെന്നു പറയുന്നു. അതു കേട്ടാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ? സർക്കാരിന്റെയും അതിനു നേതൃത്വം നൽകുന്ന പാർട്ടിയുടെയും അതിന്റെ നേതാക്കളുടെയും എന്തു പ്രവർത്തിക്കും പ്രഖ്യാപനങ്ങൾക്കും കൈയടിക്കുന്ന പൗരമുഖ്യരെയല്ലേ കാണൂ? കൈയടിക്കുപകരം വിരൽ ചൂണ്ടുന്ന, അപദാനങ്ങൾക്കു പകരം വിമർശനങ്ങൾ ഉന്നയിക്കുന്ന ആരെയെങ്കിലും മന്ത്രിമാർ കാണുമോ? ഇന്നേവരെയുള്ള അനുഭവത്തിൽ ഒരു സാധ്യതയുമില്ല. സത്യത്തിൽ ഈ വിമർശനങ്ങൾക്കുള്ള മറുപടി എൽ.ഡി.എഫ് കൺവീനർ വ്യക്തമായി പറഞ്ഞു. തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള പരിപാടിയാണിതെല്ലാമെന്ന പ്രതിപക്ഷവിമർശന െത്ത കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പ്രതിപക്ഷവും അതല്ലേ ചെയ്യുന്നത്, ഞങ്ങൾക്കും അതായിക്കൂടേ എന്നാണ്. കൂടുതൽ തർക്കിക്കേണ്ട കാര്യമില്ലെന്നർത്ഥം. 
ഇനി കൊട്ടിഘോഷിക്കപ്പെടുന്ന നവകേരളത്തിന്റെ സാംസ്‌കാരിക വശത്തേക്കു വരാം. അപ്പോൾ കാര്യങ്ങൾ കൂടുതൽ പ്രകടമാകും. അടുത്ത ദിവസങ്ങളിലെ കുറച്ചു സംഭവ വികാസങ്ങൾ മാത്രം പരിശോധിച്ചാൽ എന്താണ് ഇവരുദ്ദേശിക്കുന്ന നവകേരളത്തിന്റെ യഥാർത്ഥ മുഖമെന്നു ബോധ്യമാകും. സ്‌കൂൾ യുവജനോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമുണ്ടായ വിവാദങ്ങളിലിടപെട്ട് മന്ത്രി ശിവൻകുട്ടി നടത്തിയ പ്രസ്താവന മറക്കാറായിട്ടില്ലല്ലോ. അടുത്ത വർഷം മുതൽ ഫെസ്റ്റിവലിൽ മാംസാഹാരവും വിളമ്പുമെന്നായിരുന്നു അത്. എന്നാൽ കഴിഞ്ഞ ദിവസം, നവകേരള സദസ്സിനു തൊട്ടുമുമ്പ്,  അദ്ദേഹം മലക്കം മറിഞ്ഞിരിക്കുന്നു. മറ്റൊന്നു കൂടി. താൻ ഇത്തവണയും രംഗത്തുണ്ടാകുമെന്ന് സാക്ഷാൽ പഴയിടവും അടുത്ത ദിവസം പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് നമുക്കിപ്പോഴും ബ്രാഹ്മണൻ ഉണ്ടാക്കിയ സസ്യഭക്ഷണം വേണമെന്നു നിർബന്ധം? ഗുരുവായൂർ ദേവസ്വം അവിടത്തെ പാചകക്കാരനായി നൽകിയ പരസ്യത്തിൽ ബ്രാഹ്മണൻ എന്ന് നിഷ്‌കർഷിച്ചിട്ടു അധിക ദിവസമായില്ല. സർക്കാർ വേതനം നൽകുന്ന ശാന്തിക്കാർ മലയാളി ബ്രാഹ്മണ പുരുഷനാകണമെന്ന നിബന്ധന തിരുത്താൻ ഇന്നോളം ഒന്നും ചെയ്യാതെയാണ് നമ്മൾ നവകേരളത്തെ കുറിച്ച് വാചാലരാകുന്നത്. ഇപ്പോൾ നിലനിൽക്കുന്നത് ജനാധിപത്യസംവിധാനമാണെന്നതു പോലും മനസ്സിലാക്കാതെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട നോട്ടീസും നമ്മൾ കണ്ടല്ലോ. 
നവകേരള സദസ്സിനു തൊട്ടുമുമ്പുനടന്ന കേരളീയ മഹാമഹത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും ഒരു വശത്തും ആദിവാസി വിഭാഗങ്ങളെ മറുവശത്തും എങ്ങനെയാണ് അവതരിപ്പിച്ചത് എന്നതിൽ നിന്നു തന്നെ എന്താണ് ഈ സർക്കാരും കൈയടിക്കാരും വിഭാവനം ചെയ്യുന്ന നവകേരളം എന്നത് വ്യക്തമാണ്. നാഴികക്ക്്് നാൽപതു വട്ടം കേരളത്തിന്റെ നവോത്ഥാനത്തെ കുറിച്ച് വാചാലരാകുകയും ആ നവോത്ഥാനത്തെ രാഷ്ട്രീയ മൂലധനമാക്കി അധികാരത്തിലെത്തുകയും ചെയ്തവർ ഇപ്പോൾ കേരളത്തെയും കൊണ്ടു പിറകോട്ടുള്ള യാത്രയിലാണ്. കേരളീയം ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞത് നവോത്ഥാനത്തിന്റെ 50 വർഷത്തിൽ നമ്മൾ 100 വർഷം നടന്നു എന്നായിരുന്നു. എന്നാൽ ഈ പിറകോട്ടുള്ള യാത്ര അതിനേക്കാൾ വേഗത്തിലാണെന്നതാണ് യാഥാർത്ഥ്യം. തനിക്ക് പൊതുവേദിയിൽ നേരിടേണ്ടിവന്ന അയിത്തത്തെ കുറിച്ച് ഒരു മന്ത്രിക്കു തന്നെ പരാതി പറയേണ്ടി വന്നത്ര വേഗമുണ്ട് ഈ യാത്രക്ക്. വഴി നടക്കാനും മാറുമറക്കാനും വിദ്യാഭ്യാസം നേടാനും ക്ഷേത്രപ്രവേശനത്തിനും സ്വന്തം ദേവനെ പ്രതിഷ്ഠിക്കാനും മിശ്രഭോജനത്തിനുമെല്ലാം നടന്ന നവോത്ഥാന േപാരാട്ടങ്ങളെയെല്ലാം അർത്ഥ രഹിതമാക്കുന്ന രീതിയിലാണോ നമ്മുടെ പിറകോട്ടുള്ള യാത്ര എന്നു സംശയിക്കേണ്ടയിരിക്കുന്നു. 
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു വിഷയം കൂടി പരാമർശിക്കാതെ ഈ കുറിപ്പവസാനിപ്പിക്കാനാവില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നൊന്നായി ജാതി സെൻസസ് നടത്തുമ്പോഴും അതിനോട് മുഖം തിരിച്ചു നിൽക്കുകയാണ് രാഷ്ട്രീയ പ്രബുദ്ധ കേരളം എന്നതാണത്. ഓരോ ജനവിഭാഗങ്ങളുടെയും സാമൂഹ്യ, സാമ്പത്തിക അവസ്ഥ വ്യക്തമാകാനും നടപടികൾ സ്വീകരിക്കാനും  ഏറ്റവും അനിവാര്യമാണ് ജാതി സെൻസസ് എന്നതു വ്യക്തമാണ്. 
എന്നാൽ അത്തരമൊരു നീക്കത്തിനു ഇപ്പോഴും നാം തയാറില്ല. എന്താണതിനു കാരണമെന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേ കാണാനാവൂ. ഏറെ പ്രകീർത്തിക്കപ്പെട്ട നവോത്ഥാന മുന്നേറ്റങ്ങൾക്കു ശേഷം രൂപംകൊണ്ട ഐക്യകേരളത്തിലെ സമസ് തമേഖലകളുടെയും കടിഞ്ഞാൺ സവർണ വിഭാഗങ്ങൾ കൈയടക്കി എന്നതാണത്. അത് രാഷ്ട്രീയ രംഗത്തായാലും സാമൂഹ്യ സാംസ്‌കാരിക രംഗത്തായാലും ഔദ്യോഗിക മേഖലകളിലെ കീ സ്ഥാനങ്ങളിലായാലും അങ്ങനെ തന്നെ. നമ്മുടെ മന്ത്രിസഭയിലെ ഒമ്പതുപേരും നായർ വിഭാഗത്തിൽ നിന്നാണെന്നതു മാത്രം മതിയല്ലോ, കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ. 
അത്തരമൊരു സാഹചര്യത്തിൽ ജാതി സെൻസസ് നടത്താനുള്ള വൈമുഖ്യത്തിന്റെ കാരണത്തെ കുറിച്ച് തല പുകയ്‌ക്കേണ്ടതില്ല. ഇവർ മുന്നോട്ടു വെക്കുന്ന നവകേരളവും എന്തായിരിക്കുമെന്നു വ്യക്തം. അത്് സണ്ണി കപിക്കാട് ചൂണ്ടിക്കാണിച്ച പോലെ ഫ്യൂഡൽ - സവർണ - പുരുഷ കേരളമായിരിക്കുമെന്നുറപ്പ്. അതിനെ സംഘികേരളമെന്നു വിളിക്കുന്നവരെ പോലും കുറ്റപ്പെടുത്താനാവില്ല. 

Latest News