ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമാണ് രാഷ്ട്രീയപാർട്ടികളുടെ നാടുകാണൽ യാത്രകൾ. ജനഹൃദയങ്ങളിൽ സ്ഥാനം നഷ്ടപ്പെടുന്നുവെന്ന സൂചന ലഭിക്കുമ്പോഴാണ് മിക്കപ്പോഴും പാർട്ടികൾ ജനങ്ങൾക്കിടയിലൂടെ യാത്രകൾ നടത്തുന്നത്. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് തോന്നിപ്പിക്കാനുള്ള ഇത്തരം യാത്രകളുടെ പിന്നിൽ ജനം കാണാത്ത പല ഉദ്ദേശ്യങ്ങളുമുണ്ടാകും. സമ്മർദ ഗ്രൂപ്പുകളെ ചേർത്തു നിർത്തൽ, പണപ്പിരിവ് എന്നിവയൊക്കെ ഇത്തരം യാത്രകളുടെ രഹസ്യ അജണ്ടകളിൽ പെടും. പണ്ടുകാലത്ത് ഇത്തരം യാത്രകൾക്ക് സമൂഹത്തിന്റെ ഉന്നതിയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനുള്ള ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് പ്രയോജന വാദത്തിലേക്ക് നീങ്ങി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രം അടയാളപ്പെടുത്തിയ ഒട്ടേറെ യാത്രകളുണ്ട്. സ്വാതന്ത്ര്യലബ്ധിയിലേക്ക് നയിച്ച മഹാത്മജിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡിയാത്ര ലോക ചരിത്രത്തിന്റെ തന്നെ ഏടുകളിൽ ഇടം പിടിച്ചതാണ്. ഒരു രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന ആ യാത്ര,അതിന്റെ മാർഗം കൊണ്ടും ലക്ഷ്യം കൊണ്ടും മഹനീയമായിരുന്നു.
അതിന് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രകൾ നടത്തി. ജനങ്ങളിൽ ഇത്തരം യാത്രകൾ ഉണ്ടാക്കുന്ന സ്വാധീനം തിരിച്ചറിഞ്ഞാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ ബി.ജെ.പി ദുഷ്ടലാക്കോടെ ഒരു യാത്ര സംഘടിപ്പിച്ചത്.
അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രഥയാത്ര, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നെഗറ്റീവായ രാഷ്ട്രീയ പ്രകടനമായിരുന്നു. രാഷ്ട്രീയ യാത്രകളുടെ അതുവരെയുണ്ടായിരുന്ന മഹത്വങ്ങളെയും ഗുണപരതയെയും അട്ടിമറിച്ച്, ഇന്ത്യയിൽ വർഗീയതയുടെ വിത്തുകൾ വിതറിയ രഥയാത്ര അവസാനിച്ചത് രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിച്ചായിരുന്നു.
പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ നടന്നതെല്ലാം സമീപകാല ചരിത്രമാണ്. പ്രതിലോമപരമായ ഒരു രാഷ്ട്രീയത്തെ പടിക്ക് പുറത്താക്കുന്നതിന് ഏറ്റവുമൊടുവിൽ രാജ്യം കണ്ടത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയാണ്.
കേരളവും രാഷ്ട്രീയ യാത്രകളിൽ പിന്നിലല്ല. യു.ഡി.എഫ് ഭരിക്കുമ്പോൾ എൽ.ഡി.എഫ് നേതാക്കൾ യാത്ര നടത്തുകയെന്നത് കേരളത്തിന്റെ രാഷ്ട്രീയ ആചാരങ്ങളിൽ ഒന്നാണ്. തിരിച്ച്, എൽ.ഡി.എഫ് ഭരിക്കുമ്പോൾ യു.ഡി.എഫും യാത്രകളുമായി വരും. തെരഞ്ഞെടുപ്പ് വരുമ്പോൾ വോട്ടുറപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പലപ്പോഴും ഇത്തരം യാത്രകൾ. മിക്ക യാത്രകളും അവസാനിക്കുമ്പോൾ പാർട്ടികൾ വളരുന്നുവെന്നതിനപ്പുറം ജനങ്ങൾക്ക് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാറില്ല. ചില യാത്രകൾ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ മാറ്റിമറിക്കാറുമുണ്ട്.
ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കാസർകോട്ട് നിന്ന് ആരംഭിച്ചിട്ടുള്ള നവകേരള സദസ്സ് എന്ന യാത്ര രാഷ്ട്രീയ യാത്രയാണോ ഔദ്യോഗിക യാത്രയാണോ എന്ന് തിരിച്ചറിയാൻ പോലും പ്രയാസമുള്ള രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പുത്തൻ രൂപത്തിൽ ഡിസൈൻ ചെയ്തിട്ടുള്ള ഈ യാത്രയിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്. സർക്കാർ സംവിധാനം താഴെ തട്ടിലേക്ക് ഇറങ്ങുന്നുവെന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം.
സംവിധാനം സർക്കാരിന്റേതാണെങ്കിലും യാത്ര വിജയിപ്പിക്കാനിറങ്ങിയിരിക്കുന്നത് ഇടതുമുന്നണി പ്രവർത്തകരാണ്. അതായത് പാർട്ടി പ്രവർത്തകരുടെ സംഘാടന വൈഭവത്തിൽ ഒരു സർക്കാർ പദ്ധതിയെ വിജയിപ്പിച്ചെടുക്കാനുള്ള നീക്കം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യാത്ര കേരളത്തിൽ എന്തെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുകയെന്ന ചർച്ചകൾ ഉയരുന്നുണ്ട്. ജനങ്ങൾക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കാണാനുള്ള അസുലഭവും അപൂർവവുമായ അവസരം ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. അതോടൊപ്പം ജനങ്ങളുടെ പരാതികൾക്ക് അടിയന്തര ശ്രദ്ധ കിട്ടുകയും ചെയ്യും. ഇത്തരത്തിൽ സർക്കാർ സംവിധാനത്തെ ജനങ്ങളോട് അടുപ്പിക്കുന്നതിനൊപ്പം ചില രാഷ്ട്രീയ ഗ്രൂപ്പുകളെ പാർട്ടിയുമായി അടുപ്പിക്കുന്നതിനും ഈ യാത്രയും സദസ്സും സഹായിക്കുമെന്നാണ് കരുതേണ്ടത്.
മലബാറിൽ നവകേരള സദസ്സ് ഉണ്ടാക്കാൻ പോകുന്ന രാഷ്ട്രീയ അനുരണനങ്ങൾ എന്തെല്ലാമായിരിക്കുമെന്നതിന്റെ സൂചനകൾ ഇതിനകം തന്നെ കിട്ടിക്കഴിഞ്ഞു. മുസ്‌ലിം മത പുരോഹിതരെ കൂടെ നിർത്തൽ, മുസ്‌ലിം ലീഗുമായുള്ള ബന്ധത്തിലേക്ക് ചൂണ്ടയിടൽ തുടങ്ങിയ രാഷ്ട്രീയ അഭ്യാസങ്ങളും ഈ സർക്കാർ യാത്രയിൽ കാണാനാകും. എല്ലാ നിയോജക മണ്ഡലങ്ങളിലും ജനങ്ങളെ കാണുന്നതിന് മുമ്പ് മുഖ്യമന്ത്രി പ്രദേശത്തെ പ്രധാന ദിവ്യൻമാരെ കാണുന്നുണ്ട്. ഇതിൽ സാംസ്‌കാരിക പ്രവർത്തകരുണ്ടാകും, സാഹിത്യകാരൻമാരുണ്ടാകും, പണക്കാരുണ്ടാകും മതപുരോഹിതരുണ്ടാകും....ചിലപ്പോൾ എതിർ പാർട്ടിയിലെ പ്രാദേശിക നേതാക്കളുമുണ്ടാകും.
മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗമായ എൻ.എ. അബൂബക്കർ കാസർകോട്ട് നടന്ന മുഖ്യമന്ത്രിയുടെ പ്രഭാത സദസ്സിൽ എത്തിയത് എങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നവകേരള സദസ്സിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് പാണക്കാട്ട് നിന്ന് പറഞ്ഞതിന്റെ പിന്നാലെയാണ് അബൂബക്കറിനെ മുഖ്യമന്ത്രിക്കൊപ്പം കണ്ടത്.
താൻ ഈ പരിപാടിയിൽ പങ്കെടുത്തതിൽ രാഷ്ട്രീയം കാണേണ്ടെന്നും പൊതുപ്രവർത്തനത്തിന്റെ ഭാഗമാണിതെന്നുമാണ് അബൂബക്കറിന്റെ വാദം. മുസ്‌ലിം ലീഗിന്റെ തീരുമാനം നിലനിൽക്കുമ്പോൾ അബൂബക്കറിനെ പോലെയുള്ള പ്രാദേശിക നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുത്തത് ലീഗ് നേതാക്കളുടെ അറിവോടെയല്ലേ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന് മുതിർന്ന ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞതിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് അബൂബക്കറിന്റെ നവകേരള സദസ്സിലെ സാന്നിധ്യം ചർച്ചയാകുന്നത്. കേരള ബാങ്കിൽ മുസ്‌ലിം ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. സി.പി.എമ്മിനും ലീഗിനും ഇടയിൽ രഹസ്യമായി ചില കൊടുക്കൽ വാങ്ങലുകൾ തുടങ്ങിയിട്ടുണ്ടെന്നതിന്റെ സൂചനകൾ ഇതെല്ലാം തരുന്നുണ്ട്.
കേരള രാഷ്ട്രീയത്തിലെ പ്രസിദ്ധമായ അടവു നയങ്ങളിലേറെയും മുസ്‌ലിം ലീഗും സി.പി.എമ്മും തമ്മിലുള്ളതാണ്. രണ്ടു മുന്നണികളിൽ നിൽക്കുമ്പോഴും മുന്നണി മാറിയുള്ള രഹസ്യ ബാന്ധവം മലബാറിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ മലബാറിൽ നിന്ന് വീണ്ടുമൊരു അടവു നയത്തിന്റെ മണം പരക്കുന്നുണ്ട്. സി.പി.എമ്മുമായുള്ള ബന്ധത്തെ മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാക്കൾ പരസ്യമായി തള്ളിപ്പറയുമ്പോഴും പ്രാദേശിക തലത്തിൽ സഹകരണത്തിന്റെ പച്ചക്കൊടി കാണിക്കുന്നത് അടവു നയത്തിന്റെ ശൈലിയാണ്.
ഞങ്ങൾക്കൊന്നുമറിയില്ലെന്ന് നേതാക്കൾ പറയുകയും താഴെ തട്ടിൽ ബന്ധം വിളക്കിയെടുക്കുകയും ചെയ്യുകയെന്നതാണ് അടവു നയത്തിന്റെ ഇതുവരെ കണ്ടിട്ടുള്ള ശൈലി. രഹസ്യമാണോ പരസ്യമാക്കുമോ എന്ന് നവകേരള യാത്ര കോഴിക്കോട്, മലപ്പുറം ജില്ലകളിലെത്തുമ്പോൾ കൂടുതൽ ദൃശ്യമായേക്കും.