Sorry, you need to enable JavaScript to visit this website.

അമ്മേ, വിഷമിക്കരുത്, സമയത്ത് ഭക്ഷണം കഴിക്കണം-തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളി

ഉത്തരകാശി(ഉത്തരാഖണ്ഡ്)- അമ്മേ, എന്നെക്കുറിച്ചോർത്ത് വിഷമിക്കരുത്, എനിക്ക് സുഖമാണ്. ദയവു ചെയ്ത് അമ്മയും അച്ഛനും കൃത്യസമയത്ത് ഭക്ഷണം കഴിക്കൂ. ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാൾ അമ്മയോട് വാക്കിടോക്കിയിലൂടെ സംസാരിച്ചു. കഴിഞ്ഞ പത്തുദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ഇതാദ്യമായാണ് ബന്ധുക്കളോട് സംസാരിച്ചത്. ചൊവ്വാഴ്ച രാവിലെ 6 ഇഞ്ച് പൈപ്പ്‌ലൈൻ വഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി റെസ്‌ക്യൂ ടീം ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ ഒരാളായ ജയ്‌ദേവ് ആണ് ബംഗാളി ഭാഷയിൽ അമ്മയോട് ഭക്ഷണം കഴിക്കാൻ പറഞ്ഞത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരോട് ആശങ്കപ്പെടേണ്ടതില്ലെന്നും അവരെ ഉടൻ ഒഴിപ്പിക്കുമെന്നും സൂപ്പർവൈസർ ആവശ്യപ്പെടുന്നതും കേൾക്കാമായിരുന്നു. 
6 ഇഞ്ച് പൈപ്പ് ലൈൻ ഘടിപ്പിച്ചിട്ടുണ്ടെന്നും അത് പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇന്റർനാഷണൽ ടണലിംഗ് ആന്റ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷൻ പ്രസിഡന്റ് അർനോൾഡ് ഡിക്‌സ് പറഞ്ഞു. അമേരിക്കൻ ഓഗർ മെഷീനുകൾ ഉടൻ പ്രവർത്തിച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തുരങ്കത്തിനുള്ളിലേക്ക് എൻഡോസ്‌കോപ്പി ക്യാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. 41 തൊഴിലാളികൾക്ക് തുരങ്കത്തിനുള്ളിൽ നീങ്ങാൻ മതിയായ ഇടമുണ്ടെന്ന് ദൃശ്യങ്ങളിൽ കാണാം. 

നവംബർ 12 ന് സിൽക്യാരയിൽ നിന്ന് ബാർകോട്ടിലേക്കുള്ള തുരങ്കത്തിന്റെ നിർമ്മാണത്തിനിടെയാണ് തകർച്ചയുണ്ടായത്, തുരങ്കത്തിന്റെ സിൽക്യാര ഭാഗത്ത് 60 മീറ്റർ ഭാഗത്ത് ചളി വീണ് 41 തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുന്ന കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കിയ 2 കിലോമീറ്റർ ദൂരത്തിൽ നിർമിച്ച തുരങ്ക ഭാഗത്താണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ടണലിന്റെ ഈ ഭാഗത്ത് വൈദ്യുതിയും വെള്ളവും ലഭ്യമാണ്.
 

Latest News