Sorry, you need to enable JavaScript to visit this website.

ഈജിപ്തിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയത് സൗദി

ജിദ്ദ - കഴിഞ്ഞ കൊല്ലം ജൂലൈ മുതൽ ഈ വർഷം ജൂൺ വരെയുള്ള ഒരു വർഷക്കാലത്ത് ഈജിപ്തിൽ ഏറ്റവുമധികം വിദേശ നിക്ഷേപങ്ങൾ നടത്തിയത് സൗദി അറേബ്യയാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ സൗദി അറേബ്യ 214 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ ഈജിപ്തിൽ നടത്തി. ഒരു വർഷത്തിനിടെ ലോക രാജ്യങ്ങൾ ഈജിപ്തിൽ നടത്തിയ ആകെ നിക്ഷേപത്തിന്റെ 21.3 ശതമാനവും സൗദി അറേബ്യയുടെ സംഭാവനയാണെന്ന് ഈജിപ്ഷ്യൻ സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 
കഴിഞ്ഞ വർഷം ഈജിപ്തിലെ സൗദി നിക്ഷേപങ്ങൾ നാലര ഇരട്ടിയിലേറെ വർധിച്ചു. 2021-2022 സാമ്പത്തിക വർഷത്തിൽ സൗദി അറേബ്യ ഈജിപ്തിൽ 37.9 കോടി ഡോളറിന്റെ നിക്ഷേപങ്ങളാണ് നടത്തിയത്. ജൂലൈ മുതൽ ജൂൺ വരെയാണ് ഈജിപ്തിൽ സാമ്പത്തിക വർഷം കണക്കാക്കുന്നത്. 
കഴിഞ്ഞ വർഷം ഈജിപ്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 12.3 ശതമാനം വർധിച്ച് 1004 കോടി ഡോളറായി. തൊട്ടു മുൻ സാമ്പത്തിക വർഷത്തിൽ ഇത് 894 കോടി ഡോളറായിരുന്നു. വിദേശ നിക്ഷേപങ്ങളിൽ 42.9 ശതമാനം അറബ് രാജ്യങ്ങളുടെ വിഹിതമാണ്. ഇതിന്റെ പകുതി സൗദി അറേബ്യയുടെ സംഭാവനയാണ്. 
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈജിപ്തിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയ രണ്ടാമത്തെ രാജ്യം യു.എ.ഇയാണ്. യു.എ.ഇ 127 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തി. എന്നാൽ തൊട്ടു മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് യു.എ.ഇയുടെ നിക്ഷേപങ്ങൾ 68 ശതമാനം കുറഞ്ഞു. 
മൂന്നാം സ്ഥാനത്തുള്ള ചൈന 74.8 കോടി ഡോളറിന്റെ നിക്ഷേപം നടത്തി. ചൈനയുടെ നിക്ഷേപം 71 ശതമാനം തോതിൽ ഉയർന്നു. നാലാം സ്ഥാനത്തുള്ള നെതർലാന്റ്‌സ് 71.7 കോടി ഡോളറിന്റെയും അഞ്ചാം സ്ഥാനത്തുള്ള ലക്‌സംബർഗ് 70.9 കോടി ഡോളറിന്റെയും ആറാം സ്ഥാനത്തുള്ള അമേരിക്ക 69.1 കോടി ഡോളറിന്റെയും ഏഴാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലാന്റ് 67.6 കോടി ഡോളറിന്റെയും പത്താം സ്ഥാനത്തുള്ള സിങ്കപ്പൂർ 40.2 കോടി ഡോളറിന്റെയും നിക്ഷേപങ്ങളും കഴിഞ്ഞ സാമ്പത്തിക വർഷം ഈജിപ്തിൽ നടത്തി. എട്ടും ഒമ്പതും സ്ഥാനങ്ങളിൽ ഖത്തറും കുവൈത്തുമാണ്. 
ഈജിപ്തിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയ മൂന്നാമത്തെ അറബ് രാജ്യം ഖത്തറും നാലാമത്തെ അറബ് രാജ്യം കുവൈത്തുമാണ്. ഖത്തർ 46.1 കോടി ഡോളറിന്റെയും കുവൈത്ത് 41.1 കോടി ഡോളറിന്റെയും നിക്ഷേപങ്ങൾ നടത്തി. ഖത്തറിന്റെ നിക്ഷേപങ്ങൾ 15 ശതമാനം തോതിൽ വർധിക്കുകയും കുവൈത്തിന്റെ നിക്ഷേപങ്ങൾ 12 ശതമാനം തോതിൽ കുറയുകയും ചെയ്തു. 
അഞ്ചാം സ്ഥാനത്തുള്ള ബഹ്‌റൈൻ 22.9 കോടി ഡോളറിന്റെയും ആറാം സ്ഥാനത്തുള്ള മൊറോക്കൊ 8.2 കോടി ഡോളറിന്റെയും ഏഴാം സ്ഥാനത്തുള്ള ജോർദാൻ 3.3 കോടി ഡോളറിന്റെയും ലിബിയ 1.8 കോടി ഡോളറിന്റെയും തുനീഷ്യ 1.2 കോടി ഡോളറിന്റെയും സുഡാൻ അഞ്ചു ലക്ഷം ഡോളറിന്റെയും നിക്ഷേപങ്ങൾ നടത്തി. 

Tags

Latest News