Sorry, you need to enable JavaScript to visit this website.

ഗാസയിൽ വെടിനിർത്തലിന് ധാരണയാകുന്നു, ബന്ദികളെ മോചിപ്പിക്കും, ഫലസ്തീൻ തടവുകാരെ ഇസ്രായിൽ വിട്ടയക്കും

ഗാസ- ഒന്നരമാസത്തോളമായി തുടരുന്ന ഗാസ യുദ്ധത്തിൽ വെടിനിർത്തൽ കരാറായെന്ന് സൂചന. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ആണ് ഇക്കാര്യം പറഞ്ഞത്. വെടിനിർത്തൽ വന്നാൽ ബന്ദികളാക്കിയ ഡസൻ കണക്കിന് ആളുകളെ ഉടൻ മോചിപ്പിക്കാൻ തന്റെ സംഘത്തിന് കഴിയുമെന്ന പ്രതീക്ഷയും ഇസ്മായിൽ ഹനിയ പങ്കുവെച്ചു. നാലോ അഞ്ചോ ദിവസത്തേക്ക് വെടിനിര്‍ത്തലുണ്ടാകുമെന്നാണ് വിവരം. 'ഞങ്ങൾ ഒരു ഉടമ്പടിയിൽ എത്താനുള്ള ചര്‍ച്ചയുടെ അവസാന ഘട്ടത്തിലാണ്. ഇസ്മായില്‍ ഹനിയയുടെ ഓഫീസ് അയച്ച പ്രസ്താവനയിൽ പറയുന്നു. ഗാസയിൽ കനത്ത ആക്രമണം നടത്തിയിട്ടും ഹമാസ് ബന്ദികളാക്കിയവരെ ഇതേവരെ മോചിപ്പിക്കാൻ ഇസ്രായിലിന് സാധിച്ചിട്ടില്ല. ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിന് പ്രതികാരമായി ഇസ്രായിൽ നിരന്തര ബോംബാക്രമണവും കര ആക്രമണവും നടത്തിയിട്ടും ബന്ദികൾ എവിടെയന്ന് പോലും ഇസ്രായിലിന് വിവരം ലഭിച്ചിട്ടില്ല. ഗാസയിലെ ഹമാസ് സർക്കാരിന്റെ കണക്കനുസരിച്ച്, യുദ്ധത്തിൽ 13,300ലധികം ആളുകൾ കൊല്ലപ്പെട്ടു. ഹമാസ് ബന്ദികളാക്കിയ മുഴുവൻ പേരെയും വിട്ടയക്കില്ല എന്നാണ് സൂചന. ഇതിന് പകരം ഇസ്രായിൽ ജയിലിലുള്ള ഫലസ്തീനികളെയും മോചിപ്പിക്കും. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. 


സമാനതകളില്ലാത്ത കൂട്ടക്കൊല 

ഗാസ/ജറൂസലം -  അൽ ഷിഫ, അൽ ഖുദ്‌സ് ആശുപത്രികൾക്ക് പിന്നാലെ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രി ആക്രമിച്ച് ഇസ്രായിൽ സൈന്യം. 12 പേർ മരിച്ചു. ഗാസയിൽ ഇസ്രായിൽ സിവിലിയന്മാരെ കൊലപ്പെടുത്തുന്നത് സമാനതകളില്ലാത്തതും അഭൂതപൂർവവുമായതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രായിൽ നടത്തിയ ബോംബാക്രമണത്തിൽ ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിനെ ഗുട്ടെറസ് അപലപിച്ചു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിൽനിന്ന് മാറ്റിപ്പാർപ്പിച്ച മാസം തികയാതെ ജനിച്ച 28 കുഞ്ഞുങ്ങളെ അടിയന്തര ചികിത്സക്കായി ഈജിപ്തിലേക്ക് കൊണ്ടുപോയി. നവജാതശിശുക്കൾ വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിലായിരുന്നു. ഇസ്രായിലിന്റെ സൈനിക ആക്രമണത്തിനിടെ മെഡിക്കൽ സൗകര്യങ്ങൾ തകർന്നതും ഇൻകുബേറ്ററുകൾ നിലച്ചതുമാണ് കുഞ്ഞുങ്ങളുടെ ജീവന് വെല്ലുവിളിയായത്.
ഇന്തോനേഷ്യയുടെ ധനസഹായത്തോടെ ഗാസയിൽ പ്രവർത്തിക്കുന്ന ആശുപത്രി ഇസ്രായിൽ ടാങ്കുകൾ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. വെടിവെപ്പിൽ കുറഞ്ഞത് 12 ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 700 രോഗികളും ജീവനക്കാരും ഇസ്രായിലിന്റെ തോക്കിൻമുനയിലാണ്. 
'ടാങ്കുകൾ ഇന്തോനേഷ്യൻ ആശുപത്രി വളയുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. നിർഭാഗ്യവശാൽ, അവിടെയുള്ള ആശയവിനിമയ സൗകര്യം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു'- തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റൽ ഡയറക്ടർ നഹെദ് അബു താമ പറഞ്ഞു. 'ഞങ്ങളുടെ സഹപ്രവർത്തകരുടെയും പരിക്കേറ്റവരുടെയും രോഗികളുടെയും അവിടെ അഭയം പ്രാപിച്ച ആളുകളുടെയും ഗതിയെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്നും ആംബുലൻസുകൾക്കൊന്നും അങ്ങോട്ട് പോകാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ ചികിത്സ കിട്ടാതെ മരിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.
ഇസ്രായിൽ പീരങ്കികൾ അർധരാത്രിയിൽ ശസ്ത്രക്രിയ വിഭാഗത്തെ ലക്ഷ്യമാക്കി വെടിയുതിർക്കാൻ തുടങ്ങി. അവിടെ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് പരിക്കേൽക്കുകയും അഭയം തേടിയ 12 സിവിലിയൻമാർ മരിക്കുകയും ചെയ്തു.     ആശുപത്രി വിട്ടുപോകുന്നവരെ ലക്ഷ്യമിട്ട് ഇസ്രായിൽ സൈന്യം വെടിയുതിർക്കുകയായിരുന്നു.  മൃതദേഹങ്ങൾ ഇപ്പോഴും നിലത്ത് കിടക്കുകയാണെന്നും ആർക്കും അവരെ ഖബറടക്കാൻ കഴിയുന്നില്ലെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
2016 ൽ ഇന്തോനേഷ്യൻ ധനസഹായത്തോടെ സ്ഥാപിച്ച ആശുപത്രിക്ക് നേരെ ഇസ്രായിൽ നടത്തിയ ആക്രമണത്തെ ഇന്തോനേഷ്യ അപലപിച്ചു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുന്ന നടപടിയാണ്. അക്രമം അവസാനിപ്പിക്കാൻ ഇസ്രായിലിനോട് അവർ ആവശ്യപ്പെട്ടു.
വടക്കൻ ഗാസയിൽനിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് ആളുകൾ അഭയം പ്രാപിച്ച റഫയിലെ വീടുകൾക്ക് നേരെ ഇസ്രായിൽ നടത്തിയ രണ്ട് ആക്രമണങ്ങളിൽ കുറഞ്ഞത് 14 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു. 
100,000 ആളുകൾ വസിക്കുന്ന വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിന് സമീപം ഹമാസ് പോരാളികളും ഇസ്രായിൽ സേനയും തമ്മിലുള്ള കനത്ത പോരാട്ടം നടക്കുന്നതായി റിപ്പോർട്ടുണ്ട്. ജബാലിയയിൽ ഇസ്രായിൽ നടത്തിയ ആവർത്തിച്ചുള്ള ബോംബാക്രമണം നൂറുകണക്കിന് സാധാരണക്കാരുടെ ജീവനെടുത്തിരുന്നു. മൂന്ന് ഹമാസ് കമാൻഡർമാരെയും പോരാളികളുടെ ഒരു സ്‌ക്വാഡിനെയും കൊലപ്പെടുത്തിയെന്ന്  വീഡിയോ സഹിതം ഇസ്രായിൽ സൈന്യം പ്രസ്താവന ഇറക്കി. എന്നാൽ എവിടെവെച്ചാണെന്നോ എന്നാണെന്നോ അവർ പറഞ്ഞില്ല.
ഏതാനും ആഴ്ചകൾക്കുള്ളിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് യു.എൻ മേധാവി പറഞ്ഞു. ഞാൻ സെക്രട്ടറി ജനറലായതിന് ശേഷമുള്ള സമാനതകളില്ലാത്ത സിവിലിയൻ കൂട്ടക്കൊലയാണിത്. ഗാസയിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ 5,500 കുട്ടികളടക്കം 13,000 പേർ കൊല്ലപ്പെട്ടതായി ഉപരോധിക്കപ്പെട്ട പ്രദേശത്തെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ 47 ശതമാനവും കുട്ടികളായിരുന്നു. 'ആയിരക്കണക്കിന് കുട്ടികളുടെ ശ്മശാനം' എന്നാണ് യുണിസെഫ് ഗാസ മുനമ്പിനെ വിശേഷിപ്പിച്ചത്. 2019 മുതൽ ലോകമെമ്പാടുമുള്ള മറ്റെല്ലാ സംഘർഷങ്ങളിലും മരിച്ചതിനേക്കാൾ കൂടുതൽ കുട്ടികൾ ഗാസയിൽ ഒറ്റ മാസം കൊണ്ട് കൊല്ലപ്പെട്ടതായി സേവ് ദി ചിൽഡ്രൻ പറയുന്നു.
യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഒരു ഫീൽഡ് ഹോസ്പിറ്റൽ റഫ ക്രോസിംഗിലൂടെ ഗാസ മുനമ്പിലേക്ക് പ്രവേശിച്ചതായി ഒരു ഫലസ്തീൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ജോർദാനിയൻ ആശുപത്രി തെക്കൻ നഗരമായ ഖാൻ യൂനിസിൽ സ്ഥാപിക്കുമെന്ന് ഗാസയിലെ ആശുപത്രികളുടെ ഡയറക്ടർ ജനറൽ മുഹമ്മദ് സഖൗട്ട് പറഞ്ഞു. തുടർച്ചയായ വ്യോമ, പീരങ്കി ആക്രമണങ്ങൾ കാരണം നൂറുകണക്കിന് ആളുകൾക്കാണ് ദിവസവും പരിക്കേൽക്കുന്നത്.
അൽഷിഫ ഹോസ്പിറ്റൽ ഹമാസിന്റെ ആസ്ഥാനമാണെന്ന് ഇസ്രായിൽ ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അത് ഗാസയെ ആക്രമിക്കാനുള്ള എളുപ്പവഴിയായതുകൊണ്ടാണെന്ന് വിദഗ്ധർ പറയുന്നു. സൈനിക ആവശ്യങ്ങൾക്കായി ആശുപത്രികളെ ഉപയോഗിക്കുന്നുണ്ടെന്ന ഇസ്രായിൽ അവകാശവാദം ഹമാസ് ആവർത്തിച്ച് നിഷേധിച്ചു.


 

Latest News