കൊച്ചി - കെ.എസ്.ഇ.ബി മീറ്റർ റീഡർ തസ്തികയിലെ പി.എസ്.സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിയിൽ ആവശ്യപ്പെട്ടു.
മീറ്റർ റീഡർ തസ്തികയിൽ അയോഗ്യരായവരെ ഉൾപ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവർ നൽകിയ ഹരജിയിലാണ് കോടതി വിധി. അയോഗ്യരായവരെ ഉൾപ്പെടുത്തിയുള്ള പി.എസ്.സി ലിസ്റ്റ് റദ്ദാക്കിയ കോടതി, യോഗ്യരായവരെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിൽനിന്നും നിയമനം നടത്താൻ ആവശ്യപ്പെട്ടു.