ഗാസ/ജറൂസലം - ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ച മാസം തികയാതെ ജനിച്ച 28 കുഞ്ഞുങ്ങളെ അടിയന്തര ചികിത്സക്കായി ഈജിപ്തിലേക്ക് കൊണ്ടുപോയി. നവജാതശിശുക്കള്‍ വടക്കന്‍ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയിലായിരുന്നു. ഇസ്രായിലിന്റെ സൈനിക ആക്രമണത്തിനിടെ മെഡിക്കല്‍ സൗകര്യങ്ങള്‍ തകര്‍ന്നതും ഇന്‍കുബേറ്ററുകള്‍ നിലച്ചതുമാണ് കുഞ്ഞുങ്ങളുടെ ജീവന് വെല്ലുവിളിയായത്.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് യു.എന്‍ മേധാവി പറഞ്ഞു. ഞാന്‍ സെക്രട്ടറി ജനറലായതിന് ശേഷമുള്ള സമാനതകളില്ലാത്ത സിവിലിയന്‍ കൂട്ടക്കൊലയാണിത്. ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ 5,500 കുട്ടികളടക്കം 13,000 പേര്‍ കൊല്ലപ്പെട്ടതായി ഉപരോധിക്കപ്പെട്ട പ്രദേശത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ 47 ശതമാനവും കുട്ടികളായിരുന്നു. 'ആയിരക്കണക്കിന് കുട്ടികളുടെ ശ്മശാനം' എന്നാണ് യുണിസെഫ് ഗാസ മുനമ്പിനെ വിശേഷിപ്പിച്ചത്. 2019 മുതല്‍ ലോകമെമ്പാടുമുള്ള മറ്റെല്ലാ സംഘര്‍ഷങ്ങളിലും മരിച്ചതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഗാസയില്‍ ഒറ്റ മാസം കൊണ്ട് കൊല്ലപ്പെട്ടതായി സേവ് ദി ചില്‍ഡ്രന്‍ പറയുന്നു.