Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവി പരിചാരകൻ ആഗാ അബ്ദു അലി അന്തരിച്ചു

ആഗാ അബ്ദു അലി

മദീന - പ്രവാചക പള്ളിയുടെ പരിചരണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ആഗാ അബ്ദു അലി അന്തരിച്ചു. മസ്ജദുന്നബവിയിലെ ആഗകളുടെ കാരണവരായിരുന്നു. ഇന്ന്(തിങ്കൾ) വൈകീട്ട് മഗ്‌രിബ് നമസ്‌കാരാനന്തരം മസ്ജിദുന്നബവിയിൽ വെച്ച് മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മയ്യിത്ത് ജന്നത്തുൽബഖീഅ് ഖബർസ്ഥാനിൽ ഖബറടക്കി. മദീനയിൽ മസ്ജിദുബവിയുടെ പരിചരണ ചുമതലക്ക് ജീവിതം ഉഴിഞ്ഞുവെച്ച, അവശേഷിക്കുന്ന മൂന്നു ആഗകളിൽ ഒരാളായിരുന്നു ആഗാ അബ്ദു അലി. ഇനി രണ്ടു ആഗമാർ കൂടിയാണ് മദീനയിലുള്ളത്. 
ജീവിതം മുഴുവൻ ദൈവീക മാർഗത്തിൽ സമർപ്പിച്ച, കുറ്റിയറ്റുപോയി കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ അവസാന കണ്ണികളിൽ ഒരാളായിരുന്നു ആഗാ അബ്ദു അലി. മസ്ജിദുബവിയിൽ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ തിരുശരീരം അടക്കം ചെയ്ത മുറിയുടെയും റൗദ ശരീഫിന്റെയും പരിചരണ ചുമതല വഹിച്ചിരുന്ന ആഗാ അബ്ദു അലി മൂന്നു വർഷം മുമ്പ് ആഗാ അഹ്മദ് അലി യാസീന്റെ വിയോഗത്തോടെയാണ് പ്രവാചക മസ്ജിദിൽ ആഗകളുടെ കാരണവരായി ചുമതലയേറ്റത്.  
മക്കയിൽ എട്ടു ആഗകളാണുള്ളത്. അലി ഹുസൈൻ ആഗ, സിറാജ് കമാൽ ആഗ, ഇദ്‌രീസ് അബ്ദുല്ല ആഗ, അബ്ദുല്ല അഹ്മദ് മൂസ ആഗ, ഹസൻ ശുകൂറു ആഗ, അഹ്മദ് മുസ്തഫ ആഗ, ഹസൻ മുഹമ്മദ് ആഗ, അലി മുഹമ്മദ് ആഗ എന്നിവരാണിവർ. ഇക്കൂട്ടത്തിൽ പെട്ട അലി ഹുസൈൻ ആഗയാണ് മക്കയിൽ ആഗകളുടെ കാരണവർ. 
മക്കയിലും മദീനയിലും ശേഷിക്കുന്ന ആഗകൾ ഏറെ പ്രായം ചെന്നവരാണ്. കൂട്ടത്തിൽ പെട്ട നിരവധി പേർ മൺമറഞ്ഞുപോയിരിക്കുന്നു. വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി ഹറമിന്റെയും പ്രവാചക പള്ളിയുടെയും പരിചരണത്തിൽ പകരം വെക്കാനില്ലാത്തവരാണ് ആഗകൾ. 
മതാഫ് കഴുകൽ, പ്രാവുകളുടെ കാഷ്ഠങ്ങൾ വൃത്തിയാക്കൽ, വിളക്കുകൾ കത്തിക്കൽ എന്നിവ അടക്കം 42 ജോലികൾ പഴയ കാലത്ത് ഇരു ഹറമുകളിലും ആഗകൾ നിർവഹിച്ചിരുന്നു. നിലവിൽ രാജാവിനെ സ്വീകരിക്കൽ, വിദേശ രാഷ്ട്ര നേതാക്കൾ അടക്കമുള്ള വിശിഷ്ടാതിഥികളെ സ്വീകരിക്കൽ-അവർക്ക് സംസം വിതരണം ചെയ്യൽ, ത്വവാഫിനിടെ സ്ത്രീപുരുഷന്മാരെ വേർതിരിക്കൽ-ബാങ്ക് കൊടുത്ത ശേഷം സ്ത്രീകളെ ത്വവാഫിൽ നിന്ന് വിലക്കൽ എന്നീ കർത്തവ്യങ്ങളാണ് ആഗകൾ വിശുദ്ധ ഹറമിൽ നിർവഹിക്കുന്നത്. പ്രവാചകന്റെ തിരുശരീരം മറവു ചെയ്ത മുറിയുടെ ശുചീകരണ ചുമതലയും രാഷ്ട്രത്തിന്റെ അതിഥികളെ ബാബുസ്സലാം ഗെയ്റ്റിൽ സ്വീകരിച്ച് അനുഗമിക്കലും മസ്ജിദുന്നബവിയിലെ മിമ്പർ (പ്രസംഗപീഠം) ഖതീബുമാർക്ക് തുറന്നുകൊടുക്കലും മറ്റും മസ്ജിദുന്നബവിയിലും ആഗകൾ നിർവഹിക്കുന്നു. 
നിലവിൽ പ്രായാധിക്യം മൂലം പല ആഗകളും ഹറുമുകളിൽ സേവനമനുഷ്ഠിക്കുന്നില്ല. നമസ്‌കാരങ്ങൾ നിർവഹിക്കാൻ മാത്രമാണ് ഇവർ ഹറമുകളിലെത്തുന്നത്. ഹറമിലെയും മസ്ജിദുന്നവിയിലെയും ആഗകൾ അന്യംനിന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ ഗലികളും അപ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു. 

 

Latest News