പനാജി- 54 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് പനാജിയില്‍ വര്‍ണ്ണാഭമായ തുടക്കം. 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂറും കേന്ദ്ര വാര്‍ത്താ വിനിമയ സഹമന്ത്രി എല്‍. മുരുകനും ചേര്‍ന്ന് ദീപം തെളിയിച്ചു നിര്‍വഹിച്ചു. 'വസുധൈവ കുടുംബകം' എന്ന ആശയത്തിലൂന്നിയതാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയെന്ന് അനുരാഗ് ഠാക്കൂര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്വാഗത പ്രസംഗം നടത്തി.
അഭിനേതാക്കളായ മാധുരി ദീക്ഷിത്, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, സണ്ണി ഡിയോള്‍, സാറ അലിഖാന്‍, ഷാഹിദ് കപൂര്‍, നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍, സംഗീത സംവിധായകന്‍ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയ ഘോഷാല്‍, സുഖ്‌വീന്ദര്‍ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹോളിവുഡ് നടനും നിര്‍മാതാവുമായ മൈക്കിള്‍ ഡഗ്ലസിനു സമ്മാനിച്ചു. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നടി മാധുരി ദീക്ഷിതിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. ബ്രിട്ടനില്‍നിന്നുള്ള 'ക്യാച്ചിംഗ് ഡസ്റ്റ്' ആയിരുന്നു ഉദ്ഘാടന ചിത്രം.