ഗുണ്ടാ നേതാവ് മരട് അനീഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധിക്കാന്‍ ശ്രമം

തൃശ്ശൂര്‍- വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള ഗുണ്ടാ നേതാവ് മരട് അനീഷിനെ വധിക്കാന്‍ ശ്രമം. ബ്ലേഡ് ഉപയോഗിച്ച് കഴുത്തിലും തലയിലും ദേഹത്തും മുറിവേല്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ബിനോയിക്ക് മര്‍ദ്ദനമേറ്റു. പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു മരട് അനീഷിനെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കാന്‍ പോകവെയാണ് അനീഷിനുനേരെ ആക്രമണം നടന്നത്. 

അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. 

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനീഷിനെ നവംബര്‍ ഏഴിനാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയായ അനീഷ് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം തുടങ്ങിയവ ഉള്‍പ്പെടെ 45 കേസുകളില്‍ പ്രതിയാണ്.

Latest News