സൗദിയില്‍ കോടതി രേഖകള്‍ ചോര്‍ത്തിയ ഇന്ത്യക്കാരനെ വിചാരണ ചെയ്യുന്നു

റിയാദ്- ഭീകരരെ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിലെ രേഖകള്‍ ചോര്‍ത്തിയ കേസില്‍ കോടതിയില്‍ മെയിന്റനന്‍സ് തൊഴിലാളിയായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനെ വിചാരണ ചെയ്യുന്നു. കോടതി രേഖകളുടെ കോപ്പികളെടുത്ത് കോടതിക്ക് പുറത്തെത്തിക്കല്‍, നിയമ വിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കംപ്യൂട്ടര്‍ സ്റ്റോറേജ് സംവിധാനം കോടതിയിലേക്ക് കടത്തല്‍, കോടതിയുമായി ബന്ധമില്ലാത്തവരുമായി ആശയ വിനിമയം നടത്തുന്നതിന് കോടതി കംപ്യൂട്ടര്‍ ഉപയോഗിക്കല്‍, ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട രേഖകളും അശ്ലീല ചിത്രങ്ങളും ക്ലിപ്പിംഗുകളും രണ്ടു കംപ്യൂട്ടറുകളിലും എക്‌സ്റ്റേണല്‍ കംപ്യൂട്ടര്‍ സ്റ്റോറേജിലും സൂക്ഷിക്കല്‍ എന്നീ ആരോപണങ്ങള്‍ പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉന്നയിച്ചു. കംപ്യൂട്ടര്‍ സ്റ്റോറേജ് സംവിധാനം കോടതിയിലേക്ക് കടത്തുന്നതിനിടെയാണ് ഇന്ത്യക്കാരനെ നേരത്തെ സുരക്ഷാ വകുപ്പുകള്‍ കൈയോടെ അറസ്റ്റ് ചെയ്തത്. രഹസ്യ രേഖകള്‍ ചോര്‍ത്തിയ കേസിലും സൈബര്‍ ക്രൈം നിയമം അനുസരിച്ചും പരമാവധി തടവു ശിക്ഷയും പിഴയും പ്രതിക്ക് വിധിക്കണമെന്നും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടു കടത്തുന്നതിന് ഉത്തരവിടണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

 

Latest News