കാസർകോട്- 200 രൂപയുടെ ഗ്ലാസ് പൊട്ടിച്ചതിന് കേന്ദ്ര സർവകലാശാലയിലെ ദളിത് വിദ്യാർഥി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിസാരമായ കുറ്റത്തിന് പോലീസിൽ സമ്മർദം ചെലുത്തി സർവകലാശാല രജിസ്ട്രാർ കേസെടുപ്പിക്കുകയും അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നുവെന്നാണ് ആക്ഷേപം. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.എസ്.എ)) നേതാവും തെലങ്കാന കമ്മം സ്വദേശിയുമായ പി. നാഗരാജു (26)വിനെയാണ് ബേക്കൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചത്.
അധികൃതരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ദളിത് വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ സുഹൃത്തും ഹോസ്റ്റൽ മേറ്റുമാണ് നാഗരാജു. ഇക്കഴിഞ്ഞ ജൂലൈ ഏഴിന് സർവകലാശാലക്കകത്തുള്ള ഫയർ ബോക്സിന്റെ ഗ്ലാസ് പൊട്ടിച്ചു എന്നാണ് വിദ്യാർഥിക്കെതിരെയുള്ള കുറ്റം. അടുത്തിടെയാണ് നാഗരാജുവിന്റെ മാതാവ് മരണപ്പെട്ടത്. തുടർന്ന് രാജു ഇടക്കിടെ മാനസിക വിഭ്രാന്തി കാണിച്ചിരുന്നു. ഇതിനിടയിലാണ് കൈ കൊണ്ടിടിച്ച് ഗ്ലാസ് പൊട്ടിച്ചതെന്ന് സഹപാഠികൾ പറയുന്നു. ഇതുസംബന്ധിച്ച് സർവകലാശാല അധികൃതർ വിശദീകരണം ചോദിച്ചപ്പോൾ നാഗരാജു കുറ്റം സമ്മതിക്കുകയും ഇതിന്റെ നഷ്ടപരിഹാരം നൽകാമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും അധികൃതർ വഴങ്ങിയില്ല.
നഷ്ടപരിഹാരം നാഗരാജുവിന്റെ കോഷൻ ഡെപ്പോസിറ്റിൽനിന്നു ഈടാക്കി പ്രശ്നം പരിഹരിക്കാമായിരുന്നുവെങ്കിലും വിദ്യാർഥിക്കെതിരെ സർവകലാശാല അധികൃതർ ബേക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. നിസാര സംഭവമായതിനാൽ പോലീസ് ആദ്യം കേസെടുക്കാൻ തയാറായിരുന്നില്ല. പരാതി നൽകിയിട്ടും കേസെടുക്കാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുക്കാൻ നിർബന്ധിതരായത്. പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ല വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞ ശേഷം വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കാറിലെത്തിയ മഫ്ടി പോലീസ് ക്യാമ്പസിൽ കയറി നാഗരാജുവിനെ അറസ്റ്റ് ചെയ്തത്. സർവകലാശാലയിലെ ഭാഷാ ഗവേഷണ വിദ്യാർഥിയാണ് നാഗരാജു.
മൂന്ന് വർഷത്തെ ഗവേഷണത്തിന് ശേഷം ഗവേഷണ പ്രബന്ധം തയാറാക്കുന്ന തിരക്കിനിടയിലാണ് നാഗരാജുവിനെ പോലീസിൽ സമ്മർദം ചെലുത്തി അറസ്റ്റ് ചെയ്യിപ്പിച്ചത്. വൈകിട്ടോടെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോൾ 1500 രൂപ അടച്ച് ജാമ്യം നൽകാൻ കോടതി നിർദേശിച്ചുവെങ്കിലും സർക്കാർ അഭിഭാഷകനായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അവധിയായതിനാൽ പണമടക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല. തുടർന്നാണ് നാഗരാജുവിനെ റിമാൻഡ് ചെയ്ത് ജയിലിലടച്ചത്.
രണ്ടാം ശനിയും ഞായറാഴ്ചയുമായതിനാൽ തിങ്കളാഴ്ച മാത്രമേ പണടമച്ച് പുറത്തിറങ്ങാൻ കഴിയുകയുള്ളൂ. യൂണിവേഴ്സിറ്റിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ നിസാര സംഭവത്തിന് നാഗരാജുവിനെതിരെ പകപോക്കുകയായിരുന്നുവെന്നാണ് അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നത്. ക്യാമ്പസിനകത്ത് തന്നെ തീർക്കാവുന്ന ഒരു സംഭവത്തെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചതിനെതിരെ അധ്യാപകർക്കിടയിലും വിദ്യാർഥികൾക്കിടയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.