Sorry, you need to enable JavaScript to visit this website.

ഓഹരി ഇൻഡക്‌സുകൾ മൂന്നാം വാരവും കുതിപ്പിൽ

ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ ഒന്നര ശതമാനം കുതിപ്പിലൂടെ തുടർച്ചയായ മൂന്നാം വാരവും നേട്ടം സ്വന്തമാക്കി. മുൻനിര സൂചികകൾ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന തലം ദർശിച്ചത് ഹെവിവെയിറ്റ് ഓഹരികളെ ആകർഷകമാക്കി. സെൻസെക്‌സ് 890 പോയന്റും നിഫ്റ്റി 306 പോയന്റും പ്രതിവാര മികവിലാണ്. 
ബി എസ് ഇ സ്‌മോൾക്യാപ്, മിഡ്ക്യാപ്, ലാർജ് ക്യാപ് സൂചികയും മുന്നേറി. വിപണി തുടർച്ചയായ മൂന്നാം വാരത്തിലും നേട്ടം നിലനിർത്തിയത് പ്രദേശിക നിക്ഷേപകരെ വാങ്ങലുകാരാക്കി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരായി തുടരുമ്പോൾ വിദേശ ഓപറേറ്റർമാർ പല അവസരത്തിലും വിൽപനയ്ക്ക് ഉത്സാഹിച്ചു.  
മൂന്നാം വാരത്തിലേയ്ക്ക് നീണ്ട ബുൾ റാലിയിൽ സെൻസെക്‌സ് ഇതിനകം 1990 പോയന്റ് മുന്നേറി. പിന്നിട്ടവാരം 65,322 വ്യാപാരം അവസാനിച്ച സെൻസെക്‌സ് 66,324 വരെ കയറിയ ശേഷം ക്ലോസിങിൽ 65,794 ലാണ്. വിപണിക്ക് 66,458  67,122 ൽ പ്രതിരോധവും 64,996  64,198 താങ്ങും ഈ വാരം പ്രതീക്ഷിക്കാം. 
ഞായറാഴ്ച നടന്ന ദീപാവലി മുഹൂർത്ത കച്ചവടത്തിൽ 100 പോയന്റ് ഉയർന്ന ശേഷം പിന്നിട്ട വാരം 206 പോയന്റ് നിഫ്റ്റി ഉയർന്നത് കണക്കിലെടുത്താൽ ഉറ്റുനോക്കുന്നത് 20,554 പോയന്റിനെയാണ്. വാരാന്ത്യം നിഫ്റ്റി 19,731 ലാണ്. മുകളിൽ സൂചിപ്പിച്ച റേഞ്ചിലേയ്ക്ക് പുതുവർഷത്തിൽ പ്രവേശിക്കും മുന്നേ പല കടമ്പകൾ മറികടക്കാനുണ്ട്. ഈ വാരം 19,921  20,112 ൽ തടസ്സം നേരിടാം. ആ നിലയ്ക്ക് പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഫണ്ടുകൾ നീക്കം നടത്താം, ഇത് മുന്നിൽ കണ്ട് ഊഹക്കച്ചവടക്കാർ ലാഭമെടുപ്പിനും തുനിയാം. വിപണി തിരുത്തലിന് മുതിർന്നാൽ 19,479  19,228 ൽ ശക്തമായ താങ്ങുണ്ട്. 
നവംബർ നിഫ്റ്റി ഫ്യൂച്ചേഴ്‌സ് 19,807 പോയന്റിലാണ്. റെഡിയെ അപേക്ഷിച്ച് 76 പോയന്റ് മുകളിൽ. ഇതിനിടയിൽ ഫ്യൂച്ചർ ഓപൺ ഇന്ററസ് നവംബർ പത്തിലെ 123.9 ലക്ഷം കരാറുകളിൽ നിന്ന് വാരാന്ത്യം 125.4 ലക്ഷമായി ഉയർന്നു. സാങ്കേതികമായി വീക്ഷിച്ചാൽ ഫ്യൂച്ചേഴ്‌സ് ചാർട്ട് ബുള്ളിഷായതിനാൽ 20,000 ലേയ്ക്ക് പ്രവേശിക്കാമെങ്കിലും അതിന് മുകളിൽ ഇടം കണ്ടത്താൻ ക്ലേശിക്കും.  കയറ്റുമതി അധിഷ്ഠിത മേഖലകളായ ഐ ടി, ഫാർമ എന്നിവയിൽ ആത്മവിശ്വാസം ഉയർന്നു. ഓട്ടോ, റിയൽ എസ്‌റ്റേറ്റ് മേഖലകൾക്ക് ഉത്സവ സീസണിൽ അനുകൂലമായി. സുരക്ഷിതമല്ലാത്ത വായ്പകൾക്ക് മേൽ റിസർവ് ബാങ്ക് നീക്കം നടത്തുമെന്ന സൂചന ബാങ്കിംഗ് ഓഹരികളെ തളർത്തി. 
മുൻനിര ടെക് ഓഹരികളിൽ വൻ കുതിച്ചുചാട്ടം. റ്റി സി എസ് അഞ്ച് ശതമാനം മികവിൽ 3502 രൂപയായി ഉയർന്നപ്പോൾ അഞ്ച് ശതമാനം നേട്ടവുമായി ടെക് മഹീന്ദ്രയും ഇൻഫോസീസ് ടെക്‌നോളജിയും മികവ് കാണിച്ചു. എച്ച് സി എൽ ടെക്, വിപ്രോ ഓഹരികളിലും നിക്ഷേപകർ പിടിമുറുക്കി. ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, എം ആന്റ് എം, മാരുതി, എൽ ആന്റ് റ്റി, ആർ ഐ എൽ, എച്ച് യു എൽ, എയർടെൽ, സൺ ഫാർമ്മ, എച്ച് ഡി എഫ് സി, ഐ റ്റി സി ഓഹരികളും കരുത്ത് നേടി. 
രൂപയുടെ മൂല്യം 83.29 ൽ നിന്നും ഒരു വേള 82.87 ലേയ്ക്ക് കരുത്ത് നേടിയെങ്കിലും വ്യാപാരാന്ത്യം വിനിമയ നിരക്ക് 83.24 ലാണ്.  വിദേശ ഫണ്ടുകൾ 1722 കോടി രൂപയുടെ വിൽപനയും 1507 കോടി രൂപയുടെ നിക്ഷേപവും നടത്തി. ഈ വർഷം അവർ മൊത്തം 97,404 കോടി രൂപ നിക്ഷേപിച്ചു. 
ആഗോള സ്വർണത്തിൽ വീണ്ടും ബുൾ റാലി. ട്രോയ് ഔൺസിന് 1938 ഡോളറിൽ നിന്നും 1924 ലെ സപ്പോർട്ട് തകർത്ത് 1915 ലേയ്ക്ക് ഇടിഞ്ഞ അവസരത്തിലാണ് ബുൾ ഓപറേറ്റർമാർ വിപണിയിൽ പ്രവേശിച്ചത്. ഇതിനിടയിൽ ഡോളർ സൂചികയിലെ തളർച്ചയും നിക്ഷപകരെ ആകർഷിച്ചതോടെ 1994 വരെ മുന്നേറിയ സ്വർണം ക്ലോസിങിൽ 1981 ഡോളറിലാണ്.

   

Latest News