Sorry, you need to enable JavaScript to visit this website.

ലീഗിന്റെ മനസ്സ് എൽ.ഡി.എഫിനും ശരീരം യു.ഡി.എഫിനും ഒപ്പം; നവകേരള സദസ്സിൽ കോൺഗ്രസ് നേതാക്കളെത്തുമെന്ന് എ.കെ ബാലൻ

പാലക്കാട് - കോൺഗ്രസിനൊപ്പം അധികനാൾ നിൽക്കാൻ മുസ്‌ലിം ലീഗിനാവില്ലെന്നും ഫലസ്തീൻ വിഷയത്തിലടക്കം അവരിൽ പലരുടെയും മനസ് എൽ.ഡി.എഫിന്റെയും ശരീരം യു.ഡി.എഫിന്റെയും കൂടെയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലൻ അഭിപ്രായപ്പെട്ടു.
 ഞങ്ങൾ ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. അവർ യു.ഡി.എഫിൽ നിന്ന് മാറാനും തീരുമാനിച്ചിട്ടില്ല. എന്നാൽ, ഇന്നത്തെ സമീപനം വെച്ച് മുസ്‌ലിം ലീഗിന് അവരുമായി അധികകാലം ചേർന്നു പോകാൻ സാധിക്കില്ലെന്നുറപ്പാണ്.
 നവകേരള സദസ് പാലക്കാട് എത്തുമ്പോൾ യു.ഡി.എഫിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥുൾപ്പെടെയുള്ളവർ നവകേരള സദസിൽ പങ്കെടുക്കും. യു.ഡി.എഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് 50,000 രൂപ നവകേരള സദസിനായി നൽകിതയായും ബാലൻ അറിയിച്ചു. 
പാലക്കാട് ജില്ല ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ സ്വീകരണമാവും നവകേരള സദസിന് ലഭിക്കുക. കേരളത്തിലെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ് എ.വി ഗോപിനാഥ്. അദ്ദേഹം പരിപാടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വേദി ലീഗ് നേതാവ് എൻ.എ അബൂബക്കർ ഹാജി പങ്കിട്ടതും അബ്ദുൽ ഹമീദ് കേരള ബാങ്കിന്റെ ഡയറക്ടറായതുമൊക്കെ നാം കണ്ടു കഴിഞ്ഞു. ഫലസ്തീൻ വിഷയത്തിൽ മനസ് ഇടതിന്റെയും ശരീരം യു.ഡി.എഫിന്റെയും കൂടെയാണെന്നാണ് ലീഗ് നേതാക്കൾ പൊതുസമൂഹത്തോട് പറഞ്ഞത്. കേരളീയം പരിപാടിയിൽ യു.ഡി.എഫിലെയും ബി.ജെ.പിയിലെയും അണികൾ ഒഴുകിയെത്തി. ഇത് സൂചിപ്പിക്കുന്നത് കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിലെ ജനതയും യു.ഡി.എഫിലെ ചില നേതാക്കളും എൽ.ഡി.എഫിനൊപ്പം നിൽക്കുന്നുവെന്നാണെന്നും എ.കെ ബാലൻ അവകാശപ്പെട്ടു.

Latest News