Sorry, you need to enable JavaScript to visit this website.

കണക്കു ചോദിക്കാതെ കടന്നുപോകാൻ ഇസ്രായിലിനെ അനുവദിക്കരുത് - തുർക്കി അൽഫൈസൽ

ജിദ്ദ - ഇസ്രായിലിനുള്ള അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും നിരന്തര പിന്തുണ കാരണം അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും നടത്തിയ സമാധാന ശ്രമങ്ങൾ പാഴ്‌വേലയായി മാറിയതായി സൗദി രഹസ്യാന്വേഷണ ഏജൻസി മുൻ തലവനും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. മനാമ ഡയലോഗിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തുർക്കിgG അൽഫൈസൽ രാജകുമാരൻ. ആശയങ്ങൾ, പ്രസ്താവനകൾ, പ്രഖ്യാപനങ്ങൾ, സമാധാന സംരംഭങ്ങൾ, യു.എൻ രക്ഷാ സമിതി പ്രമേയങ്ങൾ, ജനറൽ അസംബ്ലി പ്രമേയങ്ങൾ എന്നിവക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. പക്ഷേ, അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും നിരന്തരമായ പിന്തുണ കാരണം അവയെല്ലാം ഇസ്രായിൽ തട്ടിമാറ്റി. അങ്ങിനെ എല്ലാ സംരംഭങ്ങളും വെറുതെയായി. പശ്ചിമേഷ്യയിൽ സമാധാനം ഇപ്പോഴും ഒരു വിദൂര ലക്ഷ്യമായി തുടരുന്നു. 
ഈ വർഷം ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം കാരണം ആരംഭിച്ചതല്ല പശ്ചിമേഷ്യൻ സംഘർഷം. ദീർഘ കാലത്തെ ആക്രമണ ചരിത്രമാണ് ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. ഇതിൽ ഭൂരിഭാഗവും ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങളായിരുന്നു. ഗാസയിലെ വംശഹത്യക്ക് തുല്യമായ, ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുടെ അകമ്പടിയോടെയുള്ള ഈ ഇസ്രായിലി ആക്രമണം തടയുന്നതിൽ ലോകം പരാജയപ്പെട്ടിരിക്കുന്നു. 
ഒക്‌ടോബർ ഏഴിന് ഇസ്രായിലിൽ സാധാരണക്കാർക്കു നേരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തെ അപലപിക്കുന്നു. എന്നാൽ ഗാസയിൽ മാത്രമല്ല, വെസ്റ്റ് ബാങ്കിലും സാധാരണക്കാരായ ഫലസ്തീനികൾക്കു നേരെ ഇസ്രായിൽ നടത്തുന്ന മൃഗീയമായ ആക്രമണത്തെ കൂടുതൽ ശക്തമായി അപലപിക്കേണ്ടതുണ്ട്. ഈ സംഘർഷത്തിന്റെ മൂലകാരണങ്ങൾ കൈകാര്യം ചെയ്യുന്ന നിലക്ക് ഫലസ്തീൻ പ്രശ്‌നത്തിന് ന്യായമായ പരിഹാരം കണ്ടെത്താനുള്ള ഒരു വഴിത്തിരിവാണ് ഇപ്പോഴത്തെ യുദ്ധം. 
ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രായിലിന്റെ ഭീഷണി ഈ ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള മേഖലയിലെ മറ്റു രാജ്യങ്ങളോടുള്ള തുറന്ന ക്ഷണമാണ്. ഇസ്രായിലിന്റെ ഭാഗത്തു നിന്നുള്ള ഈ കൂസലില്ലായ്മ നാം കണക്കിലെടുക്കണം. കണക്കു ചോദിക്കാതെ കടന്നുപോകാൻ ഇസ്രായിലിനെ അനുവദിക്കരുതെന്നും തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.
 

Latest News