Sorry, you need to enable JavaScript to visit this website.

നിലപാടിലെ ഇരട്ടത്താപ്പിൽ നിന്ന് നിലപാടില്ലായ്മയിലേക്ക്

നൂറ്റാണ്ടുകളായി വൻകിട യൂറോപ്യൻ രാഷ്ട്രങ്ങൾ ചെറുരാജ്യങ്ങളെ തങ്ങളുടെ കോളണികളാക്കി അവയുടെ സമ്പത്തുക്കളത്രയും കൊള്ളയടിച്ചു പോകുന്നതിന് ചരിത്രം സാക്ഷിയായിട്ടുണ്ട്. മറ്റുള്ള കൊച്ചുരാജ്യങ്ങളെ ചെറുതാക്കുകയും അവിടങ്ങളിലെ മനുഷ്യരെ നിസ്സാരന്മാരായി കാണുകയും ക്രമേണ അവർക്കുമേൽ അധീശത്വം സ്ഥാപിക്കുകയും ചെയ്യുകയെന്നതാണ് കൊളോണിയൽ ശക്തികളുടെ നയം. യൂറോപ്പിലെ കോളണി വാഴ്ചക്കാർ ഏഷ്യയിലും ആഫ്രിക്കയിലും വ്യാപകമായ തോതിൽ ഈ സംഘടിത കൊള്ള നടത്തിയതിനെക്കുറിച്ചാണ് ചരിത്രകാരന്മാർ സത്യസന്ധമായി രേഖപ്പെടുത്തിവെച്ചിട്ടുള്ളത്.
ഇതൊക്കെ പണ്ട് നടന്നതല്ലേ എന്ന ഒരു ന്യായവും നമുക്കിപ്പോൾ കേൾക്കാനാവും. പക്ഷേ അന്യായമായ ഈ അധികാരവും അധീശത്വവും സ്ഥാപിക്കലിന്റെ പേരിൽ ഏതെങ്കിലും കൊളോണിയൽ ശക്തികൾ ഇന്നോളം അതേക്കുറിച്ച് പശ്ചാത്തപിച്ചതായി കേട്ടിട്ടുണ്ടോ? അവരിലാരെങ്കിലും ഈ അനീതിയുടെ ഇരകളോട് മാപ്പിരന്നതായി വായിച്ചിട്ടുണ്ടോ? വാസ്തവത്തിൽ ഈ കൊളോണിയൽ അധീശത്വത്തിന്റെ അനന്തരഫലങ്ങളായ മഹാദുരന്തങ്ങൾ പല രാജ്യങ്ങളും അവിടത്തെ ജനതയും ഇന്നും അനുഭവിക്കുന്നു. വിശേഷിച്ചും ഭരണാധിപന്മാരായ രാഷ്ട്രീയക്കാരുടെ അധികാരത്തിന്റെ ഇരകളായി മാറുന്നവരാണവർ.
ഭൂരിപക്ഷം നേതാക്കളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ഇക്കാര്യങ്ങളിലൊക്കെ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ലജ്ജാകരമാണ്. അടിസ്ഥാനപരമായി അവരുടെ രാഷ്ട്രീയ - ബിസിനസ് താൽപര്യങ്ങളാണ് ഈ പ്രതിഭാസങ്ങളിലൊക്കെ പ്രതിഫലിച്ചു നിൽക്കുന്നത്. 
ഗാസയിലെ ഇപ്പോഴത്തെ സംഘർഷങ്ങളിലും ഈ പറഞ്ഞ ദയനീയമായ ദുരന്ത ചിത്രങ്ങളാണ് ഓരോ ദിവസവും ആധുനിക ലോകത്തിന് കാണാൻ സാധിക്കുന്നത്. മാനവികതക്ക് തെല്ലുപോലും വില കൽപിക്കാത്ത അങ്ങേയറ്റത്തെ മനഷ്യത്വ വിരുദ്ധതയാണ് ഗാസയിൽ കൊടികുത്തി വാഴുന്നത്.
സ്വയം പ്രതിരോധമെന്ന പേരിൽ ആശുപത്രിക്ക് മീതെ പോലും ബോംബിട്ട് നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വയോധികരെയും പൗരന്മാരെയും കൊന്നൊടുക്കുന്നതിലൂടെ, അപമാനകരവും അപലപനീയവുമെന്ന് പറയട്ടെ, വമ്പിച്ച തോതിലുള്ള അഴിമതിയുടെ ചിത്രവും ഇസ്രായിലിന്റെ കടന്നാക്രമണത്തിലൂടെ അനാവൃതമാക്കപ്പെടുന്നുണ്ട്. 
അതിശക്തമായ മാധ്യമ ശൃംഖലയെയും സമൂഹ മാധ്യമ ശ്രേണികളെയും കൂട്ടുപിടിച്ച് പടിഞ്ഞാറൻ നാടുകളിലെ ജനങ്ങളെയും മറ്റുള്ള പൗരന്മാരെയുമെല്ലാം യുദ്ധത്തിനെ

തിരായ അവരുടെ ചിന്തകളെ വഴി തിരിച്ചുവിടാനുള്ള അവാസ്തവമായ പ്രചാരണ കാമ്പയിനുകളാണ് പടിഞ്ഞാറൻ ധനാഢ്യലോബി നടത്തിപ്പോരുന്നത്. അവരെ തുണയ്ക്കുന്ന ഗവൺമെന്റുകളുടെ പിൻബലത്തോടെ നടന്നുവരുന്ന വലിയ കുറ്റകൃത്യങ്ങൾ കുറേശ്ശെയാണെങ്കിലും സ്വയംബോധ്യപ്പെടുന്നവരുമുണ്ട്. ജനകീയ നീക്കങ്ങളിലൂടെ അവരതിനെ എതിർക്കുന്നുമുണ്ട്. ഈയിടെയായി പല നഗരങ്ങളിലെയും പൊതുജീവിത രംഗങ്ങളിൽ ഈ എതിർപ്പിന്റെ സ്വരം കേൾക്കാം. പ്രതിഷേധത്തിന്റെ പ്രകടമായ ബഹിർസ്ഫുരണമാണ് അമേരിക്കയിലും മറ്റും ഈയിടെയായി കണ്ടുവരുന്ന ഗവൺമെന്റ് വിരുദ്ധ - യുദ്ധവിരുദ്ധ പ്രകടനങ്ങൾ. ഉവ്വ്, അമേരിക്കയിലാകെ യുദ്ധങ്ങൾക്കെതിരായ അമർഷം വിയറ്റ്‌നാമിന്റെ കാര്യത്തിലായാലും ഇറാഖിന്റെ കാര്യത്തിലായാലും മുമ്പ് കണ്ടതാണ്. അതുപോലെ ഗാസയിലെ യുദ്ധത്തിനെതിരേയും ജ്വലിക്കുന്ന പ്രതിഷേധാഗ്നി ആളിപ്പടരുന്നതാണ് അമേരിക്കയിലും മറ്റു ലോകരാജ്യങ്ങളിലും നമുക്ക് കാണാൻ കഴിയുന്നത്. തങ്ങൾ നൽകുന്ന നികുതിപ്പണമുപയോഗിച്ച് ആയുധങ്ങൾ നിർമിക്കുന്നതിനും ആയുധങ്ങൾ വിൽക്കുകയോ വാങ്ങിക്കൂട്ടുകയോ ചെയ്യുന്നതിനുമുള്ള നയത്തിനെതിരേയും ആ രാജ്യങ്ങളിലെ പൗരന്മാർ പ്രതിഷേധമുയർത്തുന്നു. അത് പലയിടങ്ങളിലും നികുതി നിഷേധ പ്രസ്ഥാനമായി വളരുകയും ചെയ്യുന്നതാണ് കാണുന്നത്. എനിക്ക് തോന്നുന്നു, ഇത്തരത്തിലുള്ള നികുതി നിഷേധം പടിഞ്ഞാറൻ ലോകത്തിലെ ആദ്യ സംഭവമാണെന്ന്.
ഇത്തരം എതിർപ്പുകളും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുമെല്ലാം ഒരു വശത്ത് സജീവമാകുമ്പോഴും ചില നേതാക്കളും രാഷ്ട്രീയ പ്രവർത്തകരും ഇസ്രായിലിനെ അന്ധമായി പിന്തുണക്കുന്നു. ബ്രിട്ടീഷ് പാർലമെന്റിൽ ഭൂരിപക്ഷം എം.പിമാരും ഗാസയിലെ വെടിനിർത്തലിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇസ്രായിലിന്റെ സ്ഥായിയായ അസ്തിത്വത്തിന് അനുഗുണമായ രീതിയിൽ പൗരത്വാനുമതിക്കായുള്ള ബില്ല് നിയമമാക്കുന്ന തിരക്കിലാണ് ജർമൻ നേതൃത്വം. ഫ്രീവേൾഡ് അഥവാ സ്വതന്ത്ര ലോകം എന്ന് സ്വയം കൊട്ടിഘോഷിക്കുന്നവരാകട്ടെ, അതാത് ഗവൺമെന്റുകൾ അനുവദിച്ചുപോരുന്ന പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ മൗനമായി അനുകൂലിക്കുമ്പോൾ മറുവശത്ത് ഈ ഭരണകൂടങ്ങളൊക്കെ അവരുടെ നിലവിലെ സ്റ്റാറ്റസ്‌കോ തുടരുകയും വിദേശ നയം അതേപോലെ പിന്തുടരുകയും ചെയ്യട്ടെ എന്ന ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നതാണ് വിചിത്രം. 
പ്രധാനമന്ത്രിമാർക്കും പ്രസിഡന്റുമാർക്കുമെതിരെ ഇത്തരം എത്രയെത്ര പ്രതിഷേധങ്ങൾ കണ്ടു? പക്ഷേ അതേസമയം, നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരുടെ കൂട്ടഹത്യക്ക് കാരണക്കാരായ ഈ യുദ്ധക്കൊതിയന്മാർ പലപ്പോഴും പലയിടങ്ങളിലും 'ആദരിക്കപ്പെടുകയും' ചെയ്യുന്നു! എന്തൊരു വിരോധാഭാസം? എവിടെയും ഇരട്ടത്താപ്പ്, അല്ലെങ്കിൽ ഒരു നിലപാടുമില്ലാത്ത നട്ടെല്ലില്ലാനയം. ഇതൊക്കെ വ്യവസ്ഥാപിതമായ ജനാധിപത്യത്തിന്റെ രൂപപരിണാമങ്ങളെ അന്തിമമായ അർഥത്തിൽ തീർത്തും പ്രതികൂലമായാണ് ബാധിക്കുകയെന്നത് കണക്ക് സഹിതം കാലം പറഞ്ഞുതരും.

Latest News