സുൽത്താൻ ബത്തേരി (വയനാട്) - മുന്നണി മാറ്റത്തിന് ബാങ്കിന്റെ വാതിൽപടി കടക്കേണ്ട കാര്യം മുസ്‌ലിം ലീഗിനില്ലെന്നും യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒരിഞ്ച് വഴിമാറാൻ പാർട്ടിക്കാവില്ലെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മുന്നണി മാറ്റത്തിന് ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. യു.ഡി.എഫിൽ ഉറച്ചുനിൽക്കാൻ ലീഗിന് ആയിരം ഇരട്ടി കാരണങ്ങളുണ്ടെന്നും സുൽത്താൻ ബത്തേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ പി അബ്ദുൽഹമീദ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതോടെ ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന് വൻ വിമർശം പാർട്ടി കേന്ദ്രങ്ങളിൽനിന്നടക്കം ഉയർന്നതോടെയാണ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ അടക്കം രൂക്ഷമായ വിമർശം ഉയർന്നതോടെ അബ്ദുൽഹമീദിനെ കേരള ബാങ്ക് ഡയരക്ടറാക്കിയത് സാദിഖലി തങ്ങളുടെ അനുവാദത്തോടെയാണെന്ന് പാർട്ടി ജനറൽസെക്രട്ടറി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പാർട്ടി ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് സാദിഖലി തങ്ങളുടെ പ്രഖ്യാപനം.