കണ്ണൂർ - പിണറായി സർക്കാരിന്റെ നവകേരള സദസിന്റെ പ്രചാരണ ബോർഡിൽ മൂന്ന് മന്ത്രിമാർ ഔട്ട്. മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതുതായി മന്ത്രിയാകേണ്ട കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് വിചിത്ര സംഭവം.
പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, എൻ.സി.പി നേതാവും വനം മന്ത്രിയുമായ എ.കെ ശശീന്ദ്രൻ എന്നിവരുടെ ഫോട്ടോയാണ് പ്രചാരണ ബോർഡിൽ നിന്ന് ഒഴിവാക്കിയത്.
ബോർഡ് അച്ചടിച്ചവർക്ക് സംഭവിച്ച പിഴവാണ് ഇതിന് കാരണമെന്നാണ് എം.എൽ.എ ഓഫീസിന്റെ വിശദീകരണം. നൂറിലധികം ബോർഡുകളാണ് മൂന്ന് മന്ത്രിമാരുടെയും ചിത്രം ഒഴിവാക്കി സംഘാടക സമിതി സ്ഥാപിച്ചത്. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഫോട്ടോയും ഇപ്രകാരം വിട്ടുപോയിരുന്നു. തുടർന്ന് നേരത്തെ സ്ഥാപിച്ച അഞ്ഞൂറോളം ഫഌക്‌സുകൾ മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു.
കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിരിക്കുകയാണ്. ജില്ലാ അതിർത്തിയായ പയ്യന്നൂരിലെ ആദ്യ സ്വീകരണത്തിനുശേഷം കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്വീകരണത്തിനുശേഷം ഇരിക്കൂർ മണ്ഡത്തിലെ ശ്രീകണ്ഠപുരത്താണ് ഇന്നത്തെ യാത്രയുടെ സമാപനം.