Sorry, you need to enable JavaScript to visit this website.

മുറ്റത്ത് കിടന്നുറങ്ങിയ എട്ട് വയസ്സുകാരനെ  പുള്ളിപ്പുലി ആക്രമിച്ചു, ശരീരത്തില്‍ 75 മുറിവുകള്‍

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എട്ടുവയസ്സുകാരന്‍ പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി. വെള്ളിയാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ശേഷം കുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാനും ശ്രമം നടത്തി.ആക്രമണത്തിനിടയില്‍ കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. ആഗ്രയിലെ സയാന്‍ ഗ്രാമത്തില്‍ നിന്നുള്ള ഡേവിഡ് എന്ന ബാലനാണ് പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തില്‍ വിവിധ ഇടങ്ങളിലായി ആഴത്തിലുള്ള മുറിവുകളുണ്ട്. 75 തുന്നലുകള്‍ കുട്ടിയുടെ ശരീരത്തിലുള്ളതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പുലി കുട്ടിയെ ആക്രമിക്കുന്നതിന്റേത് എന്ന പേരില്‍ ഒരു വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതിന് ആധികാരികതയില്ല, കൂടാതെ മങ്ങിയതുമാണ്. വീഡിയോയില്‍ രണ്ട് പുള്ളിപ്പുലികള്‍ ചുറ്റും കറങ്ങുന്നതായി കാണാം. പ്രദേശത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആളുകള്‍ പരമാവധി വീടിനുള്ളില്‍ തന്നെ വിശ്രമിക്കണമെന്നും സയാന്‍  എസിപി പിയൂഷ് കാന്ത് റായ് പറഞ്ഞു.
പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായ ബെല്‍വ ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു കുട്ടിയുടെ മൃതദേഹം സോഹെല്‍വ വനത്തില്‍ നിന്നും കണ്ടെത്തിയ അതേ ദിവസം തന്നെയാണ് ഈ ആക്രമണവും. നരഭോജിയായ പുലിയെ പിടികൂടാന്‍ വനംവകുപ്പിന്റെ നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് കുമാര്‍ സിംഗ് അറിയിച്ചതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 
ഒക്ടോബര്‍ 30 -ന് ഒഡീഷയിലെ നുവാപഡ ജില്ലയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരു കൊച്ചുകുട്ടി മരിച്ചിരുന്നു. ഗ്രാമവാസികള്‍ കുട്ടിയുടെ മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മാന്‍ നഗറില്‍ ഒമ്പതുവയസ്സുകാരനെ പുള്ളിപ്പുലി കൊന്നതിനെത്തുടര്‍ന്ന് ബിജ്‌നോറിലെ അഫ്സല്‍ഗഢിലെ ജനങ്ങള്‍ ഹരിദ്വാര്‍-നൈനിറ്റാള്‍ ദേശീയ പാതയില്‍ മരിച്ച കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബിജ്‌നോറില്‍ പുള്ളിപ്പുലികള്‍ നടത്തിയ 16 -ാമത്തെ മാരകമായ ആക്രമണമാണ് ഈ ഒമ്പതു വയസ്സുകാരന്റെ മരണം.

Latest News