Sorry, you need to enable JavaScript to visit this website.

പ്രവാസി കുടുംബത്തിന്റെ കൂട്ടക്കൊല; കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും കാറും കണ്ടെടുത്തു

മംഗളൂരു - ഉഡുപ്പിയിൽ പ്രവാസി കുടുംബത്തിലെ നാലു പേരെ കുത്തിക്കൊന്ന കേസിൽ പ്രതി മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെ(39) കൊല്ലാൻ ഉപയോഗിച്ച ആയുധവും രക്തംപുരണ്ട വസ്ത്രങ്ങളും മാസ്‌കും അന്വേഷണ സംഘം കണ്ടെടുത്തു. കൃത്യം ചെയ്ത ശേഷം പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തതായി ഉഡുപ്പി ജില്ല പോലീസ് സൂപ്രണ്ട് ഡോ. കെ അരുൺ പറഞ്ഞു.
 സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാൻ (23), ഐനാസ് (21), അസീം (12) എന്നിവർ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ അതി ദാരുണമായി കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിൽ പ്രവാസി കുടുംബത്തിന്റെ വീട്ടിലെത്തിയ പ്രതി കത്തികൊണ്ട് നാലുപേരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നൂർമുഹമ്മദിന്റെ മാതാവ് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. 
 കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് പ്രതി പ്രവീൺ അരുൺ. പ്രതിയെ കഴിഞ്ഞദിവസം എയർ ഇന്ത്യ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
 കുറ്റകൃത്യം ചെയ്ത് ഉഡുപ്പിയിൽ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയിൽ കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും പാലത്തിൽ നിന്ന് ഫൽഗുനി പുഴയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു പ്രതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് മംഗളൂരുവിലെ താമസസ്ഥലത്താണെന്ന് മൊഴി മാറ്റി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മംഗളൂരു ബിജായിലെ ഫഌറ്റിൽ നിന്ന് കൊല്ലാനുപയോഗിച്ച കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും മാസ്‌കുമെല്ലാം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
 

Latest News