Sorry, you need to enable JavaScript to visit this website.

ഗോവ മെഡിക്കൽ കോളേജിലെ മൃതദേഹം രണ്ടുവർഷം മുമ്പ് കാണാതായ മലയാളി യുവാവിന്റേതെന്ന് സ്ഥിരീകരണം

കൊച്ചി / ഗോവ - ഗോവ മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ച മൃതദേഹം കൊച്ചിയിൽനിന്ന് രണ്ടുവർഷം മുമ്പ് കാണാതായ മലയാളി യുവാവിന്റേതാണെന്ന് സ്ഥിരീകരണം. കൊച്ചി തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ വീട്ടിൽ ജെഫ് ജോൺ ലൂയിസിന്റെതാണ് (27) മൃതദേഹമെന്ന് ഡി.എൻ.എ ടെസ്റ്റിലൂടെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 
 2021 നവംബറിൽ വീട്ടിൽനിന്ന് പോയ മകനെ തിരികെ എത്താത്തതിനെ തുടർന്ന് അമ്മ ഗ്ലാഡിസ് ലൂയിസ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജെഫിന്റെ സുഹൃത്തുകളെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം പുരോഗമിച്ചത്. അവസാന ഫോൺ കാളുകൾ പരിശോധിച്ചതോടെ അന്വേഷണം വയനാട് സ്വദേശി അനിൽ ചാക്കോയിൽ എത്തി. 
 അനിൽ ചാക്കോയെ കസ്റ്റഡിയിലെടുത്ത് തുടർച്ചയായി ചോദ്യം ചെയ്തപ്പോൾ പ്രതി പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അനിൽ ചാക്കോയും ജെഫിനും തമ്മിൽ ബന്ധമുണ്ടായിരുന്നു. ലഹരിക്കടത്തിനിടെ അനിലിനെ കുറിച്ചുള്ള വിവരം ജെഫ് പോലീസിന് ചോർത്തിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. പിന്നീട് കൊലപാതകത്തിന് കൂട്ടുനിന്ന മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്തു.
 ജെഫിനെ സുഹൃത്തുക്കൾ ചേർന്ന് ഗോവയിൽ വച്ച് കൊലപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് മറ്റൊരു കേസിൽ പിടിയിലായ പ്രതി നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജെഫിന്റെ കൊലപാതകത്തിലേക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ശേഷം ജെഫിന്റെ മാതാപിതാക്കളുടെ ഡി.എൻ.എ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് മൃതദേഹത്തിന്റെ ഡി.എൻ.എയുമായി പരിശോധിച്ചാണ് ജെഫിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരണമായത്.
 2021 നവംബറിൽ കാണാതായ ജെഫിനെ ആ മാസം തന്നെ ഗോവയിൽ വച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ പ്രതികളായ അഞ്ചുപേരെയും രണ്ടുവർഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുവർഷം മുമ്പ് ഗോവയിലെ ബീച്ചിന് സമീപത്തെ കുന്നിൽനിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഇത് മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് ഈ മൃതദേഹത്തിന്റെ ഡി.എൻ.എയും മാതാപിതാക്കളുടെയും ഡി.എൻ.എയും പരിശോധിച്ച് മൃതദേഹം ജിഫിന്റേതാണെന്ന് ഉറപ്പുവരുത്തിയത്.

Latest News