ന്യൂദല്‍ഹി- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് വ്യക്തിയുടെ ശബ്ദത്തിന്റെ ഓഡിയോ സൃഷ്ടിച്ച് നടത്തുന്ന തട്ടിപ്പുകള്‍ വര്‍ധിച്ചു. അടുത്തിടെ എ.ഐ തട്ടിപ്പിന് ഇരയായ 59 കാരിക്ക് 1.4 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
കാനഡയിലുള്ള ഇവരുടെ അനന്തരവനെ സമര്‍ത്ഥമായി അനുകരിച്ചാണ് സ്ത്രീയെ കബളിപ്പിച്ചത്. വിഷമിപ്പിക്കുന്ന ഒരു കഥ മെനഞ്ഞാണ് കാനഡയിലുള്ള അനന്തരവനാണെന്ന വ്യാജേന കബളിപ്പിച്ചതും തട്ടപ്പ് നടത്തിയതും.
വ്യക്തിയുടെ ശബ്ദത്തിന്റെ ഓഡിയോ സൃഷ്ടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതാണ് എ.ഐ വോയിസ് സ്‌കാം. ഇരക്ക് പരിചയമുള്ള ഒരാളെ പോലെയാണ് വിളിക്കുന്നയാള്‍ സംസാരിക്കുക.
ഇരയെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ നേടുന്നതിനോ പണം അയപ്പിക്കുന്നതിനോ ആണ് തട്ടിപ്പുകാര്‍ പലപ്പോഴും ശ്രമിക്കുക. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അല്ലെങ്കില്‍ ഉപഭോക്തൃ സേവന പ്രതിനിധികള്‍ എന്നിങ്ങനെ ആള്‍മാറാട്ടം നടത്താന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കും.
ഒരു കുടുംബാംഗമായോ സുഹൃത്തായോ ആള്‍മാറാട്ടം നടത്തുകയാണ് തട്ടിപ്പുകാരുടെ ഒരു രീതി. ഒരു കുടുംബാംഗമോ സുഹൃത്തോ ആണെന്ന് അറിയിച്ചാണ് തട്ടിപ്പുകാരന്‍ കോള്‍ ആരംഭിക്കുക. പ്രശ്‌നത്തില്‍ പെട്ടിരിക്കയാണെന്നും അടിയന്തിരമായി പണം ആവശ്യമുണ്ടെന്നും പറയും. കൂടുതല്‍ ബോധ്യപ്പെടുത്താന്‍ തട്ടിപ്പുകാരന്‍ ഇരയുടെ പേരോ കുടുംബാംഗത്തിന്റെ പേരോ ഉപയോഗിച്ചേക്കാം.
ഉപഭോക്തൃ സേവന പ്രതിനിധിയായി ആള്‍മാറാട്ടം നടത്തിയും തട്ടിപ്പുകാരന്‍ ഇരയെ വിളിക്കും. ഇരയായ വ്യക്തി ബിസിനസ്സ് നടത്തുന്ന ബാങ്കില്‍നിന്നോ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍നിന്നോ ആണെന്നായിരിക്കും അറിയിക്കുക. തട്ടിപ്പുകാരന്‍ ഇരയോട് വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കാനോ പണമടയ്ക്കാനോ ആവശ്യപ്പെടാം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വേഷം മാറുന്നതാണ് മറ്റൊരു രീതി. തട്ടിപ്പുകാരന്‍ ഇരയെ വിളിച്ച് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നാണെന്ന് അവകാശപ്പെടും.
ഇരയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അല്ലെങ്കില്‍ ര തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്.
വിളിക്കുന്നയാളെ കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ഒരിക്കലും ഫോണിലൂടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത് എന്നതാണ് എ.ഐ വോയ്‌സ് സ്‌കാമുകള്‍ ഒഴിവാക്കാനുള്ള പ്രധാന മാര്‍ഗം. അടിയന്തിരമായി പണമോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെട്ട് വിളിക്കുന്നവരെ പ്രത്യേകം സൂക്ഷിക്കണം. ഒരു കോളിന്റെ നിയമസാധുതയെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍, ഫോണ്‍ സംഭാഷണം നിര്‍ത്തി കമ്പനിയെ നേരിട്ട് വിളിക്കുക.
തട്ടിപ്പുകാര്‍ അവരുടെ രീതികള്‍ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. സംശയാസ്പദമായ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കരുത്. എ.ഐ വോയ്‌സ് സ്‌കാം നിങ്ങളെ ലക്ഷ്യമിടുന്നതായി തോന്നിയാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കുക.