Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയോട് സംസാരിച്ചത് രാഷ്ട്രീയം നോക്കിയല്ലെന്ന് മുസ്‌ലിംലീഗ് നേതാവ്; കൂടുതൽ ലീഗ് നേതാക്കൾ വരുമെന്ന് സി.പി.എം

കാസർകോട് - യു.ഡി.എഫ് ബഹിഷ്‌കരണത്തിനിടെ, പിണറായി സർക്കാറിന്റെ നവകേരള സദസ്സിൽ പങ്കെടുത്തതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവും വ്യവസായിയുമായ എൻ.എ അബൂബക്കർ. നവകേരള സദസിൽ കക്ഷിരാഷ്ട്രീയം നോക്കിയില്ലെന്നും നാടിന്റെ കാര്യങ്ങൾ പറയാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
  പ്രതിപക്ഷം നവകേരള സദസ്സ് ബഹിഷ്‌കരിച്ചത് അറിഞ്ഞിരുന്നോ എന്ന് ചോദിച്ചപ്പോൾ വിവരമില്ലെന്നായിരുന്നു മാധ്യമങ്ങളോടുള്ള മറുപടി. മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന്റെ ഭാഗമായത് രാഷ്ട്രീയപരമായ കാര്യങ്ങളാലല്ലെന്നും തന്റെ നാട്ടിലെ പ്രശ്‌നങ്ങളും വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളും പറയാനാണെന്നും അദ്ദേഹം പറഞ്ഞു. 
  നിലവിലുള്ള പ്രശ്‌നങ്ങൾ അവതരിപ്പിക്കേണ്ടത് തന്റെ ബാധ്യതയാണ്. നായന്മാർമൂല തന്റെ നാടാണ്. അവിടെ ദേശീയപാതയുടെ പ്രശ്‌നങ്ങളുണ്ട്. നാട്ടിലെ പ്രശ്‌നങ്ങളും വിദ്യാർത്ഥികളുടെ പ്രയാസങ്ങളും മുഖ്യമന്ത്രിയുമായി സംസാരിച്ചു. 25000-ത്തോളം കുട്ടികളാണ് കോളേജ് മുതൽ നായന്മാർമൂല വരെ യാത്ര ചെയ്യുന്നത്. അവർ ഏറെ ബുദ്ധിമുട്ടുകയാണ്. അത്തരത്തിലുള്ള നാടിന്റെ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. അതോടൊപ്പം അവ എഴുതിയും നല്കിയിട്ടുണ്ട്. അതിൽ രാഷ്ട്രീയം കണ്ടിട്ടില്ലെന്നും പരിപാടിയെ കുറിച്ച് കലക്ടർ വിളിച്ച് പറഞ്ഞിരുന്നുവെന്നും എൻ.എ അബൂബക്കർ പറഞ്ഞു. 
 ലീഗ് മുൻ ദേശീയ കൗൺസിൽ അംഗമായ എൻ.എ അബൂബക്കർ നവകേരള സദസിന്റെ ഭാഗമായി ഇന്ന് നടന്ന പ്രഭാത സംഗമത്തിലാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്തായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പിടം. മുസ്‌ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ അംഗമെന്നോ ശാഖ പ്രസിഡന്റ് എന്ന നിലയ്‌ക്കോ അല്ല, മറിച്ച് പൗരപ്രമുഖനും വ്യവസായിയുമെന്ന നിലയിലാണ് എൻ.എ അബൂബക്കറിനെ ക്ഷണിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. 
 ലീഗ് നേതാവ് അബൂബക്കറിനെ തങ്ങൾ ക്ഷണിച്ചതാണെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ലീഗ് നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
 അതിനിടെ, നവകേരള സദസ്സ് പിണറായി സർക്കാറിന്റെ രാഷ്ട്രീയ യാത്രയാണെന്നും അതോട് സഹകരിക്കുന്ന പ്രശ്‌നമില്ലെന്നും ഇക്കാര്യത്തിൽ യു.ഡി.എഫ് തീരുമാനം നേരത്തെ വ്യക്തമാണെന്നും സംശയം വേണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗിന്റെ ഉത്തരവാദപ്പെട്ട ആരും നവകേരള സദസ്സിൽ പങ്കെടുക്കില്ലെന്നും എൻ.എ അബൂബക്കറിന് പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വമില്ലെന്നും പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.

Latest News