ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിയില്ല, കര്‍ശന താക്കീത് മതിയെന്ന് പാര്‍ട്ടി അച്ചടക്ക സമിതി

മലപ്പുറം - പാര്‍ട്ടി വിലക്ക് ലംഘിച്ച് ഫലസ്തീന്‍ റാലി നടത്തിയ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യാതെ അച്ചടക്ക സമിതി റിപ്പോര്‍ട്ട്. ഷൗക്കത്തിനെ കര്‍ശനമായി താക്കീത് ചെയ്താല്‍ മതിയെന്നാണ് ശുപാര്‍ശ. അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ട് കെ പി സി സി അധ്യക്ഷന് കൈമാറി. കെ പി സി സിയാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ അത്തരത്തില്‍ നടപടിയെടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് അച്ചടക്ക സമിതി. കെ പി സി സി വിലക്ക് ഏര്‍പ്പെടുത്തിയിട്ടും മലപ്പുറത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെ പാര്‍ട്ടി വിലക്കിയിരുന്നു. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെ പി സി സി നിലപാട്. പിന്നാലെ നവംബര്‍ 12ന് ആര്യാടന്‍ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചര്‍ച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി യോഗം ചേര്‍ന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് യോഗം ചേര്‍ന്നത്. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ആര്യാടന്‍ ഷൗക്കത്തിനെതിരായി കടുത്ത നടപടികള്‍ ഒഴിവാക്കിക്കൊണ്ടുള്ള അച്ചടക്ക സമിതി റിപ്പോര്‍ട്ട് വന്നത്.

 

Latest News