Sorry, you need to enable JavaScript to visit this website.

കേരളം സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ കണക്ക്  നല്‍കിയില്ല; കേന്ദ്ര സര്‍ക്കാര്‍ പണം തടഞ്ഞു

തിരുവനന്തപുരം- കൃത്യമായി കണക്കു നല്‍കാത്തതിനാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നവംബര്‍വരെയുള്ള കണക്കില്‍ 125 കോടിരൂപ അനുവദിക്കേണ്ടതില്‍ പകുതിപോലും നല്‍കിയില്ല. കേന്ദ്രവും സംസ്ഥാനവും വഹിക്കേണ്ട ചെലവ് 60:40 ശതമാനമെന്ന അനുപാതത്തിലാണ് ഉച്ചഭക്ഷണപദ്ധതി. ഈവര്‍ഷം 184.31 കോടിരൂപയാണ് കേന്ദ്രവിഹിതം. സംസ്ഥാനം 163.16 കോടി ചെലവഴിക്കും.
നവംബര്‍വരെയുള്ള ആദ്യഗഡു 125 കോടിയാണെന്നിരിക്കെ 54.16 കോടി രൂപയെ കേന്ദ്രം നല്‍കിയിട്ടുള്ളൂ. കേരളം കൃത്യമായി കണക്കു നല്‍കിയിട്ടില്ലെന്നാണ് ബാക്കി തുക തടഞ്ഞതിന് കേന്ദ്രം പറയുന്ന കാരണം. കേരളം സമര്‍പ്പിച്ച കണക്കനുസരിച്ച് 54.16 കോടിരൂപ അനുവദിച്ച് വെള്ളിയാഴ്ച ധനമന്ത്രാലയം ഉത്തരവിറക്കി.
ഒരുകുട്ടിക്ക് 8.17 രൂപവീതം നല്‍കാന്‍ കേന്ദ്രം നിര്‍ദേശിച്ചെങ്കിലും കേരളം എട്ടുരൂപയെ നല്‍കുന്നുള്ളൂ. 150 കുട്ടികളുള്ള സ്‌കൂളിന് ഒരുവിദ്യാര്‍ഥിക്ക് എട്ടുരൂപ, 150-500 കുട്ടികളുള്ള സ്‌കൂളിന് ഏഴുരൂപ, 500-ലേറെ കുട്ടികളുള്ള സ്‌കൂളിന് ആറുരൂപ എന്നിങ്ങനെ തിരിച്ചാണ് ചെലവഴിക്കല്‍. 500 കുട്ടികളുള്ള ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ പ്രഥമാധ്യാപകന്‍ മാസം ശരാശരി അരലക്ഷംരൂപ ബാധ്യത വഹിക്കേണ്ടിവരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
അധികതുക അനുവദിക്കാതെ, ആഴ്ചയില്‍ രണ്ടുദിവസം 300 മില്ലിലിറ്റര്‍ പാലും ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്തവര്‍ക്ക് നേന്ത്രപ്പഴവും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതും പ്രഥമാധ്യാപകരുടെ ഭാരം കൂട്ടി.
ഇതിനിടെ, സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് പദ്ധതിച്ചെലവായി 642 കോടിരൂപ വകയിരുത്തിയിട്ടും പ്രഥമാധ്യാപകരെ പിരിവിനിറക്കിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ റദ്ദാക്കി. സ്‌കൂള്‍ ഉച്ചഭക്ഷണ സംരക്ഷണസമിതി രൂപവത്കരിച്ച് ധനസമാഹരണം നടത്താന്‍ നിര്‍ദേശിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്. എസ്. ബുധനാഴ്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
പലിശയില്ലാതെ വായ്പയെടുക്കാനും പദ്ധതിക്കുവേണ്ടി പണംപിരിക്കാനും അനുവദിച്ചുള്ള സര്‍ക്കുലര്‍ അഴിമതിക്കു വളമൊരുക്കുമെന്ന് അധ്യാപകസംഘടനകള്‍ ആരോപിച്ചിരുന്നു.
വിവാദങ്ങളും നിയമപ്രശ്നങ്ങളും കണക്കിലെടുത്താണ് ശനിയാഴ്ച സര്‍ക്കുലര്‍ റദ്ദാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് തീരുമാനിച്ചത്.

Latest News