നവകേരള സദസ്സിന്റെ ഫ്‌ളക്‌സിൽ മന്ത്രി കെ രാധാകൃഷ്ണൻ ഔട്ട്; 500-ഓളം ഫ്‌ളക്‌സുകൾ മാറ്റി

കോഴിക്കോട് - പിണറായി സർക്കാറിന്റെ നവകേരള സദസ്സിനായി സ്ഥാപിച്ച ഫ്‌ളക്‌സിൽ ദേവസ്വം മന്ത്രി കെ രാധാകൃഷണൻ ഔട്ട്. മുഖ്യമന്ത്രിയുടെയും സ്ഥലം എം.എൽ.എയുടെയും മറ്റ് 19 മന്ത്രിമാരുടെയും ഫോട്ടോ ഫ്‌ളക്‌സിൽ ഇടം പിടിച്ചപ്പോൾ മന്ത്രി കെ രാധാകൃഷണന്റെ ഫോട്ടോ മാത്രം ഫ്‌ളക്‌സിൽ ഉണ്ടായില്ല. 
 കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തിലേക്ക് പ്രിന്റ് ചെയ്ത അഞ്ഞൂറോളം ഫ്‌ളക്‌സുകളാണ് ഇക്കാരണത്താൽ മാറ്റിവെക്കേണ്ടിവന്നത്. പലയിടത്തും ഈ ഫ്‌ളക്‌സ് സ്ഥാപിച്ചെങ്കിലും പിഴവ് ശ്രദ്ധയിൽ പെട്ടതോടെ അഴിച്ച് മാറ്റുകയായിരുന്നു. ഫ്‌ളക്‌സ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പിഴവ് സംഘാടകരുടെ ശ്രദ്ധയിൽ പെട്ടത്. 
 പ്രിന്റിങ്ങിനിടെ സംഭവിച്ച അശ്രദ്ധയാണെന്നാണ് സംഘാടകരുടെ വിശദീകരണം. കോഴിക്കോടെ ഒരു സ്വകാര്യ പ്രസില്ലാണ് ഫ്‌ളക്‌സിന്റെ രൂപകൽപ്പനയും പ്രിന്റിങ്ങും നടന്നത്. പിഴവ് ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി കെ രാധാകൃഷണന്റെ പടം കൂടി ഉൾപ്പെടുത്തി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ഫ്‌ളക്‌സുകൾ മാറ്റിസ്ഥാപിച്ചതായി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല പറഞ്ഞു.

Latest News