Sorry, you need to enable JavaScript to visit this website.

നവകേരള സദസ് ഡിസംബർ ഏഴു മുതൽ എറണാകുളത്ത്

കൊച്ചി- നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബർ ഏഴു മുതൽ 10 വരെ എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും സന്ദർശനം നടത്തും.ഇതോടനുബന്ധിച്ച് സമസ്ത മേഖലയിലേയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയായ പ്രഭാത യോഗവും നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസുമാണ് നടക്കുക. 
ഡിസംബർ ഏഴിന് രാവിലെ ഒമ്പതിന് അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ പ്രഭാത യോഗം നടക്കുക. തൃശൂർ ജില്ലയിലെ ചാലക്കുടി, ജില്ലയിലെ അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായാണ് പ്രഭാതയോഗത്തിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നത്. തുടർന്ന് ചാലക്കുടി മണ്ഡലത്തിലെ ബഹുജനസദസിൽ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞ് 3ന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അങ്കമാലി മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കും. മണ്ഡലസദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുന്നെ ജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഉണ്ടായിരിക്കും. വൈകിട്ട് 4.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തും 6ന് പറവൂർ ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തും നവകേരള സദസ് സംഘടിപ്പിക്കും.
രണ്ടാം ദിവസമായ ഡിസംബർ എട്ടിന് രാവിലെ ഒമ്പതിന് പ്രഭാതയോഗം കലൂർ ഐ.എം.എ ഹൗസിൽ ചേരും. വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായാണ് പ്രഭാതയോഗത്തിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നത്. തുടർന്ന് രാവിലെ 11ന് ഞാറക്കൽ ജയ്ഹിന്ദ് ഗ്രൗണ്ടിൽ വൈപ്പിൻ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് 3ന് ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ കൊച്ചി മണ്ഡലത്തിലെയും വൈകിട്ട് 4.30ന് പത്തടിപ്പാലം റസ്റ്റ് ഹൗസിന് സമീപം കളമശ്ശേരി മണ്ഡലത്തിലെയും വൈകിട്ട് ആറിന് മറൈൻഡ്രൈവിൽ എറണാകുളം മണ്ഡലത്തിലെയും നവകേരള സദസുകൾ സംഘടിപ്പിക്കും. 
മൂന്നാം ദിവസമായ ഡിസംബർ ഒമ്പതിന് രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ അഭിഷേകം കൺവൻഷൻ സെന്ററിൽ തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്ത്‌നാട് മണ്ഡലങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി പ്രഭാതയോഗം ചേരും. തുടർന്ന് രാവിലെ 11ന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ തൃക്കാക്കര മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് മൂന്നിന് പുതിയകാവ് ക്ഷേത്ര മൈതാനിയിൽ തൃപ്പൂണിത്തുറ    മണ്ഡലത്തിലെയും വൈകിട്ട് 4.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത്  പിറവം മണ്ഡലത്തിലെയും ആറിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ കുന്നത്തുനാട് മണ്ഡലത്തിലെയും നവകേരള സദസുകൾ സംഘടിപ്പിക്കും. 
ജില്ലയിലെ അവസാന ദിവസമായ ഡിസംബർ 10ന് രാവിലെ ഒമ്പതിന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തിൽ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കും. തുടർന്ന് രാവിലെ 11ന് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ പെരുമ്പാവൂർ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് മൂന്നിന്    മാർ ബേസിൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ കോതമംഗലം മണ്ഡലത്തിലെയും 4.30 ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിലെയും നവകേരള സദസുകളോടെ ജില്ലയിലെ പര്യടനത്തിന് സമാപനമാകും. 
നവകേരള സദസിന് മുന്നോടിയായി 14 മണ്ഡലങ്ങളിലും വിപുലമായ സംഘാടക സമിതികളാണ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്തും  സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുള്ള ബ്രോഷറുകളും അതാത് സംഘാടക സമിതികളുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിലെ എല്ലാ വീടുകളിലും എത്തിക്കും.

 

Latest News