ഗാസ/ജറൂസലം- തെക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഐക്യരാഷ്ട്രസഭ നടത്തുന്ന അല്‍ഫഖൂറ സ്‌കൂളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 50 പേരെങ്കിലും മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം. കൂടുതലും കുട്ടികളാണ്. വടക്കന്‍ ഗാസയില്‍നിന്ന് ഒഴിഞ്ഞുപോയ ആയിരക്കണക്കിന് ഫലസ്തീനികളെ പാര്‍പ്പിച്ച സ്‌കൂളായിരുന്നു ഇത്. ഗുരുതരാവസ്ഥയിലുള്ള നൂറുകണക്കിന് രോഗികളടക്കമുള്ളവര്‍ കഴിഞ്ഞ അല്‍ ഷിഫ ആശുപത്രി ഇസ്രായില്‍ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചത് സ്ഥിതി ഗുരുതരമാക്കി.
ഖാന്‍ യൂനിസില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 26 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. നിരവധി കുഞ്ഞുങ്ങള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു, ഹമാസുമായി ഒരു ബന്ധവുമില്ലാത്തവരാണ് മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അല്‍ഫഖൂറ സ്‌കൂളിന് നേരെയുണ്ടായ ആക്രമണം ഭയാനകമാണെന്ന് യു.എന്നിന്റെ ഫലസ്തീന്‍ ദുരിതാശ്വാസ ഏജന്‍സി തലവന്‍ പറഞ്ഞു. 'ഈ ആക്രമണങ്ങള്‍ സാധാരണമല്ല, അവ അവസാനിപ്പിക്കണം. ഒരു മാനുഷിക വെടിനിര്‍ത്തലിന് ഇനിയും കാത്തിരിക്കാനാവില്ല - യു.എന്‍.ആര്‍.ഡബ്ല്യു.എ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു.
ഇസ്രായിലിന്റെ തുടര്‍ച്ചയായ ബോംബാക്രമണംമൂലം തങ്ങളുടെ അഭയകേന്ദ്രങ്ങളിലേക്കും സ്‌കൂളുകളിലേക്കും വരുന്ന ആളുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഫലസ്തീനിയന്‍ അഭയാര്‍ഥി ഏജന്‍സിക്ക് കഴിയില്ലെന്ന് യു.എന്‍.ആര്‍.ഡബ്ല്യു.എ വക്താവ് എല്‍റിഫായി പറഞ്ഞു. ഇതുവരെ 70 യു.എന്‍.ആര്‍.ഡബ്ല്യു.എ കെട്ടിടങ്ങള്‍ തകര്‍ന്നതായി ജോര്‍ദാനിലെ അമ്മാനില്‍ അദ്ദേഹം പറഞ്ഞു. ഗാസയിലെ ഒരു സ്ഥലവും സുരക്ഷിതമല്ല.
തങ്ങളുടെ കെട്ടിടങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായെങ്കിലും ഗാസ വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.എന്‍.ആര്‍.ഡബ്ല്യു.എ വക്താവ് പറഞ്ഞു. 'ഞങ്ങള്‍ യഥാര്‍ഥത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഒരു ജീവനാഡിയാണ്, ഞങ്ങള്‍ എവിടെയും പോകുന്നില്ല, ഗാസയിലെ ജനങ്ങള്‍ക്കൊപ്പം താമസിക്കും. ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിന് ശേഷം ഇതുവരെ ഗാസയിലെ 103 യു.എന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അല്‍ഫഖൂറ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിനു ഇസ്രായിലിന് മറുപടി നല്‍കുമെന്ന് ഹമാസ് പറഞ്ഞു. ആയിരക്കണക്കിന് ഫലസ്തീനികള്‍ അവരുടെ വീടുകള്‍ വിട്ട് അഭയം പ്രാപിച്ച അല്‍ഫഖൂറ സ്‌കൂളിന് നേരെ നടത്തിയ അതിക്രമങ്ങള്‍ക്ക് ഇസ്രായില്‍ ഉത്തരവാദിത്തമേല്‍ക്കേണ്ടി വരുമെന്ന് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസെം നഈം പറഞ്ഞു. 'ഞങ്ങള്‍ യുദ്ധക്കുറ്റം, വംശീയ ഉന്മൂലനം, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത് -അദ്ദേഹം പറഞ്ഞു.സിവിലിയന്മാരോട് ഇസ്രായില്‍ പ്രഖ്യാപിച്ച യുദ്ധം വടക്കന്‍ ഗാസ മുനമ്പിലെ മുഴുവന്‍ ഫലസ്തീനികളേയും ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അല്‍ഫഖൂറ സ്‌കൂള്‍ ആക്രമണം തെളിയിക്കുന്നതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.