മക്ക- മദീനയിലെയും മക്കയിലെയും വിശുദ്ധ ഹറമുകളിൽ ഫലസ്തീനികൾക്കും ഗാസക്കും വേണ്ടി സംസാരിക്കുന്നവരെ വിലക്കുന്നുവെന്ന ആരോപണത്തിൽ സത്യത്തിന്റെ കണിക പോലുമില്ലെന്ന് അധികൃതർ അറിയിച്ചു. വഞ്ചനാപരവും അപകീർത്തികരവുമായ ആരോപണങ്ങളാണിതെന്നും അധികൃതർ അറിയിച്ചു.
ഇരുഹറമുകളിലും സന്ദർശനം നടത്തുന്നവർ മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാത്ത തരത്തിൽ പ്രാർത്ഥനയിലും ആരാധനകളിലും ഏർപ്പെടുകയാണ് വേണ്ടത്. ഒരു തരത്തിലുള്ള മുദ്രാവാക്യം വിളികളോ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളോ ഇവിടെ അനുവദിക്കാറില്ല. രണ്ട് വിശുദ്ധ മസ്ജിദുകളുടെയും പവിത്രതയെ ദോഷകരമായി ബാധിക്കുന്ന ഒന്നും അംഗീകരിക്കില്ല. ഇത് പരിഗണിക്കാതെ ശബ്ദമുയർത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
— @Abmashu17 (@abmashu_17) November 18, 2023
ഇന്നലെ മക്കയിലെ വിശുദ്ധ ഹറമിൽനടന്ന ജുമുഅ ഖുതുബയിൽ ഇസ്രായിലിനെതിരെ കടുത്ത ഭാഷയിലാണ് ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് പ്രതികരിച്ചത്. ഫലസ്തീൻ ക്രൂരമായ സയണിസ്റ്റ് ആക്രമണത്തിലൂടെയും വിനാശകരമായ സഹചര്യത്തിലൂടെയും കടന്നുപോകുകയാണെന്നും ക്ഷമയോടെ കാത്തിരുന്നാൽ വൻ വിജയം അടുത്തുണ്ടെന്നും സുദൈസ് പറഞ്ഞു. നാമെല്ലാവരും പ്രതീക്ഷയിലാണ്. അന്തിമ വിജയം അടുത്തുണ്ട്. ഭയാനകമായ ഒരു മാനുഷിക ദുരന്തത്തിൽ ശത്രുക്കൾ രാജ്യത്തെ നശിപ്പിക്കുകയും ആ നാടിനെയും ജനങ്ങളെയും ഉന്മൂലനം ചെയ്യുകയുമാണ്. ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളേ, ക്ഷമയും സ്ഥിരതയും ഉള്ളവരായിരിക്കുക. കാരണം നാമെല്ലാവരും പ്രതീക്ഷയുള്ളവരും ശുഭാപ്തിവിശ്വാസികളാണ്. തീർച്ചയായും അല്ലാഹുവിന്റെ വിജയം അടുത്തിരിക്കുന്നു എന്നായിരുന്നു സുദൈസിന്റെ ഖുതുബയുടെ കാതൽ.