Sorry, you need to enable JavaScript to visit this website.

ചിരിപ്പിക്കുന്ന പ്രതിസന്ധികൾ

കേരളത്തിന്റെ ധനപ്രതിസന്ധി പാറശാല മുതൽ കാസർകോട് വരെ മാത്രം അലയടിക്കുന്ന ഒരു പ്രതിഭാസമത്രേ! ആഗോള പ്രതിഭാസങ്ങൾക്കു മുന്നിൽ അതു വെറുമൊരു മഴനീർത്തുള്ളി മാത്രം. ഉത്തരവാദിത്തം സംസ്ഥാനത്തിനെന്നു വി. മുരളീധരനും കേന്ദ്രത്തിന്റെ അടിമയല്ല കേരളം എന്ന ഒറ്റക്കാരണത്താൽ ടി ഗർഭഭാരം കേന്ദ്രത്തിനാണെന്നു ബാലഗോപാലനും. മുരളീധരന് വല്ലപ്പോഴും വിദേശ പര്യടനം നടത്തുന്നതൊഴിച്ചാൽ, മുഖ്യ വകുപ്പ് സംസ്ഥാന സർക്കാരിന്റെ പിന്നിൽ ചെന്നു നാലു പടക്കം പൊട്ടിക്കുക എന്നതു മാത്രം. പൂച്ച എലിയെ തട്ടിക്കളിക്കുന്നതു പോലെ എന്നു പഴമക്കാർ പറയും. അളമുട്ടിയാൽ ചേരയും കടിക്കും എന്നു പറഞ്ഞതുപോലെ, സഹികെട്ടു ഇറങ്ങിയതാണ് ധനമന്ത്രി. തുടർന്ന് ഇരുകക്ഷികളും ഒന്നിനൊന്നു തകർപ്പൻ ഗോളുകൾ അടിക്കുന്നതായി കാഴ്ച. ഒടുവിലത്തെ കക്ഷിനില അനുസരിച്ച് കേന്ദ്രം തരാനുള്ള 521 കോടി രൂപയും പലിശയും നൽകിക്കഴിഞ്ഞു. ഇനിയും നൽകാനുണ്ട് എന്നു ധനമന്ത്രി പറയുന്നത് കോടിമുണ്ടിന്റെ കാര്യമോ  മറ്റോ ആണോ എന്നത്രേ കേന്ദ്ര മാന്യന്റെ ശങ്ക! എതിർ പ്രസ്താവനകൾക്ക് സമയക്കുറവു നിമിത്തം വല്യേട്ടനും കൊച്ചേട്ടൻ കാനവും പങ്കെടുക്കാറില്ലെങ്കിലും, 'ബാലഗോപാലനെ എണ്ണതേപ്പിച്ചു' വിട്ടിരിക്കുകയാണ് മറുപടി പാടുന്നതിന്. പക്ഷേ, മുരളീധരൻ മന്ത്രി ഒരു കണക്ക് അവതരിപ്പിച്ചു കഴിഞ്ഞു.  ഇത്രയും അക്കൗണ്ട് ബുക്കുകൾ എവിടെ നിന്നു വരുന്നുവെന്നത് ചർച്ചാ വിഷയമാക്കേണ്ടതാണ്. ഹൗഡിനിക്കോ പി.സി. സർക്കാരിനോ, മാന്ത്രികനായ മാൻഡ്രേക്കിനോ, ഏറിയാൽ മുതുകാടിനോ ഒക്കെ മാത്രം സാധിക്കുന്ന മാജിക്കാണത്. അത്രത്തോളം വലിയ കണക്കും ക്രിയയും ഭൂമിശാസ്ത്രവുമൊന്നും സൂക്ഷിക്കുന്ന പതിവ് ഇടതു സർക്കാരിനു പണ്ടേയില്ല.
അതിനാൽ, ധനപ്രതിസന്ധിക്കു കാരണം നാട്ടിലെ മൂന്നരക്കോടി ജനങ്ങൾ തന്നെയാണെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. വോട്ടു ചെയ്താൽ തന്നെ സമാധാനം പറയേണ്ടിവരുമെന്നു സാരം. അതിനുള്ള വഴികൾ തുറന്നു തുടങ്ങി വൈദ്യുതി ചാർജും വെള്ളക്കരവും വർധിപ്പിച്ചിട്ടുണ്ട്. ഇനിയും ധനപ്രതിസന്ധി മാറിയില്ലെങ്കിൽ, ഉടുതുണിക്കും കരം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കും. മന്ത്രിമാർ കണ്ണട വാങ്ങിയ കാര്യമൊന്നും ഇവിടെ പരിഗണിക്കേണ്ട. പൂർവസൂരികളായ ശ്രീരാമകൃഷ്ണനും ശൈലജ ടീച്ചറും നൽകിയ മാർഗ ദർശനം സ്വീകരിച്ചുവെന്നേയുള്ളൂ. പാരമ്പര്യത്തെയും വിശ്വാസത്തെയുമൊന്നും മറികടക്കാനാവില്ല.

*** *** ***
ഒരു സംസ്ഥാന ഗവർണർ വെറുമൊരു റബർ സ്റ്റാമ്പായിരുന്ന കാലം കഴിഞ്ഞു. ഗവർണർക്ക് എത്ര കിലോ മീറ്റർ യാത്ര ചെയ്യാം എന്നൊരു നിബന്ധന ഭരണഘടനയിലോ സെക്രട്ടറിയേറ്റ് മാനുവലിലോ കാണുന്നില്ല. (ഇനി എഴുതി ചേർത്തേക്കാം!) ഇന്നത്തെ ഗവർണർ സഞ്ചാര പ്രിയനാണ്. പാടില്ലെന്നു വ്യവസ്ഥയില്ല. തോട്ടവും തുണിക്കച്ചവടവുമൊക്കെ നടത്തിയിരുന്നവരുണ്ട്. ഒരു വനിതാ ഗവർണറുടെ ഹോബി തന്നെ പപ്പടവും മിക്‌സ്ചറും ഏത്തക്കാ ഉപ്പേരിയും ഉണ്ടാക്കുക ആയിരുന്നുവെന്നു കേട്ടിട്ടുണ്ട്. അങ്ങനെ ലാഭേഛയോടെ കർമം ചെയ്യുന്ന സ്വഭാവക്കാരനല്ല ആരിഫ് മുഹമ്മദ് ഖാൻജി. പല സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്നത് ആരോഗ്യത്തിനു ഗുണകരമാണ്. അതുകൊണ്ടു മാത്രമാണ് യാതച്ചെലവു തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. നാലഞ്ചു രാഷ്ട്രീയ പാർട്ടികളിൽ സഞ്ചരിച്ച് ക്രമേണ കേന്ദ്ര ഭരണ പാർട്ടിയിൽ എത്തിച്ചേർന്ന അദ്ദേഹത്തിന് ഒരിടത്ത് ഉറച്ചിരുന്ന് ശീലമില്ല. കൈയും കണക്കുമില്ലാതെ പ്രകടനങ്ങൾക്ക് രാജ്ഭവന്റെ കവാടം നിത്യവും സാക്ഷിയാകുന്നു. അതു കണ്ടില്ലെന്നു നടിച്ച് എങ്ങനെ അകത്ത് ഒതുങ്ങിക്കഴിയും? രാജ്ഭവൻ എന്താ, മ്യൂസിയമാണോ?
'യാത്രപ്പടി' വർധിപ്പിക്കുന്നതോടെ കാതലായ ഒരു പ്രശ്‌നം തീരും. അവശേഷിക്കുന്ന വിഷയം നിയമസഭ പാസാക്കിയ ബില്ലുകളെ സംബന്ധിച്ച സംശയങ്ങൾ. അതു മുഖ്യമന്ത്രി നേരിട്ടു ചെന്നു വ്യക്തമാക്കണം. എന്തു ചെയ്യാം!
പിണറായിക്കു ഹിന്ദി വശമില്ല; ആരിഫ്ജിക്കു മലയാളവും!
രണ്ടുപേരും ആംഗലത്തിൽ മിണ്ടാമെന്നു വെച്ചാൽ, സംഗീതം നേരം വെളുക്കുവേളം നീണ്ടുപോയേക്കാം. അതോടെ സംശയങ്ങൾ ഇരട്ടിച്ചെന്നും വരും. എങ്കിലും മുഖ്യമന്ത്രി തന്നെ നേരിൽ മുഖം കാണിക്കണമെന്ന് ഗവർണർ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പഴയ രാജാക്കന്മാരുടെ കവടിയാർ പാലസിന് അടുത്തായതുകൊണ്ടാകാം, രാജ്ഭവനിൽ നിന്നും ഇത്തരമൊരു നിർബന്ധം പുറപ്പെടുന്നത്! പാരമ്പര്യത്തിന്റെ മുഷിഞ്ഞ ഗന്ധമുള്ള മന്ദ പവനൻ അവിടെയൊക്കെ ഇപ്പോഴും  ചുറ്റിക്കറങ്ങുന്നുണ്ടാകണം! പക്ഷേ, പകരം, പിണറായി അയലത്തെ സ്റ്റാലിൻ സഖാവിനെയാണ് 'റോൾ മോഡലാ'യി മുന്നിൽ കാണുന്നത്. സ്റ്റാലിൻ, ഗവർണർ ആർ.എൻ. രവിയെ വെള്ളം കുടിപ്പിക്കുന്നതായ വാർത്തകൾ കേട്ടാണ് ദിവസവും രോമാഞ്ചമണിയുന്നതും! കവടിയാർ റോഡിൽനിന്നും 'രാജ്ഭവൻ' കാണാപ്പാടകലത്തേക്കു മാറ്റിയാൽ തീരാവുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ. നല്ലൊരു തുക നിർമാണത്തിനു ചെലവാക്കുകയും ചെയ്യാം. 'കേരളീയ'ത്തിനു 27 കോടിയാകാമെങ്കിൽ മുഖ്യമന്ത്രിക്കു സൈ്വരം കിട്ടാനായി കുറച്ചു കോടികൾ കൂടി ധൈര്യമായി ചെലവിടാം. ബാലഗോപാലൻ പറഞ്ഞു നടക്കുന്നതു പോലെ 'ഖജനാവ് അത്ര കാലിയൊന്നുമല്ല. നമ്മുടെ കാര്യത്തിന് ഖജനാവ് സ്വയം കണ്ണു തുറക്കും. പകുതി കേന്ദ്രം തരും. തന്നില്ലെങ്കിൽ അടുത്ത സമരമുഖം തുറക്കാം.
ഇത്രയും രേഖപ്പെടുത്തിയതുകൊണ്ട് ആരിഫ് ഖാൻജി ഒരു മുട്ടാപ്പോക്കു പ്രകൃതക്കാരനാണെന്നു തെറ്റിദ്ധരിക്കരുത്. പല ഫയലുകളും വെച്ചു താമസിപ്പിക്കുന്നുവെന്നാണല്ലോ പരാതി. എന്നാൽ കേരളത്തിന്റെ നിത്യജീവിതം താറുമാറാകുമെന്നതിൽനിന്നും ഈയിടെ അദ്ദേഹം രക്ഷിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കാലിത്തീറ്റ, കോഴിത്തീറ്റ പരിശോധന ഭേദഗതി ബില്ലിനെ അദ്ദേഹം അനുഗ്രഹിച്ചു. 'തുല്യം ചാർത്തി'. കോഴിയും മാടും വരവു കുറഞ്ഞാൽ സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും വിരുന്നുവട്ടങ്ങളും അതോടെ അവസാനിക്കും. വീട്ടുകാർ പട്ടിണിയിലാകും. കേരളം താനെ സ്തംഭിക്കും. ഗവർണർ ഇതിനകം സംസ്ഥാനത്തെ നല്ലവണ്ണം പഠിച്ചു കഴിഞ്ഞിരിക്കുന്നു. അദ്ദേഹം കേരളത്തെ സ്‌നേഹിക്കുന്നതിന് മറ്റെന്തു തെളിവ് വേണം?.

*** *** ***
'കാക്ക ചെന്നു പനമേലിരുന്നു' പനമ്പഴം വീണു, കൂനൻ ചത്തു' വെന്നൊരു പഴം കഥയുണ്ട്. തികച്ചും ഒരു യാദൃഛിക സംഭവത്തെ ബലൂൺ പോലെ ഊതിപ്പെരിപ്പിച്ച് ഇന്ത്യ മൊത്തം പറത്തി നടക്കാൻ കോൺഗ്രസിനുള്ളത്ര മിടുക്ക് ദുനിയാവിൽ മറ്റാർക്കും ഉള്ളതായി പാണന്മാർ ഇതുവരെ പാടിയിട്ടില്ല. ഒരു ആചാര്യകൃഷ്ണൻ എന്ന മൂവർണ പതാകക്കാരൻ ഈയിടെ പ്രവച്ചിരിക്കുന്നത് പ്രിയങ്കാ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുമെന്നാണ്. ഹിമാചൽപ്രദേശിലും കർണാടകത്തിലും പനയുടെ മുകളിൽ പഴം ഉണ്ടായിരുന്നതിനാൽ താഴെ കിടന്നുറങ്ങിയ കൂനൻ ചത്തു. നാട്ടുകാർ നോക്കിയപ്പോഴുണ്ട്, പനയുടെ മുകളിൽ പ്രിയങ്ക. ഇനി എല്ലാ സസ്ഥാനങ്ങളിലും സൂപ്പർ സ്റ്റാർ പ്രിയങ്ക തന്നെ. നെഹ്‌റുവും ഇന്ദിരയും രാജീവും പറന്നു നടന്ന അതേ വ്യോമപാതകളിലൂടെ കൊച്ചുമോളും വന്നിറങ്ങും. ശത്രുസംഹാര പൂജയ്ക്കായി ഭരണകക്ഷി ഇപ്പോഴേ തന്നെ ഹോമകുണ്ഡവും യജ്ഞനവുമൊക്കെ ഒരുക്കിക്കഴിഞ്ഞിരിക്കണം. 

Latest News