നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനാവശ്യപ്പെട്ട് കേരളം ഒരിക്കൽ കൂടി പ്രക്ഷോഭരംഗത്തേക്കിറങ്ങുകയാണ്. ഇവയുടെ സംരക്ഷണത്തിനായി 2008 ൽ വി എസ് സർക്കാർ രൂപംനൽകിയ, ഏറക്കുറെ മാതൃകാപരമായ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമം പിണറായി സർക്കാർ ഭേദഗതി ചെയ്തതിനെതിരെയാണ് പ്രക്ഷോഭം. ഭൂമാഫിയകൾക്കും കോർപ്പറേറ്റ് കുത്തകകൾക്കും ഭൂമി യഥേഷ്ടം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഭേദഗതിയെന്നാണ് പരിസ്ഥിതി പ്രവർത്തകരും കർഷകരും ആരോപിക്കുന്നത്. സേലം - ചെന്നൈ എട്ടുവരിപാതക്കായി നെൽവയലുകൾ നികത്തുന്നതിനെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ദേശീയപാതക്കും മറ്റാവശ്യങ്ങൾക്കും സുഗമമായി വയലുകൾ നികത്താൻ സൗകര്യം ലഭിക്കത്തക്ക വിധത്തിൽ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു തുടക്കം കുറിക്കാനായി 10വർഷം മുമ്പ് ഈ നിയമം പാസ്സാക്കിയ ആഗസ്റ്റ് 12നുതന്നെ തൃശൂരിൽ വിപുലമായ കൺവെൻഷൻ നടക്കുന്നുണ്ട്.
നെൽവയലുകൾ സംരക്ഷിക്കാനുള്ള നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടായിരുന്നു 2008ൽ സംരക്ഷണനിയമം പാസായത്. വി എസും കെ പി രാജേന്ദ്രനുമായിരുന്നു അതിൽ പ്രധാന പങ്കുവഹിച്ചവർ. എന്നാലിതാ ഇന്ന് ഇവരുടെ പിൻഗാമികളായ പിണറായിയും വി എസ് സുനിൽ കുമാറുംതന്നെ പ്രസ്തുതനിയമത്തിനു മരണ മണിയടിക്കാൻ രംഗത്തിറങ്ങി എന്നതാണ് ചരിത്രത്തിന്റെ കൗതുകം എന്നു പറയുന്നത്. കർഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും വിവിധ സംഘടനകളുടെയും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെയും അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് വികസനത്തിന്റെ പേരിൽ ഇത്തരമൊരു നിയമ ഭേദഗതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. 'പൊതു ആവശ്യം' എന്ന പേരിൽ സർക്കാർ/സ്വകാര്യ പദ്ധതികൾക്ക് വയൽ നികത്താൻ അവസരം നൽകുക, 2008ന് മുമ്പ് നികത്തിയ വയലുകൾ കരഭൂമിയായി പ്രഖ്യാപിക്കുക, ഡാറ്റ ബാങ്കിൽ വിഞ്ജാപനം ചെയ്യപ്പെടാത്ത വയലുകളെ നെൽവയലായി കണക്കാക്കാക്കാതിരിക്കുക, പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം എടുത്തുകളയുക തുടങ്ങിയ അപകടകരമായ തിരുത്തലുകളാണ് ഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്.
കേരളത്തിൽ നഷ്ടപ്പെടുന്ന വയലുകളുടെ കണക്കുകൾ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. കേരള ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌ണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കനുസരിച്ച് 1975-76 കാലഘട്ടത്തിൽ നെൽകൃഷി ചെയ്യുന്ന വയലുകളുടെ അളവ് 8.76 ലക്ഷം ഹെക്ടറായിരുന്നു. 2007-08 കാലഘട്ടത്തിലെത്തിയപ്പോഴേക്കും അത് 2.29 ലക്ഷമായി കുറഞ്ഞു. 2016 -17 എത്തിയപ്പോഴേക്കും 1,71,398 ഹെക്ടറായി മാറി. കഴിഞ്ഞ 40 വർഷം കൊണ്ട് 80 ശതമാനം നെൽകൃഷി കുറഞ്ഞെങ്കിൽ വരുന്ന 20 വർഷം കൊണ്ട് കേരളത്തിൽ നെൽകൃഷി തന്നെ ഇല്ലാതാകാൻ ഇടയുണ്ട്. വേനൽക്കാലത്ത് വരൾച്ചയും വർഷകാലത്ത് പ്രളയവും കാരണം പൊറുതിമുട്ടുകയാണ് കേരളം. ഇത്തരം ഒട്ടേറെ പാരിസ്ഥിതികമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോഴാണ് സർക്കാർ നിയമഭേദഗതിയിലൂടെ നിലവിലുള്ള നിയമം അട്ടിമറിക്കുന്നതെന്ന് കൺവെൻഷൻ ഭാരവാഹികൾ ചൂണ്ടികാട്ടുന്നു. നെൽവയൽ സംരക്ഷിക്കണം എന്നത് കേവലം ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നം മാത്രമല്ല, ജല സുരക്ഷയ്ക്കും കാർഷിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും അത് അത്യന്താപേക്ഷിതമാണെന്ന് അനുദിനം തെളിയുകയാണ്. വിവിധ തരം പക്ഷികൾ, ശലഭങ്ങൾ, തുമ്പികൾ, എട്ടുകാലികൾ, തവളകൾ, ഞണ്ടുകൾ, ഇങ്ങനെ അനേകം ജീവികളെ ഉൾക്കൊള്ളുന്ന ജൈവ ആവാസവ്യവസ്ഥ കൂടിയാണ് വയലുകൾ. അവയില്ലാതാകുന്നതോടെ ഉൾനാടൻ മത്സ്യസമ്പത്ത് ഇല്ലാതാകും. വിസ്തൃതമായ പാടശേഖരങ്ങളിലെ ജലശേഖരം നിരവധി തോടുകളിലൂടെ ഒഴുകി കോടിക്കണക്കിന് ജീവജാലങ്ങൾക്ക് ഭക്ഷണവും നിലനിൽപ്പും പ്രദാനം ചെയ്യുന്നുണ്ട്. ഭൂഗർഭ ജലസ്രോതസ്സിന്റെ വർദ്ധനവിനും സംരക്ഷണത്തിനും പാടശേഖരങ്ങളുടെയും തണ്ണീർ തടങ്ങളുടെയും നിലനിൽപ്പ് അത്യന്താപേക്ഷിതമാണ്. കാട് സംരക്ഷിക്കുന്നതുപോലെ സുശക്തമായ നിയമങ്ങളുണ്ടാക്കി സംരക്ഷിക്കേണ്ട പ്രദേശങ്ങളാണ് നെൽവയലുകൾ. എന്നാൽ വികസനത്തിനെന്നു പറഞ്ഞ് കാടും വയലുകളും കടലും തകർക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. വിവിധ ജില്ലകളിലെ കർഷക സംഘടനകളും കൂട്ടായ്മകളും പാടശേഖര സമിതികളും പരിസ്ഥിതി സംഘടനകളും ഇതിനകം തന്നെ നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമത്തിനെതിരെ വിവിധ സമരപരിപാടികളുമായി മുന്നോട്ടു വന്നു കഴിഞ്ഞു. അതിന്റെ ഭാഗമായാണ് കൺവെൻഷൻ നടക്കുന്നത്. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കർഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധം സർക്കാരിനെ അറിയിക്കുക, നിയമത്തിലെ ജനവിരുദ്ധ കർഷകവിരുദ്ധ നിലപാടുകൾ തള്ളിക്കളയുന്നതിനായുള്ള നിയമപരമായ ഇടപെടലുകൾ എത്രയും പെട്ടെന്ന് നടത്തുക, യുദ്ധകാലാടിസ്ഥാനത്തിൽ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുക, എല്ലാവിധ സമ്മർദ്ദങ്ങളും സഹിച്ചും നെൽവയൽ സംരക്ഷിക്കുന്ന കർഷകർക്ക് റോയൽറ്റിയും ശമ്പളവും ഉൾപ്പെടെ നൽകണമെന്നും അവശേഷിക്കുന്ന നെൽവയലുകൾ 'പാഡി റിസർവ്' ആയി പ്രഖ്യാപിക്കണമെന്നും കൃഷി തത്പരരായി മുന്നോട്ടുവരുന്ന യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുക എന്നിവയാണ് കൺവെൻഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
തീർച്ചയായും വയലുകൾ സംരക്ഷിക്കുക എന്നത് കർഷകരുടെ മാത്രം ഉത്തരവാദിത്തമല്ല. ഭൂമി ഏറ്റവും വിലയേറിയ ചരക്കായി മാറിയ സാഹചര്യത്തിൽ വയലുകൾ സംരക്ഷിക്കേണ്ടത് അവർ തനിച്ചല്ല താനും. കൃഷി ലാഭകരമായി നടത്തുക അത്ര എളുപ്പമല്ല എന്ന് എല്ലാവർക്കുമറിയാം. അതിനാൽതന്നെ മൊത്തം സമൂഹത്തിനും സർക്കാരിനും അതിലുത്തരവാദിത്തമുണ്ട്. നെൽവയൽ സംരക്ഷിക്കുന്ന കർഷകർക്ക് റോയൽറ്റിയും ശമ്പളവും നൽകുക എന്ന ആവശ്യത്തിന്റെ പ്രസക്തി അവിടെയാണ്. പൊന്നാനി നഗരസഭ ഇക്കാര്യത്തിൽ ഒരു തുടക്കമിട്ടിട്ടുണ്ട്. ഭൂമിയുടെ പച്ചപ്പ് കാക്കുന്നവർക്ക് ഗ്രീൻ റോയൽറ്റി എന്ന നൂതന ജനകീയാസൂത്രണ പദ്ധതിക്കാണ് അവർ രൂപം നൽകിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് സമ്മർദ്ദത്തിലും വയൽ, കുളം, കാവ് എന്നിവ നികത്തി വിറ്റ് പണമുണ്ടാക്കാം എന്ന ചിന്തയെ അതിജീവിച്ച് അതേ പടി സംരക്ഷിച്ചവർക്കാണ് സമൂഹത്തിന്റെ ആദരം എന്ന നിലക്ക് ഗ്രീൻ റോയൽറ്റി നൽകുന്നത്. നെൽകൃഷിയുടെയും കാവ് -കുളങ്ങളുടെയും കണ്ടലുകളുടേയും ഭൗതികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ മൂല്യത്തെ അറിയുവാനും പ്രചരിപ്പിക്കുവാനും ആദരിക്കുവാനും കൂടിയാണ് പദ്ധതിയെന്ന് നഗരസഭാധികൃതർ പറയുന്നു. തീർച്ചയായും ഈ മാതൃക എല്ലാവരും പിന്തുടരേണ്ടതാണ്. മറ്റൊന്നുകൂടി. റോഡിന്റെ വശങ്ങളിലെ പുല്ലുചെത്തിക്കളയുക എന്ന അനാവശ്യപരിപാടിയിലൊതുങ്ങുന്ന തൊിലുറപ്പുപദ്ധതി പൂർണ്ണമായും കാർഷികമേഖലയിലേക്കു തിരിച്ചുവിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
തരിശായികിടക്കുന്ന പാടശേഖരങ്ങൾ ഈ പദ്ധതിയിലൂടെ ഫലഭൂയിഷ്ടമാക്കാനാകും. പച്ചക്കറിമേഖലയിലേക്കും പദ്ധതി തിരിച്ചുവിടണം. എന്നാലിതൊന്നും മനസ്സിലാക്കാനുള്ള വിവേകം നമ്മുടെ ഭരണാധികാരികൾക്കില്ല എന്നതാണ് ദയനീയം. ഒരു വശത്ത് വികസനമെന്നാൽ റോഡും കെട്ടിടങ്ങളും മറ്റുമാണെന്ന ധാരണയിൽ അവശേഷിക്കുന്ന പാടങ്ങൾ നികത്തുകയാണ് സർക്കാർ ചെയ്യുന്നത്. ബദൽ മാർഗ്ഗങ്ങൾ ആരായാമെന്ന കേന്ദ്രതീരുമാനത്തെ പോലും അംഗീകിരിക്കാൻ സർക്കാർ തയ്യാറല്ല. മറുവശത്ത് കൃഷി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കർഷകരുടേതു മാത്രമാണെന്നു ധരിക്കുന്നു. വൈകിയ വേളയിലെങ്കിലും ഈ ധാരണ തിരുത്തി, ക്രിയാത്മകമായ നടപടികളിലേക്കാണ് സർക്കാർ നീങ്ങേണ്ടത്.






