നവകേരള സദസ്സിന് ഉപയോഗിക്കുന്ന ബസ് വാങ്ങാന്‍ ഇപ്പോള്‍ തന്നെ ആളുകള്‍ സമീപിച്ചിട്ടുണ്ടെന്ന് എ.കെ ബാലന്‍, ഇരട്ടി വില കിട്ടും

കാസര്‍കോട് -  ഭരണ യന്ത്രം എങ്ങനെയാണ് ചലിക്കാന്‍ പോകുന്നത് എന്നതിന്റെ ഉദാഹരണമായിരിക്കും നവകേരള സദസെന്ന് സി പി എം നേതാവ് എ കെ ബാലന്‍. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം ആണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എ കെ ബാലന്‍. നല്ല രീതിയില്‍ നടന്ന കേരളീയത്തെ കള്ള പ്രചരണം നടത്തി ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇവിടെയും അതേ ശ്രമം യു ഡി എഫിന്റെയും  ബി ജെ പിയുെടയും ഭാഗത്ത് നിന്നുണ്ടാകുകയാണെന്നും എ കെ ബാലന്‍ പറഞ്ഞു. ഇതിന്റെ ആദ്യപടിയാണ് ആഡംബര വാഹനം എന്ന പ്രചരണം. ഈ വാഹനം ടെന്‍ഡര്‍ വെച്ച് വില്‍ക്കാന്‍ നിന്നാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തില്‍ വെച്ചാല്‍ തന്നെ ലക്ഷക്കണക്കിന് പേര്‍ കാണാന്‍ വരുമെന്നും എകെ ബാലന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ അത് വാങ്ങാന്‍ ആളുകള്‍ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനായിരങ്ങള്‍ ഈ ബസ് കാണാന്‍ വഴിയരികില്‍ തടിച്ചു കൂടുമെന്നും ആര്‍ഭാടം ആണെന്ന് പറഞ്ഞു ആരും രംഗത്തുവരണ്ടെന്നും എകെ ബാലന്‍ വ്യക്തമാക്കി. പ്രതിപക്ഷം മാറിനില്‍ക്കേണ്ട ഗതികേടിലെത്തിയെന്ന് അദ്ദേഹം പരിഹസിച്ചു.

 

Latest News