Sorry, you need to enable JavaScript to visit this website.

അനധികൃത ചിട്ടി കമ്പനികളെ കരുതിയിരിക്കുക, കേരള പോലീസ് മുന്നറിയിപ്പ് 

കൊച്ചി- സംസ്ഥാനത്തെ അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തരുതെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന 168 സ്ഥാപനങ്ങളുടെ പട്ടികയും പോലീസ് പ്രസിദ്ധീകരിച്ചു. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ബഡ്‌സ് നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. പ്രസിദ്ധീകരിച്ച പട്ടികയിലുള്ള സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാട് പാടില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി അറിയിച്ചു. രജിസ്ട്രാര്‍ ഓഫ് കമ്പനി സര്‍ക്കാരിന് കൈമാറിയ കമ്പനികളുടെ പേര് പോലീസിന്റെ ഔദ്യോഗിക സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവയ്ക്കും. കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് പരാതികള്‍ വ്യാപകമാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിശദ വിവരങ്ങളടക്കം പങ്കുവെച്ചുള്ള പോലീസിന്റെ അറിയിപ്പ്. പോലീസ് പ്രസിദ്ധീകരിച്ച പട്ടിക വെബ് സൈറ്റിലുണ്ട് വേേു:െ//സലൃമഹമുീഹശരല.ഴീ്.ശി/ുമഴല/മിിീൗിരലാലിെേ
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത വേണമെന്നും പോലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്....

നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവര്‍ നിങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറിലേയ്ക്കുള്ള സേവനങ്ങള്‍ ചില സാങ്കേതികപ്രശ്നങ്ങള്‍ മൂലം നിര്‍ത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമര്‍ കെയറില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം. ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാന്‍ ഇടയാകും എന്നും ഇവര്‍ അറിയിക്കുന്നു. ഇതൊഴിവാക്കാന്‍ ഒരു 'അസിസ്റ്റ് ആപ്പ്' ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക.മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ല. അത്തരം കാളുകള്‍ സംശയത്തോടെ കാണുക, നിരുത്സാഹപ്പെടുത്തുക. അനാവശ്യമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ വിവരം 1930 എന്ന സൈബര്‍ പോലീസ് ഹെല്‍പ് ലൈന്‍ നമ്പറില്‍ അറിയിക്കുക. ഒരു മണിക്കൂറിനകം തന്നെ ഈ നമ്പറില്‍ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Latest News