Sorry, you need to enable JavaScript to visit this website.

മോഷ്ടിച്ചത് 500 ആഢംബര കാറുകള്‍, വരവ് വിമാനത്തില്‍; ഹൈടെക്ക് കള്ളന്‍ ദല്‍ഹിയില്‍ പിടിയില്‍

ന്യൂദല്‍ഹി- അത്യാധുനിക ആഢംബര കാറുകളുടെ സോഫ്റ്റ്‌വെയര്‍ പൂട്ടു പൊളിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപുള്ളിയെ ദല്‍ഹി പോലീസ് ഒടുവില്‍ വലയിലാക്കി. അഞ്ചു വര്‍ഷത്തിനിടെ ദല്‍ഹിയിലെ ഉന്നതരുടെ 500ഓളം ആഢംബര കാറുകള്‍ മോഷ്ടിച്ച് പോലീസിന്റെയു സമ്പന്നരുടേയും ദുസ്വപ്‌നമായി ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാവ് സഫറുദ്ദീനെയാണ് പോലീസ് നാടകീയമായി പിടികൂടിയത്. 29കാരനായ ഇയാളുടെ മോഷണ സംഘം ഹൈദരാബാദില്‍ നിന്നും വിമാന മാര്‍ഗം ദല്‍ഹിയിലെത്തിയാണ് മോഷണം നടത്തിയിരുന്നത്. പോലീസിന്റെ കണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ കൃത്യം നിര്‍വഹിച്ച ശേഷം വിമാനത്തില്‍ തന്നെ സംഘം മടങ്ങും. ഒരു തുമ്പുമില്ലാതെ പോലീസ് വലയുമ്പോള്‍ ഇയാള്‍ പുറത്ത് വിലസുകയായിരുന്നു.  മോഷ്ടിച്ച കാറുകള്‍ പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് തുടങ്ങി മറ്റു സംസ്ഥാനങ്ങളിലെ ഇവരുടെ ആളുകള്‍ക്ക് കൈമാറി വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നത്. 

വടക്കന്‍ ദല്‍ഹിയിലെ നന്ദ് നഗ് രി സ്വദേശിയായ സഫറുദ്ദീനെ ഓഗസ്റ്റ് മൂന്നിനാണ് പിടികൂടിയതെന്ന് പോലീസ് വെള്ളിയാഴ്ച പറഞ്ഞു. കാറോടിച്ചു പോകുന്നതിനിടെ പോലീസ് കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയതാണ് ഇയാള്‍ക്ക് കുരുക്കായത്. 50 കിലോമീറ്ററോളം പോലീസ് പിന്തുടര്‍ന്ന് ഒടുവില്‍ പ്രഗതി മൈതാനു സമീപത്തു വച്ചു തടയുകയായിരുന്നു. സഫറുദ്ദീന്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആഢംബര കാറുകളുടെ മോഷണ പരമ്പരയ്ക്കു പിന്നില്‍ ഇയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദല്‍ഹി പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഒരു വര്‍ഷം 100 ആഢംബര കാറുകള്‍ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയിരുന്നതെന്ന് സഫറുദ്ദീന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. സുഹൃത്ത് മുഹമ്മദ് ശരീക്കിനൊപ്പം ഈയിടെ ഹൈദരാബാദില്‍ നിന്നെത്തിയതായിരുന്നു ഇദ്ദേഹം. ലാപ്‌ടോപ്പും ഹൈ ടെക്ക് ഉപകരണങ്ങളുമായാണ് ഇവരുടെ മോഷണം. കാറിന്റെ സോഫ്റ്റ് വെയര്‍, ജി.പി.എസ്, ലോക്കിങ് സിസ്റ്റം എന്നിവ അനായാസം പൊട്ടിക്കാനുള്ള സാങ്കേതിക വിദ്യ ഇവരുടെ കൈവശമുണ്ടെന്നും പോലീസ് പറഞ്ഞു. ജൂണില്‍ പോലീസിനു നേരെ വെടിയുതിര്‍ത്ത് ഇയാളും സംഘവും രക്ഷപ്പെട്ടിരുന്നു. അന്ന് സംഘത്തിലെ നൂര്‍ മുഹമ്മദ് എന്നയാള്‍ കൊല്ലപ്പെടുകയും മറ്റൊരംഗമായ രവി കുല്‍ദീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
 

Latest News