Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചതിലെ വഴിത്തിരിവ്; നിരവധി പേരെ ചോദ്യം ചെയ്തു

തൃശൂർ-തിരുവില്വാമലയിൽ  മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി ആദിത്യശ്രീ മരിച്ച സംഭവത്തിലെ പുതിയ കണ്ടെത്തലുകളെ തുടർന്ന് പോലീസ് അന്വേഷണം വീണ്ടും ഊർജിതമാക്കി. ഫോൺ പൊട്ടിത്തെറിച്ചതു മൂലമല്ല മറിച്ച് മുറിക്കകത്ത് ഉഗ്രശേഷിയുള്ള മറ്റെന്തോ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണ് കുട്ടിയുടെ അപകടമരണത്തിന് കാരണമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഫോറൻസിക് പരിശോധനഫലം.
സംഭവം നടന്ന് ഏഴുമാസം ആകുമ്പോഴാണ്  ഫോറൻസിക് റിപ്പോർട്ട് പുറത്തുവരുന്നത്. പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പോലീസ് ഇവരുടെ അയൽവാസികളടക്കമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. കുട്ടി കണ്ടുകൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ഇതുവരെ സംശയിച്ചിരുന്നത്. അപകടം നടന്നയുടൻ മുറിയിലെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്ന് കരുതിയിരുന്നു.
പൊട്ടിത്തെറി നടന്ന മുറിയിൽ നിന്ന് പൊട്ടാസ്യം ക്ലോറേറ്റ് , സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇത് സംബന്ധിച്ച ഫോറൻസിക് പരിശോധന ഫലം പോലീസിന് ലഭിച്ചു. കുട്ടിയുടെ ശരീരത്തിൽ നിന്നും കിടക്കയിൽ നിന്നുമെല്ലാം എടുത്ത സാമ്പിളുകൾ  പരിശോധിച്ചതിൽ നിന്നാണ് ഈ തെളിവുകൾ ലഭിച്ചത്. പന്നിപ്പടക്കമാകാം പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ എങ്ങിനെ ഈ മുറിയിൽ പന്നിപ്പടക്കം വന്നു എന്നതിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. ഇതാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നത്.
പന്നിക്ക് കെണിവച്ച പടക്കം കുട്ടി എടുത്തുകൊണ്ടുവന്ന് മുറിയിൽ കൊണ്ടുപോയി കളിച്ചപ്പോൾ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് നിഗമനം.
ഇവർ താമസിക്കുന്ന മേഖലയിൽ പന്നികളുടെ ശല്യം ഉള്ളതിനാൽ കർഷകരടക്കമുള്ളവർ പന്നിയെ തുരത്താൻ പന്നിപ്പടക്കങ്ങൾ ഉപയോഗിക്കാറുണ്ട്.
പൊട്ടാതെ കിടന്നത് ഏതെങ്കിലും കിട്ടിയപ്പോൾ ആദിത്യശ്രീ വീട്ടിലേക്ക് എടുത്തുകൊണ്ടുവന്നിരുന്നോ എന്നും സംശയിക്കുന്നുണ്ട്.
വീര്യമേറിയ സ്‌ഫോടനങ്ങൾക്കുപയോഗിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതോടെ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നുണ്ട്.
ഫോണിൻറെ ബാറ്ററി അമിതമായി ചൂടായതിനെ തുടർന്നുണ്ടായ കെമിക്കൽ ബ്ലാസ്റ്റ് എന്ന നിഗമനത്തിലായിരുന്ന പോലീസ് പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾ പുറത്തുവന്നതോടെ സ്‌ഫോടനത്തിൻറെ കാര്യകാരണങ്ങൾ കണ്ടെത്താൻ ഊർജിതമായ  അന്വേഷണം പലതലത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പന്നിപ്പടക്കം പോലുള്ള സ്‌ഫോടവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് തങ്ങൾ കരുതുന്നില്ലെന്ന് ആദിത്യശ്രീയുടെ അച്ഛൻ അശോകൻ പ്രതികരിച്ചു.
 

Latest News