Sorry, you need to enable JavaScript to visit this website.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചയാൾ യുവമോർച്ചയിൽ

തിരുവനന്തപുരം - വ്യാജ ഐ.ഡി വിവാദം കത്തുന്നതിനിടെ, യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വിജയിച്ചയാൾ മൂന്നുമാസം മുമ്പ് പാർട്ടി വിയാളെന്ന് വെളിപ്പെടുത്തൽ. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം മണ്ഡലം പ്രസിഡന്റായി വിജയിച്ച ഗിരീഷ് ആണ് യുവമോർച്ചയിൽ പ്രവർത്തിക്കുന്നത്.  യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് മൂന്ന് മാസം മുമ്പാണ് ഗിരീഷ് ബി.ജെ.പിയിൽ ചേർന്നതെന്നും പറയുന്നു.
  ശരിയായ രീതിയിൽ യൂത്ത്‌കോൺഗ്രസ് തെരഞ്ഞെടുപ്പ് നടക്കാത്തതിനാലാണ് സംഘടന വിട്ടത്. ഇത്ര വോട്ടൊന്നും പിടിച്ചിട്ടില്ലായിരുന്നു. അട്ടിമറി നടന്നെന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, വിന്‌സെന്റ് എം.എൽ.എ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനുള്ള ടെക്‌നോളജി കൈയ്യിലുണ്ടെന്ന് ഷാഫി പറഞ്ഞിരുന്നു. ഫോട്ടോ കിട്ടിക്കഴിഞ്ഞാൽ വ്യാജ ഐ.ഡി നിർമിക്കാമെന്ന് അന്ന് പറഞ്ഞിരുന്നു. ഷാഫി പറമ്പിലിന്റെ അഹങ്കാരമാണിപ്പോൾ കാണാൻ കഴിയുന്നതെന്നും വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വ്യാപകമായി വോട്ട് ചെയ്തുവെന്നും ഗിരീഷ് ആരോപിച്ചു.
 അതിനിടെ, യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തീർത്തും കുറ്റമറ്റ നിലയിലാണ് നടന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ  മാങ്കൂട്ടത്തിൽ വ്യക്തമാക്കി. വാർത്തകളിൽ ഇടം പിടിക്കാനാണ് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും പരാതി നല്കിയത്. അതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തട്ടെയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. 
 യൂത്ത് കോണ്ഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ദേശീയ കമ്മിറ്റിയുടേയും എ.ഐ.സി.സിയുടേയും നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ്. മറ്റ് ഇടപെടലുകൾ നടക്കാതിരിക്കാൻ സ്വതന്ത്ര സ്വഭാവത്തോടെയുള്ള ഏജൻസിയെ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏത് പരാതി ലഭിച്ചാലും അന്വേഷണം നടക്കട്ടെയെന്നും രാഹുൽ പറഞ്ഞു. 
 യൂത്ത്‌കോൺഗ്രസ് തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഒരാളുടെ പേര് വരണമെങ്കിൽ ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒർജിനിൽ ഐ.ഡി കാർഡിന്റെ ഇരുവശങ്ങളും സ്‌കാൻ ചെയ്ത് വീഡിയോ കോൾ ചെയ്ത് ഞാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി, അതിൽ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം പൂരിപ്പിച്ച് നൽകണം. അങ്ങനെ നൽകിയാലും ഫോട്ടോ ക്ലാരിറ്റി അടക്കമുള്ള പല പ്രശ്‌നങ്ങളാൽ പലരുടെയും അപേക്ഷകൾ തിരസ്‌കരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരു വലിയ പ്രോസസിൽ ഐ.ഡി കാർഡിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പരിശോധിക്കട്ടെ. പരാതി ആർക്കും നൽകാവുന്നതേയുള്ളൂ. ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതപ്പടി വിഴുങ്ങാനാവില്ല. ഡി.വൈ.എഫ്.ഐ ഇപ്പോൾ ഉണ്ടെന്ന് അറിയാനെങ്കിലും ഈ ആരോപണം വേണ്ടിവന്നു. പിന്നെ, കെ സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകാലത്തെ ഓർമകളാണ്. എതിർ സ്ഥാനാർത്ഥിക്ക് കാശ് കൊടുക്കുക, വിവാങ്ങളുണ്ടാക്കുക. തെരഞ്ഞെടുപ്പ് എന്നുവെച്ചാൽ ഒന്ന് തോൽക്കാനും പിന്നെ അട്ടിമറിക്കാനും ആണെന്ന് വിചാരമുണ്ട്. അതുകൊണ്ട് സുരേന്ദ്രന്റെ ആരോപണത്തെ ഞാൻ അങ്ങനെയെ കാണുന്നുള്ളൂവെന്നും രാഹുൽ പരിഹസിച്ചു.
 നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും കെ സുരേന്ദ്രൻ ഉയർത്തിയിട്ടില്ല. ചാണ്ടി ഉമ്മന് തമിഴ്‌നാട്ടിൽ വസ്തുവുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞിട്ട് ചാണ്ടി ഉമ്മൻ അത് വിറ്റ് കുറച്ച് പൈസ ഉണ്ടാക്കാൻ തമിഴ്‌നാട് മുഴുവൻ ഓടി നടന്നു. ആ വസ്തു ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരുവഞ്ചൂരിന്റെ മകന് കുപ്പിവെള്ള കമ്പനിയുണ്ടെന്ന് പറഞ്ഞിട്ട് അത് ഇതുവരെ കണ്ടെത്തി തന്നിട്ടില്ലെന്നും രാഹുൽ മാങ്കുട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. 

Latest News