ന്യൂദൽഹി- ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇസ്രായിൽ- ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം ഫലസ്തീനിലെ ജനങ്ങൾക്ക് മാനുഷിക സഹായം അയച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഭവങ്ങളിൽ പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നത് കാണുന്നുണ്ട്. ഒക്ടോബർ ഏഴിന് ഇസ്രായിലിൽ നടന്ന ഹീനമായ ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംയമനത്തോടൊപ്പം, സംഭാഷണത്തിനും നയതന്ത്രത്തിനും ഇന്ത്യ ഊന്നൽ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള നന്മയ്ക്കായി ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ ഒരേ സ്വരത്തിൽ സംസാരിക്കേണ്ട സമയമാണിത്. ആഗോള പുരോഗതിക്ക് എല്ലാവരുടെയും പിന്തുണയും എല്ലാവരുടെയും വികസനവും ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.