റിയാദ് - തലസ്ഥാന നഗരിയിലെ ജാബിർ റോഡിൽ വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോർഡുകളും കെട്ടിടങ്ങളിൽ സ്ഥാപിച്ച ബിൽബോർഡുകളും കനത്ത മഴക്കിടെയുണ്ടായ ശക്തമായ കാറ്റിൽ നിലംപതിച്ച് ഏതാനും കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. റിയാദ് അൽഖലീജ് ഡിസ്ട്രിക്ടിൽ കെട്ടിടത്തിന്റെ മുൻഭാഗത്തെ ക്ലാഡിംഗ് ഭാഗികമായി തകർന്നു. സിവിൽ ഡിഫൻസ് മേൽനടപടികൾ സ്വീകരിച്ചു. ആർക്കും പരിക്കില്ലെന്ന് റിയാദ് സിവിൽ ഡിഫൻസ് അറിയിച്ചു.
തലസ്ഥാന നഗരിയിലെ മറ്റൊരിടത്ത് ജനവാസ കേന്ദ്രത്തിൽ നിർത്തിയിട്ട കാറിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. കാറിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. സംഭവ സമയത്ത് കാറിൽ ഡ്രൈവറില്ലാത്തതിനാൽ ദുരന്തം ഒഴിവായി. ഡ്രൈവർ കാർ നിർത്തി നമസ്‌കാരം നിർവഹിക്കാൻ സമീപത്തെ മസ്ജിദിലേക്ക് കയറിപ്പോയ സമയത്താണ് അപകടം.