മുഖ്യമന്ത്രിക്ക് സങ്കട ഹര്‍ജി തയ്യാറാക്കി കാത്തിരുന്നു, പക്ഷേ മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് ആത്മഹത്യയില്‍ അഭയം തേടി

കണ്ണൂര്‍- അയ്യന്‍കുന്നില്‍ കര്‍ഷകന്‍ ജീവനൊടുക്കിയത് നവകേരള സദസ്സിന് എത്തുന്ന മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കട ഹര്‍ജി തയ്യാറാക്കി വെച്ച ശേഷം. എന്നാല്‍ മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പ് സുബ്രഹ്‌മണ്യന്‍ സ്വയം ഈ ലോകത്തോട് വിടപറഞ്ഞു. തന്റെ ദുരിതങ്ങള്‍ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും നിവേദന ഹര്‍ജിയിലുണ്ട്.  സുബ്രഹ്‌മണ്യന്‍ ആത്മഹത്യ ചെയ്തത് വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നെന്ന് കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് പാലത്തുംകടവ്, മുടിക്കയം സ്വദേശി നടുവത്ത് സുബ്രമണ്യന്‍ ആത്മഹത്യ ചെയ്തത്. ക്യാന്‍സര്‍ രോഗി ആയിരുന്ന സുബ്രമണ്യന്‍ പെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടേക്കര്‍ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യണ്ടി വന്ന കര്‍ഷകനാണ് സുബ്രമണ്യന്‍. കൃഷിയെല്ലാം കാട്ടാന നശിപ്പിച്ചു. ഒടുവില്‍ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായതോടെ എല്ലാം ഉപേക്ഷിച്ച് വാടക വീട്ടിലേക്കെത്തി. രണ്ടര വര്‍ഷമായി നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടില്‍ ആയിരുന്നു താമസം.

 

Latest News