കണ്ടല ബാങ്ക് കള്ളപ്പണ കേസ്;  ഇന്ന് ഹാജരാകില്ലെന്ന് ഭാസുരാംഗന്‍

തിരുവനന്തപുരം- കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിനായി ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍ ഇന്ന് ഹാജരാകില്ല. ചില അസൗകര്യങ്ങള്‍ കാരണം മറ്റൊരു ദിവസം നല്‍കണമെന്നാണാണ് ഭാസുരാംഗന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഇഡി ഉടന്‍ തീരുമാനമെടുക്കും. ഇന്ന് രാവിലെ കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസിലെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, മകള്‍ ഭിമ എന്നിവരെ പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നത്. ഭാസുരാംഗന്റെ നികുതി രേഖകള്‍ അടക്കം ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ടലയില്‍ പിടിമുറുക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.

Latest News