ഉഡുപ്പി- കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ കൂട്ടക്കൊലപാതകം നടത്തിയ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സംഘര്‍ഷഭരിതമായ രംഗങ്ങള്‍, തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിയെ തങ്ങള്‍ക്ക് വിട്ടുതരാന്‍ പോലീസിനോട് പറഞ്ഞു.
'നാല് പേരെ കൊല്ലാന്‍ അവന് 15 മിനിറ്റ് എടുത്തു. അവനെ ഞങ്ങള്‍ക്ക് 30 സെക്കന്‍ഡ് നേരത്തേക്ക് തരൂ... കൊലപാതകത്തിന് ഇരയായവരുടെ വീടിന് സമീപം തടിച്ചുകൂടിയ ജനക്കൂട്ടം പറഞ്ഞു. എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ ആയിരുന്ന ഐനാസ് എം (21), അമ്മ ഹസീന (47), സഹോദരി അഫ്‌നാന്‍ (23), സഹോദരന്‍ അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതിയും എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗവുമായ പ്രവീണ്‍ ചൗഗുലെയെ തെളിവെടുപ്പിന് വ്യാഴാഴ്ച ഉച്ചയോടെയാണ് കൃത്യം നടന്ന സ്ഥലത്ത് കൊണ്ടുവന്നത്. അന്വേഷണം നടക്കുകയാണെന്നും ജനക്കൂട്ടം പിരിഞ്ഞുപോകണമെന്നും പേലീസ് അഭ്യര്‍ഥിച്ചു. എന്നാല്‍, കൂടുതല്‍ ആളുകള്‍ തടിച്ചുകൂടിയതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു.
ചില കുടുംബസുഹൃത്തുക്കളും നാട്ടുകാരം സ്ഥലത്ത് തടിച്ചുകൂടി, പ്രതികള്‍ സഞ്ചരിച്ച പോലീസ് വാഹനത്തിന്റെ നീക്കം തടയാന്‍ ശ്രമിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഞങ്ങള്‍ക്ക് ലാത്തി ചാര്‍ജ് ചെയ്യേണ്ടിവന്നു. പ്രതിയെ പോലീസ് സ്‌റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി. സ്ഥിതിഗതികള്‍ സമാധാനപരമാണ്, സമാധാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച് സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ഉഡുപ്പി പോലീസ് സൂപ്രണ്ട് അരുണ്‍ കെ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെ വീട്ടിനുള്ളില്‍ വെച്ചാണ് ഇയാള്‍ നാല് പേരെ കുത്തിക്കൊന്നത്. രണ്ട് ദിവസത്തിന് ശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ അംഗമായി ജോലി ചെയ്തിരുന്ന മുന്‍ മഹാരാഷ്ട്ര പോലീസുകാരനാണ് ചൗഗുലെയെന്ന് പോലീസ് പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുമുള്ള ചൗഗുലെ, എയര്‍ലൈനില്‍ ജോലി ചെയ്തിരുന്ന ഐനാസുമായി ജോലിയുമായി ബന്ധപ്പെട്ട യാത്രക്കിടെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് പ്രതി വല്ലാതെ പൊസസ്സീവ് ആയ ആളാണെന്നും അസൂയയും വിരോധവുമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.