Sorry, you need to enable JavaScript to visit this website.

ഗള്‍ഫിലെ ബലി പെരുന്നാളിന് ഇത്തവണ ഇന്ത്യയില്‍ നിന്ന് ആടുകളെത്തില്ല; കയറ്റുമതി കേന്ദ്രം നിരോധിച്ചു

ന്യൂദല്‍ഹി- ഇത്തവ ബലി പെരുന്നാള്‍ സീസണ്‍ അടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കമുള്ള കന്നുകാലി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനിശ്ചിതകാല നിരോധനമേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന കാലികളെ കശാപ്പു ചെയ്യാനുപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്കെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഗുജറാത്തിലെ ടുന തുറമുഖത്ത് ആടുകള്‍ കെട്ടിക്കിടക്കുകയാണ്. ദുബയിലേക്ക് കയറ്റിഅയക്കാനുള്ളവയായതിനാല്‍ ഈ കാലികളെ കശാപ്പു ചെയ്യാനുള്ളതാണെന്ന് ഉറപ്പാണ്. കശാപ്പു ചെയ്യാന്‍ കാലികളെ കയറ്റി അയക്കുന്നത് വിലക്കണമെന്ന് പൊതുജനങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബലി പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫിലേക്ക് ഇവിടെ നിന്നുള്ള ആട് കയറ്റുമതി വര്‍ധിക്കും. ഇതിനിടെയാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത വിലക്ക്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലികയറ്റുമതിക്കെതിരെ പ്രതിഷേധം ശക്തമാണെന്നും ഇതു കണക്കിലെടുത്ത് ക്രമസമാധാനം നിലനിര്‍ത്താനാണ് വിലക്കേര്‍പ്പെടുത്തിയതെന്നും ഷിപ്പിങ് സെക്രട്ടറി ഗോപാര്‍ കൃഷ്ണ പറഞ്ഞു. 

ഈ കയറ്റുമതിക്കെതിരെ നിരവധി മൃഗസ്‌നേഹികളുടെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഏതാനും നാളുകള്‍ക്കു മുമ്പ് നാഗ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കാലികളെ കയറ്റി അയക്കുന്നതിനെതിരെ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് രാജ്യത്തെ തുറമുഖങ്ങള്‍ വഴിയുള്ള കാലി കയറ്റുമതിക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയത്. ഗുജറാത്ത് സര്‍ക്കാരും ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഈ വിലക്ക് വരുന്നത് ഇന്ത്യയില്‍ നിന്നുള്ള കാലിക്കയറ്റുമതിയില്‍ കുതിപ്പുണ്ടായിരിക്കുന്ന സമയത്താണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ല്‍ കാലിക്കയറ്റുമതി വഴി 69.30 കോടി മാത്രമെ നേടിയിരുന്നുള്ളൂവെങ്കില്‍ 2016-17 ആയപ്പോഴേക്കും ഇത് 527.40 കോടി രൂപയിലെത്തിയിരുന്നു. 2017-18 വര്‍ഷത്തില്‍ ഇത് അല്‍പ്പം താഴന്ന് 411.02 കോടിയിലെത്തിയതായും വാണിജ്യമന്ത്രാലയം കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് പ്രധാനമായും കാലികളെ കയറ്റി അയക്കുന്നത് യുഎഇയിലേക്കും നേപ്പാളിലേക്കുമാണ്. ഗുജറാത്തിലെ ടുന, മുംബൈ തുറമുഖങ്ങളില്‍ നിന്നാണ് ഏറ്റവും കൂടതല്‍ കാലികളെ കയറ്റിമതി ചെയ്യുന്നത്.

ഈ വിലക്ക് നിരവധി കുടുംബങ്ങളേയും പരമ്പരാഗതമായി കാലിവളര്‍ത്തലില്‍ ഏര്‍പ്പെട്ടവരേയും പ്രതികൂലമായി ബാധിക്കുമെന്ന് ലൈവ്‌സ്റ്റോക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആദില്‍ നൂര്‍ പറയുന്നു. നാലു പതിറ്റാണ്ടിലേറെ കാലം ഈ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേതായി ഗുജറാത്തിലും രാജസ്ഥാനിലും 40,000ഓളം കുടുംബങ്ങളുണ്ട്. ഇവരുടെ ജീവിതം വഴിമുട്ടും. പലരും ബാങ്ക് ലോണുകളെടുത്താണ് ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്നത്. അവിടെ നിന്നും ഓര്‍ഡറുകള്‍ ഏറ്റെടുത്ത നിരവധി കയറ്റുമതിക്കാരുണ്ട്. ഈ അനിശ്ചിതകാല നിരോധനം വന്നതോടെ ഇവരുടെ എല്ലാം വഴിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News