ആലപ്പുഴയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

ആലപ്പുഴ-ഭാര്യയെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മുളക്കുഴ പഞ്ചായത്തു 14ാം വാര്‍ഡില്‍  കിഴക്കേ പറമ്പില്‍ ശ്രീജിത്ത് (44) ആണ് മരിച്ചത്. ഭാര്യ ജയശ്രീ (42)ക്കാണ് പരിക്കേറ്റത്. തലയിലും കഴുത്തിലും കൈയിലുമായി പത്തോളം വെട്ടുകളേറ്റ ഇവരെ ആദ്യം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തിട്ടുണ്ട്.
രാവിലെ 9.45നായിരുന്നു സംഭവം. തലേദിവസം രാത്രി  മദ്യപിച്ച് എത്തിയ ശ്രീജിത്ത് ഭാര്യയെ മര്‍ദിക്കുകയും മകള്‍ ആരതിക്ക് വിഷം കലക്കിയ വെള്ളം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മകള്‍ ഇത് തട്ടികളയുകയായിരുന്നു. മദ്യപിച്ചു ലക്കുകെട്ട ശ്രീജിത് തുടര്‍ന്നും ബഹളമുണ്ടാക്കുകയും ചെയ്തു. രാവിലെ ഭാര്യയെ വീട്ടിലുപയോഗിച്ചിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്കും കഴുത്തിലും വെട്ടി. വെട്ടു കൊണ്ട്  അടുത്ത വീട്ടിലേക്ക് ഓടി കയറിയ ജയശ്രീയെ വീട്ടുകാരുടെ
 മുന്നിലിട്ട് ശ്രീജിത് വീണ്ടും വെട്ടിപരിക്കേല്‍പ്പിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ ശ്രീജിത് വീട്ടിലേക്ക് മടങ്ങി. ജയശ്രീയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് വീട്ടിലെ കിടപ്പുമുറിയില്‍ ശ്രീജിത് തൂങ്ങിമരിച്ചത്. മകളെ ബന്ധുക്കള്‍ പുലിയൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. ജയശ്രീ തൊഴിലുറപ്പ് തൊഴിലാളിയാണ്.
ചെങ്ങന്നൂര്‍ സിഐ വിപിന്‍ എസിയുടെ നേതൃത്വത്തില്‍ എസ്‌ഐ ശ്രീജിത്, വനിതാ എസ്‌ഐ അനിലകുമാരി, സയന്റിഫിക് ഓഫീസര്‍ അജിന്‍ബാബു, ഫംഗര്‍പ്രിന്റ് വിദഗ്ധ പ്രതിഭ. പി തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂലിപ്പണിക്കാരനാണ് ശ്രീജിത്.  മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

 

Latest News