Sorry, you need to enable JavaScript to visit this website.

മുതൽമുടക്കില്ലാതെ സ്വയം തൊഴിൽ

ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് സമയം കളയുന്നവരുടെ സമയം മറ്റുള്ളവർക്ക് വിലപ്പെട്ടതാണ്. സമയം അമൂല്യമാണ്. അതു പാഴാക്കാതെ വേണ്ടവിധം ഉപയോഗിക്കാനറിഞ്ഞാൽ ജീവിതം പാഴാവില്ല. എല്ലാം നഷ്ടപ്പെട്ടുവെന്നു കരുതി ആത്മഹത്യയിലും അഭയം തേടേണ്ടി വരില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം മോറിമോട്ടോയെ പോലുള്ളവരുടെ സേവനം അനിവാര്യമായി വരികയാണ്. 


ഒരു മുതൽമുടക്കും അധ്വാനവും ഇല്ലാതെ വരുമാനം ഉണ്ടാക്കുക. ഏവരും സ്വപ്നം കാണുന്ന ഒന്നാണിത്. ശരീരം അനങ്ങാതെ എങ്ങനെ പണം സമ്പാദിക്കാം എന്നതിൽ ഗവേഷണം നടത്തുന്നതിൽ മിടുക്കരാണ് മലയാളികൾ. നാട്ടിലാണെങ്കിൽ മെയ്യനങ്ങി വേല ചെയ്യുന്നതിന് മടിയാണ്. നാടു വിട്ടാലോ? കാളകളെ പോലെ രാവന്തിയോളം പണിയെടുക്കുന്നതിൽ ഒരു മടിയുമില്ല. ലോകത്തിന്റെ ഏതു കോണിൽ പോയും ഏതു പ്രതികൂല കാലവസ്ഥയെ അതിജീവിച്ചും മെച്ചമില്ലെങ്കിലും ജീവിക്കാനായി അധ്വാനിക്കും. അതാണ് മലായാളി. എല്ലാവരും ഇക്കൂട്ടത്തിൽ പെടുന്നവരല്ലെങ്കിലും നല്ലൊരു ശതമാനം പേരും ഇത്തരക്കാരാണ്. എ.ഐ, ഇന്റർനെറ്റ്, ഓൺലൈൻ സംവിധാനങ്ങളൊക്കെ വന്നതോടെ വീട്ടിൽനിന്നു പുറത്തിറങ്ങാതെ പണം സമ്പാദിക്കുന്നവരുണ്ട്. അതിനു ശരീരം അനങ്ങിയില്ലെങ്കിലും ബുദ്ധി ഉപയോഗിക്കണം. ഇതൊന്നും വേണ്ടതില്ലാത്ത പണി ലഭിച്ചിരുന്നുവെങ്കിൽ എന്നാശിക്കുന്നവരേറെയാണ്. ദീർഘകാലം വിദേശത്ത് പണിയെടുത്തിട്ടും കാര്യമായി ഒന്നും സമ്പാദിക്കാനാവാതെ നാട്ടിൽ തിരിച്ചെത്തി ഇനി എന്തു ചെയ്യുമെന്നറിയാതെ നട്ടം തിരിയുന്നവരും ഇക്കൂട്ടത്തിൽ പെട്ടവരാണ്. അവർക്കിതാ ഒരു ശുഭ വാർത്ത. ജപ്പാനിലെ ടോക്കിയോ സ്വദേശി ഷോജി മോറിമോട്ടോയെ അനുകരിച്ചാൽ മതി. ഒരു അധ്വാനവുമില്ലാതെ സുഖസുന്ദരമായി ജീവിക്കാം. അഞ്ചു പൈസയുടെ മുതൽ മുടക്കും വേണ്ടതില്ല. എല്ലാ ഉണ്ടായിട്ടും മിണ്ടാനും പറയാനും ആളില്ലാതെ ഏകാന്തതയിൽ കഴിയുന്ന നിരവധി പേരുള്ള ഇക്കാലഘട്ടത്തിൽ സ്വയം ഷോജി മോറിമോട്ടോ ആവാൻ തയാറായാൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ആശ്വാസവും തൊഴിലില്ലാത്തവർക്ക് വരുമാനവുമാവും. അതിനു വേണ്ട ആകെയുള്ള മുതൽമുടക്ക് സത്യസന്ധതയും വ്യക്തി ശുചിത്വവും ധാർമിക മൂല്യവുമാണ്. അതായത് പ്രലോഭനങ്ങളിൽ വശംവദരാവരുതെന്നു ചുരുക്കം.

38 കാരനായ മോറിമോട്ടോ ഒരു പബ്ലിഷിംഗ് കമ്പനി ജീവനക്കാരനായിരുന്നു. ജോലിയിലെ മടുപ്പും അധ്വാനവും ജോലി ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പിന്നെന്തു ചെയ്യുമെന്നായി ചിന്ത. അങ്ങനെ കണ്ടെത്തിയ ഉപാധിയാണ് സ്വയം വാടകക്കു നൽകൽ. ശാരീരികമായല്ല, സാന്നിധ്യം കൊണ്ടുള്ള സെൽഫ് റെന്റ്, കൂട്ടിരിക്കൽ. ജോലി ചെയ്യാനുള്ള മടിയിൽനിന്ന് ഉടലെടുത്ത ചിന്തയാണെങ്കിലും സംഗതി ക്ലിക്കായി. ഇന്നിപ്പോൾ ഏതാനും മണിക്കൂറുകളുടെ കൂട്ടിരിപ്പിന് കുറഞ്ഞത് പതിനായിരം യെൻ (അയ്യായിരത്തി അഞ്ഞൂറിലേറെ രൂപ) അദ്ദേഹം സമ്പാദിക്കുന്നുണ്ട്. കഴിഞ്ഞ നാലു വർഷത്തിനിടെ നാലായിരം പേർക്ക് കൂട്ടിരുന്നിട്ടുണ്ടെന്ന് മോറിമോട്ടോ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മോറിമോട്ടോയുടെ കഥ ആരെയും അതിശയിപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്. ഇന്നിപ്പോൾ മോറിമോട്ടോക്ക് എക്‌സിൽ 
(ട്വിറ്റർ) 2.5 ലക്ഷം ഫോളോവേഴ്‌സുണ്ട്. ഒരു ക്ലയന്റ് തന്നെ അദ്ദേഹത്തെ 270 തവണ കൂട്ടിരിക്കാൻ വിളിച്ചിട്ടുണ്ട്. മോറിമോട്ടോ അധികം സംസാരിക്കുന്ന വാചാലനൊന്നുമല്ല. വിളിക്കുമ്പോഴെല്ലാം വിളിക്കുന്നവരുടെ അടുത്ത് ചെല്ലും. അവരുമായി അത്യാവശ്യം കാര്യങ്ങളൊക്കെ സംസാരിച്ച് കൂടെയിരിക്കും. ഒറ്റപ്പെട്ടവർക്ക് ഒന്നും മിണ്ടിയില്ലെങ്കിലും കൂടെ ഒരാളുണ്ടെങ്കിൽ നൽകുന്ന ആശ്വാസം ചില്ലറയില്ല. അതു തന്നെയാണ് മോറിമോട്ടോയുടെ വിജയവും. 
27 കാരിയായ ഒരു ഡാറ്റാ അനലിസ്റ്റിന് സാരി ഉടുത്ത് സുഹൃത്തുക്കളുടെ മുന്നിൽ ഒന്നു ചെത്തണമെന്ന് മോഹം. ആദ്യമായി സാരി ഉടുക്കുന്നതിനാൽ ഒറ്റക്ക് സാരി  ഉടുത്തു പോകാൻ മടി. അപ്പോഴാണ് യുവതി മോറിമോട്ടോയുടെ സേവനത്തെക്കുറിച്ച് അറിഞ്ഞത്. ഉടൻ മോറിമോട്ടോയെ വിളിച്ചു. കൂട്ടായി മോറിമോട്ടോ എത്തി. ചങ്ങാതി ആയതോടെ യുവതി സാരി ഉടുത്ത് സഹപ്രവർത്തകരുടെയും കൂട്ടുകാരുടെയും ഇടയിലൂടെ ലങ്കിമറിഞ്ഞു നടന്നു. അങ്ങനെ യുവതിയുടെ ആഗ്രഹത്തിനു കൂട്ടുനിന്ന മോറിമോട്ടോ, അതു സഫലമാക്കി പ്രതിഫലം വാങ്ങി മടങ്ങി. കൂട്ടിരിപ്പിനെത്തിയപ്പോൾ ദുരനുഭവങ്ങളും പ്രലോഭനങ്ങളും ഇദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിനൊന്നും വഴിങ്ങിക്കൊടുത്തിട്ടില്ല. ഒരിടത്ത് കൂട്ടിരിക്കാൻ ചെന്നപ്പോൾ ശാരീരിക അധ്വാനമുള്ള ജോലി ചെയ്യാൻ അവർ നിർബന്ധിച്ചു. അതിനു തയാറാല്ലെന്നു പറഞ്ഞ് മോറിമോട്ടോ സ്ഥലം വിട്ടു. മറ്റൊരിടത്തു ചെന്നപ്പോൾ സെക്‌സിനായി പ്രലോഭിപ്പിച്ചു. അതിനും അദ്ദേഹം വശംവദനായില്ല. ശരീരത്തിൽ തൊട്ടുള്ള കളി വേണ്ടന്നു പറഞ്ഞ് അവിടവും വിട്ടു. വേറെ ചിലർ ദൂര യാത്രക്കു ക്ഷണിക്കും. അതിനും അദ്ദേഹം വഴങ്ങാറില്ല. 

ഒന്നും ചെയ്യാനില്ലെന്നു തോന്നുന്നവർക്കും ചെയ്യാനുണ്ട് എന്നു തെളിയിക്കുകയാണ് മോറിമോട്ടോ. ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് സമയം കളയുന്നവരുടെ സമയം മറ്റുള്ളവർക്ക് വിലപ്പെട്ടതാണ്. സമയം അമൂല്യമാണ്. അതു പാഴാക്കാതെ വേണ്ടവിധം ഉപയോഗിക്കാനറിഞ്ഞാൽ ജീവിതം പാഴാവില്ല. എല്ലാം നഷ്ടപ്പെട്ടുവെന്നു കരുതി ആത്മഹത്യയിലും അഭയം തേടേണ്ടി വരില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം മോറിമോട്ടോയെ പോലുള്ളവരുടെ സേവനം അനിവാര്യമായി വരികയാണ്. എല്ലാവിധ സൗകര്യങ്ങൾ ഉണ്ടായിട്ടും ഒറ്റപ്പെട്ടു കഴിയാൻ വിധിക്കപ്പെട്ടവരുടെ എണ്ണം വർധിക്കുകയാണ്. പ്രായമയവരാണ് ഇങ്ങനെ പ്രയാസപ്പെടുന്നവരിൽ ഏറെയും. ഒറ്റപ്പെടുന്നവരിൽ വയോജനങ്ങൾ മാത്രമല്ല, യുവതി യുവാക്കളുമുണ്ട്. കുടുംബങ്ങളിലെ ശൈഥില്യം ഒറ്റപ്പെടുന്നവരുടെ എണ്ണം വർധിപ്പിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വയോജനങ്ങളുടെ ഒറ്റപ്പെടൽ. സ്റ്റാറ്റിസ്റ്റിക്‌സ്-പദ്ധതി നിർവഹണ മന്ത്രാലയം (എം.ഒ.എസ്.പി) നടത്തിയ പഠന പ്രകാരം രാജ്യത്ത് വയോജനങ്ങളുടെ ശതമാനം ഏറ്റവും കൂടുതൽ കേരളത്തിലാണ്. 21 സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തിൽ 16.5 ശതമാനം പേരാണ് ഈ വിഭാഗത്തിൽ കേരളത്തിലുള്ളത്. 2031 ഓടെ രാജ്യത്തെ വയോജനങ്ങളുടെ എണ്ണം 41 ശതമാനമുയർന്ന് 19.4 കോടിയാകും. ഇത് പത്തു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളേക്കാൾ കൂടുതലായിരിക്കും. ജനന നിരക്ക് കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പ്രായമേറുന്നതിന്റെ വേഗം വികസിത രാജ്യങ്ങളേക്കാൾ കൂടുതലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജീവിത ദൈർഘ്യമുള്ളത് കേരളത്തിലാണ്. കേരളത്തിൽ ഉറ്റവരെ ആശ്രയിച്ച് ജീവിക്കുന്നവർ 26.1 ശതമാനമാണ്. 2011 ൽ ഇത് 19.6 ശതമാനം ആയിരുന്നു. തന്നത്തൊൻ പാകം ചെയ്യുക, തുണി അലക്കുക, ടെലിഫോൺ, റിമോട്ട് എന്നിവ ഉപയോഗിക്കുക, പൈസ, ചെക് എന്നിവ കൈകാര്യം ചെയ്യുക, വീട്ടിലും പരിസരത്തും നടക്കുക, അടുത്തുള്ള പീടികയിൽ പോകുക, പൊതുവാഹനങ്ങൾ ഉപയോഗിക്കുക എന്നീ കഴിവുകൾ ഉള്ളവർ പോലും ഒറ്റപ്പെടലിന്റെ തീവ്രത അനുഭവിക്കുമ്പോൾ കുശലം പറയാൻ ഒരാളുണ്ടെങ്കിൽ എന്ന് ആശിച്ചു പോകും. കേരളത്തിലെ അണുകുടുംബ സമ്പ്രദായം പോലും ശിഥിലീകരണത്തിന്റെ വക്കിലാണ്. ഏറെക്കുറെ സ്ത്രീകളെല്ലാവരും തന്നെ തൊഴിൽ മേഖലയിൽ സജീവമായപ്പോൾ വീടിന് കുടുംബത്തിന്റെ സ്ഥാനം നഷ്ടപ്പെട്ട് ഒത്തുചേരലിന്റെ ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാമൂഹിക പശ്ചാത്തലത്തിൽ കൂട്ടിരിപ്പുകാർക്ക് പ്രസക്തിയേറുകയാണ്. 

പ്രവാസ ലോകത്തേക്ക് പറന്നകന്ന മക്കളെ ഓർത്ത് നെടുവീർപ്പിടാൻ മാത്രം വിധിക്കപ്പെട്ടവർ, പൈസയുണ്ടായിട്ടും ചെലവഴിക്കാൻ മാർഗമില്ലാത്തവർ, അങ്ങനെയുള്ളവർക്ക് മിണ്ടാനും പറയാനും ഒരാളെ കിട്ടുമെന്നു വെച്ചാൽ അതിലുമേറെ സന്തോഷം അവർക്കുണ്ടാവില്ല. അതിനാൽ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഇതൊരു തൊഴിലായി എടുക്കാം. പുതിയ ലോകത്ത് പുതിയ തൊഴിൽ. അഞ്ചു പൈസയുടെ മുതൽമുടക്കില്ല. സാധ്യതയേറെയാണ്. പക്ഷേ, സത്യസന്ധതയും വ്യക്തിത്വം കളഞ്ഞു കുളിക്കാതിരിക്കാനുള്ള കരുത്തും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കഴിവും ഉണ്ടായിരിക്കണമെന്നു മാത്രം.  

Latest News