ജിദ്ദ - അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മുഴുവൻ മര്യാദകളും അന്താരാഷ്ട്ര ചാർട്ടറുകളും നഗ്നമായി ലംഘിച്ച് ഉപരോധത്തിലുള്ള ഗാസയിലെ അൽശിഫാ ആശുപത്രിയിൽ ഇസ്രായിൽ സൈന്യം ഇരച്ചുകയറിയതിനെയും ജോർദാൻ ഫീൽഡ് ആശുപത്രി കോംപൗണ്ടിൽ ബോംബാക്രമണം നടത്തിയതിനെയും സൗദി വിദേശ മന്ത്രാലയം അപലപിച്ചു. സാധാരണക്കാരെയും മെഡിക്കൽ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണമാണിത്. കുട്ടികൾ, സ്ത്രീകൾ, സാധാരണക്കാർ, ആരോഗ്യ സ്ഥാപനങ്ങൾ, റിലീഫ് പ്രവർത്തകർ എന്നിവരെ ലക്ഷ്യമിട്ട് ഇസ്രായിൽ അധിനിവേശ സേന നടത്തുന്ന ക്രൂരവും മനുഷ്യത്വരഹഹിതവുമായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കണക്കു ചോദിക്കുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങൾ സജീവമാക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
ഗാസയിൽ സാധാരണക്കാർക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാനും കുട്ടികളെ രക്ഷിക്കാനും ദിവസങ്ങൾ നീളുന്ന താൽക്കാലിക വെടിനിർത്തലുകൾ ആവർത്തിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ രക്ഷാ സമിതി അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന്റെയും ആക്രമണം നിർത്തുന്നതിന്റെയും നിയമപരവും മാനുഷികവുമായ മുഴുവൻ മാനദണ്ഡങ്ങളും ലംഘിക്കുനനതിന് ഇസ്രായിലി അധിനിവേശ സേനയോട് കണക്കു ചോദിക്കുന്നതിന്റെയും ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് യു.എൻ രക്ഷാ സമിതി പ്രമേയമെന്ന് സൗദി അറേബ്യ പറഞ്ഞു. ഗാസയിൽ ഉടനീളം അടിയന്തിരവും ആവർത്തിക്കുന്നതുമായ താൽക്കാലിക വെടിനിർത്തലും സുരക്ഷിതമായ റിലീഫ് ഇടനാഴികളും ആവശ്യപ്പെടുന്ന കരടു പ്രമേയം ബുധനാഴ്ചയാണ് രക്ഷാ സമിതി അംഗീകരിച്ചത്. താൽക്കാലിക വെടിനിർത്തൽ ദിവസങ്ങളോളം തുടരണം. അതുവഴി സിവിലിയൻമാർക്ക് സഹായങ്ങൾ എത്തിക്കാൻ കഴിയുമെന്ന് രക്ഷാ സമിതി പറഞ്ഞു.
ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് രക്ഷാ സമിതി അംഗങ്ങൾ അംഗീകരിക്കുന്ന ആദ്യ പ്രമേയമാണിത്. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഗാസക്കാരുടെ നിലനിൽപിന് നിർണായകമായ അടിസ്ഥാന വസ്തുക്കളും സേവനങ്ങളും നിഷേധിക്കുന്നതിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്നും മാൾട്ട സമർപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്കൽ അംഗീകരിക്കില്ലെന്നും രക്ഷാ സമിതി പ്രമേയം പറഞ്ഞു. രക്ഷാ സമിതിയിൽ 12 അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ബ്രിട്ടനും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.