Sorry, you need to enable JavaScript to visit this website.

സൗദിയില്‍ റെന്റ് എ കാറുകൾക്ക് പുതിയ വ്യവസ്ഥകൾ

റിയാദ് - റെന്റ് എ കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിക്കുന്ന പുതിയ നിയമാവലി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പുതിയ നിയമാവലി മൂന്നു മാസത്തിനു ശേഷം പ്രാബല്യത്തിൽവരും. റെന്റ് എ കാർ സ്ഥാപനങ്ങൾ വാടകക്ക് നൽകുന്നതിന് ഉപയോഗിക്കുന്ന കാറുകൾ പുതിയതായിരിക്കണമെന്ന് നിയമാവലി അനുശാസിക്കുന്നു. റെന്റ് എ കാർ സ്ഥാപനങ്ങൾ വാടകക്ക് നൽകുന്നതിന് പുറത്തിറക്കുന്ന കാറുകൾ മുമ്പ് സൗദിയിൽ രജിസ്റ്റർ ചെയ്തവയായിരിക്കാൻ പാടില്ല. വാടകക്ക് നൽകുന്ന കാറുകൾക്ക് അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുതെന്നും വ്യവസ്ഥയുണ്ട്. 
ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലൈസൻസ് നേടാതെ റെന്റ് എ കാർ മേഖലയിൽ പ്രവർത്തിക്കുന്നതിന് വിലക്കുണ്ട്. ലൈസൻസ് കാലാവധി അവസാനിച്ച ശേഷവും ലൈസൻസ് റദ്ദാക്കിയ ശേഷവും ലൈസൻസ് സസ്‌പെന്റ് ചെയ്യുന്ന കാലത്തും റെന്റ് എ കാർ മേഖലയിൽ പ്രവർത്തിക്കുന്നതിന് പാടില്ല. റെന്റ് എ കാർ സ്ഥാപനങ്ങൾ ലൈസൻസ് അപേക്ഷക്കൊപ്പം ഒരു ലക്ഷം റിയാലിന്റെ ബാങ്ക് ഗ്യാരണ്ടി പൊതുഗതാഗത അതോറിറ്റിയിൽ കെട്ടിവെക്കണം. കൂടാതെ കാലാവധിയുള്ള ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റും സക്കാത്ത് സർട്ടിഫിക്കറ്റും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും ഹാജരാക്കലും ലൈസൻസ് കാറ്റഗറിക്ക് അനുസരിച്ച് നിശ്ചിത എണ്ണം കാറുകൾ ഏർപ്പെടുത്തലും നിർബന്ധമാണ്. എ കാറ്റഗറി സ്ഥാപനങ്ങൾക്കു കീഴിൽ വാടകക്ക് നൽകുന്നതിന് മൂവായിരവും അതിൽ കൂടുതലും കാറുകളും ബി കാറ്റഗറി സ്ഥാപനങ്ങൾക്കു കീഴിൽ മിനിമം 300 കാറുകളും സി കാറ്റഗറി സ്ഥാപനങ്ങൾക്കു കീഴിൽ മിനിമം 100 കാറുകളും ഡി കാറ്റഗറി സ്ഥാപനങ്ങൾക്കു കീഴിൽ മിനിമം 15 കാറുകളും ഉണ്ടായിരിക്കണം. സി, ഡി കാറ്റഗറി സ്ഥാപനങ്ങൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ കാറുകൾ വാടകക്ക് നൽകുന്നതിനോ ഡ്രൈവർ അടക്കം കാറുകൾ വാടകക്ക് നൽകുന്നതിനോ അനുമതിയില്ല. ബി വിഭാഗം സ്ഥാപനങ്ങൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ കാറുകൾ വാടകക്ക് നൽകാവുന്നതാണ്. എന്നാൽ ഡ്രൈവർ അടക്കം കാറുകൾ വാടകക്ക് നൽകുന്നതിന് ഈ സ്ഥാപനങ്ങൾക്കും വിലക്കുണ്ട്. എ വിഭാഗം സ്ഥാപനങ്ങൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ കാറുകൾ വാടകക്ക് നൽകുന്നതിനും ഡ്രൈവർ അടക്കം കാറുകൾ വാടകക്ക് നൽകുന്നതിനും അനുമതിയുണ്ട്. 
കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കൽ, വ്യക്തിഗത സ്ഥാപനങ്ങളുടെ ഉടമകളുടെ നിര്യാണം, ലൈസൻസ് കാലാവധി അവസാനിക്കൽ എന്നീ സാഹചര്യങ്ങളിൽ ലൈസൻസ് റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ലൈസൻസ് സസ്‌പെന്റ് ചെയ്ത് 90 ദിവസത്തിനകം വ്യവസ്ഥകൾ പാലിച്ച് പദവി ശരിയാക്കാത്ത പക്ഷവും ലൈസൻസ് റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ആറു മണിക്കൂറിൽ കുറഞ്ഞ നേരത്തേക്ക് കാറുകൾ വാടകക്ക് നൽകുന്നതിന് സ്ഥാപനങ്ങൾക്ക് അനുമതിയില്ല. കാറുകൾ വാടകക്ക് എടുക്കുന്നവർ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസുള്ളവരും പകർച്ചവ്യാധികളിൽ നിന്ന് മുക്തരായവരും മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ആയിരിക്കണം. ഇവർ ക്രിമിനൽ കേസുകളിൽ മുമ്പ് പ്രതികളായവർ ആയിരിക്കരുത്. 
കൂലിക്ക് ആളുകളെ കൊണ്ടുപോകുന്നതിനും ചരക്കുകൾ നീക്കം ചെയ്യുന്നതിനും റെന്റ് എ കാറുകൾ ഉപയോഗിക്കുന്നതിന് പാടില്ല. കാർ റാലികളിലും പങ്കെടുക്കുന്നതിന് പാടില്ല. റെന്റ് എ കാറുകൾ ഉപയോഗിച്ച് മറ്റു കാറുകൾ തള്ളുന്നതിനോ വലിച്ചുകൊണ്ടുപോകുന്നതിനോ പാടില്ല. ഓഫാക്കാതെ കാറുകളിൽ നിന്ന് ഇറങ്ങിപ്പോകുന്നതിനും മറ്റുള്ളവർക്ക് മറിച്ചു വാടകക്ക് നൽകുന്നതിനും പാടില്ല. 
ലൈസൻസില്ലാതെ റെന്റ് എ കാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 5,000 റിയാലും ലൈസൻസ് സസ്‌പെന്റ് ചെയ്ത സമയത്ത് റെന്റ് എ കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 4,000 റിയാലും റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നവർക്ക് 5,000 റിയാലും ലൈസൻസ് പ്രകാരമുള്ള കാറ്റഗറി അനുസരിച്ച മിനിമം എണ്ണം കാറുകൾ ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് 5,000 റിയാലും ഡ്രൈവർ അടക്കം കാറുകൾ വാടകക്ക് നൽകുന്നതിന് അനുമതിയില്ലാത്ത സ്ഥാപനങ്ങൾ ഇങ്ങിനെ ചെയ്താൽ 3,000 റിയാലും നിയമം ലംഘിച്ച് മണിക്കൂർ അടിസ്ഥാനത്തിൽ കാറുകൾ വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾക്ക് 3,000 റിയാലും ലൈസൻസില്ലാതെ ശാഖാ സ്ഥാപനം തുറക്കുന്നവർക്ക് 5,000 റിയാലും പൊതുഗതാഗത അതോറിറ്റിയിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങാതെ ലൈസൻസ് കൈമാറുന്നവർക്ക് 5,000 റിയാലും എട്ടിലധികം സീറ്റുകളുള്ള കാറുകളും യാത്രക്കാർക്കുള്ളതല്ലാത്ത കാറുകളും വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾക്ക് 5,000 റിയാലും പിഴ ചുമത്തും. പ്രവർത്തന കാലാവധി കഴിഞ്ഞ കാറുകൾ ഉപയോഗിക്കുന്നതിനും 5,000 റിയാൽ പിഴ ലഭിക്കും. കാർ വാടക കരാർ കോപ്പി വാടകക്കാരന് കൈമാറാതിരുന്നാൽ ആയിരം റിയാലാണ് പിഴ ലഭിക്കുക. വാടകക്കാരന്റെ സമ്മതമില്ലാതെ കരാറിൽ ഭേദഗതികൾ വരുത്തിയാൽ രണ്ടായിരം റിയാൽ പിഴ ചുമത്തും. ആറു മണിക്കൂറിൽ കുറഞ്ഞ സമയത്തേക്ക് കാറുകൾ വാടകക്ക് നൽകുന്നവർക്ക് രണ്ടായിരം റിയാലാണ് പിഴ. പരസ്യപ്പെടുത്തിയ പ്രവൃത്തി സമയത്ത് സ്ഥാപനം അടച്ചിട്ടാൽ ഇതേ പിഴ ലഭിക്കും. മുഴുവൻ വ്യവസ്ഥകളും പൂർണമായവർക്ക് കാറുകൾ വാടകക്ക് നൽകുന്നതിന് വിസമ്മതിച്ചാൽ ആയിരം റിയാൽ പിഴ ലഭിക്കുമെന്നും നിയമാവലി വ്യക്തമാക്കുന്നു.  

Latest News