Sorry, you need to enable JavaScript to visit this website.

എക്‌സിറ്റിൽ പോകുന്ന തൊഴിലാളികൾക്ക് പകരം വീണ്ടും ബദൽ വിസകൾ

നാഷണൽ കമ്മിറ്റി ഓഫ് കോൺട്രാക്‌ടേഴ്‌സ് സമർപ്പിച്ച പതിനാലു നിർദേശങ്ങൾ തൊഴിൽ മന്ത്രി അംഗീകരിച്ചു.
രണ്ടു വർഷ തൊഴിൽ വിസകൾ പുനരാരംഭിക്കുമെന്നും മന്ത്രി

റിയാദ് - ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്ന വിദേശ തൊഴിലാളികൾക്കും റീ-എൻട്രിയിൽ സ്വദേശങ്ങളിലേക്ക് പോയ ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്ത തൊഴിലാളികൾക്കും പകരം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ബദൽ വിസകൾ അനുവദിക്കുന്ന രീതി പുനരാരംഭിക്കണമെന്ന കോൺട്രാക്ടിംഗ് കമ്പനികളുടെ ആവശ്യം തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അംഗീകരിച്ചതായി റിപ്പോർട്ട്. ഇതടക്കം കരാർ മേഖല നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് പതിനാലു നിർദേശങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രി ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയതായി അൽവതൻ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സിനു കീഴിലെ നാഷണൽ കമ്മിറ്റി ഓഫ് കോൺട്രാക്‌ടേഴ്‌സ് ആണ് കോൺട്രാക്ടിംഗ് കമ്പനികളുടെ വളർച്ചക്ക് പ്രതിബന്ധമായ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് മന്ത്രിയുടെ സഹായം തേടിയത്. എൻജിനീയർ അഹ്മദ് അൽറാജ്ഹിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കരാർ മേഖലാ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ നാഷണൽ കമ്മിറ്റി ഓഫ് കോൺട്രാക്‌ടേഴ്‌സ് അംഗങ്ങൾ ശ്രദ്ധയിൽ പെടുത്തുകയും ഇവക്ക് പരിഹാരം കാണുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു. 
സൗദിവൽക്കരണമാണ് കോൺട്രാക്ടിംഗ് കമ്പനികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ വർഷാദ്യം മുതൽ കോൺട്രാക്ടിംഗ് കമ്പനികൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം മന്ത്രാലയം ഉയർത്തിയിരുന്നു. ഈ മേഖലക്ക് നിരക്കാത്ത നിലക്കുള്ള സൗദിവൽക്കരണ അനുപാതമാണ് നിതാഖാത്തിന്റെ ഭാഗമായി നിർബന്ധമാക്കിയത്. സൗദിവൽക്കരണ അനുപാതം നിർണയിക്കുന്നതിൽ കരാർ മേഖലാ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച സംയുക്ത കമ്മിറ്റിയുടെ അഭിപ്രായം മന്ത്രാലയം തേടിയിരുന്നില്ല എന്ന കാര്യം കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് ഇളം പച്ച, ഇടത്തരം പച്ച സ്ഥാപനങ്ങൾക്കുള്ള മുഴുവൻ സേവനങ്ങളും പുനഃസ്ഥാപിക്കുന്നതിന് മന്ത്രി നിർദേശം നൽകി. വിഷയം പുനഃപരിശോധിച്ചു തീരുന്നതു വരെ നിലവിലെ സൗദിവൽക്കരണ അനുപാതം അതേപടി നിലനിർത്തുന്നതിന് മന്ത്രി നിർദേശിച്ചു. 
ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്ന വിദേശ തൊഴിലാളികൾക്കും റീ-എൻട്രിയിൽ സ്വദേശങ്ങളിലേക്ക് പോയ ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്ത തൊഴിലാളികൾക്കും പകരം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ബദൽ വിസകൾ അനുവദിക്കുന്ന രീതി നിർത്തിവെച്ചത് കോൺട്രാക്ടിംഗ് മേഖയുടെ പ്രവർത്തനത്തിന് വിഘാതമാകുന്നതായി നാഷണൽ കമ്മിറ്റി ഓഫ് കോൺട്രാക്‌ടേഴ്‌സ് അംഗങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് ബദൽ വിസകൾ അനുവദിക്കുന്ന രീതി പുനഃസ്ഥാപിക്കുന്നതിന് മന്ത്രി സമ്മതിച്ചു. വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റം നിർത്തിവെച്ചത് മറ്റൊരു പ്രധാന വെല്ലുവിളിയായിരുന്നു. യഥാർഥത്തിൽ നിർവഹിക്കുന്ന തൊഴിലുകൾക്ക് വിരുദ്ധമായ പ്രൊഫഷനുകൾ ഇഖാമകളിൽ രേഖപ്പെടുത്തിയ തൊഴിലാളികളുടെ പദവി പ്രൊഫഷൻ മാറ്റി ശരിയാക്കേണ്ടതിന്റെ പ്രാധാന്യം കമ്മിറ്റി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇതോടെ ദുൽഹജ് അവസാനം വരെ നിയന്ത്രണങ്ങളില്ലാതെയും മുഹറം ഒന്നു മുതൽ പുതിയ മാനദണ്ഡങ്ങളോടെയും പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിന് മന്ത്രി സമ്മതിച്ചു. 
തൊഴിൽ വിസാ കാലാവധി രണ്ടു വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചത് ഗവൺമെന്റ് വകുപ്പുകളുമായി ദീർഘകാല കരാറുകൾ ഒപ്പുവെച്ച സ്ഥാപനങ്ങൾ അടക്കമുള്ള കോൺട്രാക്ടിംഗ് കമ്പനികളെ ഗുരുതരമായി ബാധിക്കുന്നതായി കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യം കണക്കിലെടുത്ത് രണ്ടു വർഷ വിസ പുനരാരംഭിക്കുന്നതിന് മന്ത്രി നിർദേശം നൽകി.
വിദേശത്തു നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ വിസകൾ അനുവദിക്കുന്നതിനു മുമ്പായി സൗദി ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിന് ശ്രമിച്ച് ഒഴിവുള്ള തസ്തികകളെ കുറിച്ച് നാഷണൽ ലേബർ ഗേറ്റ്‌വേ(താഖാത്ത് പോർട്ടൽ)യിൽ പരസ്യപ്പെടുത്തേണ്ട ദിവസം 30 ൽ നിന്ന് 45 ആയി ഉയർത്തിയത് ഗവൺമെന്റ് പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കേണ്ട കരാർ കമ്പനികൾക്ക് തിരിച്ചടിയാണ്. ഇക്കാര്യം കണക്കിലെടുത്ത് താഖാത്ത് പോർട്ടൽ പരിഷ്‌കരിക്കുന്നതുവരെ താഖാത്ത് പോർട്ടലിൽ തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ താൽക്കാലികമായി നിർത്തിവെക്കുന്നതിനും മന്ത്രി നിർദേശിച്ചു. 
ചില തൊഴിലുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് സാധിക്കാത്ത സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സമാന്തര സൗദിവൽക്കരണ പദ്ധതി പ്രകാരമുള്ള ഫീസ് ഏറെ കൂടുതലാണെന്നും ഇതുമൂലം പദ്ധതി ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല എന്നും കമ്മിറ്റി അംഗങ്ങൾ മന്ത്രിയോട് പറഞ്ഞു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സമാന്തര സൗദിവൽക്കരണ പദ്ധതി ഫീസ് പുനഃപരിശോധിക്കുന്നതിന് മന്ത്രി നിർദേശം നൽകി. ലെവി ഇൻവോയ്‌സ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ നടുവൊടിക്കുകയാണെന്ന് കമ്മിറ്റി മന്ത്രിക്കു മുന്നിൽ പരാതിപ്പെട്ടു. ഇതോടെ ലെവി ഇൻവോയ്‌സ് അടക്കുന്നതിന് കൂടുതൽ വഴക്കം നൽകുന്നതിനുള്ള സന്നദ്ധത മന്ത്രി പ്രകടിപ്പിച്ചു. 
ഭിന്നശേഷിക്കാരനായ ഒരു സൗദിയെ ജോലിക്കു വെക്കുന്നത് നാലു സൗദികളെ ജോലിക്കു വെക്കുന്നതിനു തുല്യമായി നിതാഖാത്തിൽ കണക്കാക്കുന്നതിന് ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കിയിരിക്കണമെന്ന വ്യവസ്ഥ വികലാംഗരെ ജോലിക്കു വെക്കുന്നതു മൂലമുള്ള പ്രത്യേക ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് പ്രതിബന്ധമാവുകയാണെന്ന് കമ്മിറ്റി പരാതിപ്പെട്ടു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിച്ച് ഈ പ്രശ്‌നം പഠിക്കുന്നതിന് മന്ത്രി നിർദേശം നൽകി. 
സൗദികളെ ജോലിക്കു വെക്കുന്നതിന് മാനവശേഷി വികസന നിധിയിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്ന മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പകരം സൗദി ജീവനക്കാരുടെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് വരിസംഖ്യ അടക്കുന്ന ഒറ്റ പദ്ധതിയാക്കി മാറ്റിയത് സ്വകാര്യ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാണെന്ന് കമ്മിറ്റി പറഞ്ഞു. മാനവശേഷി വികസന നിധി ധനസഹായ പദ്ധതികൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് പഠിക്കുന്നുണ്ടെന്നും വൈകാതെ ഇവ പുനഃസ്ഥാപിക്കുമെന്നും കമ്മിറ്റിയെ മന്ത്രി അറിയിച്ചു. 
ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് അതിൽ കുറവ് സൗദിവൽക്കരണം പാലിച്ച സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നത് നിർത്തിവെച്ചത് കോൺട്രാക്ടിംഗ് കമ്പനികൾക്ക് വെല്ലുവിളിയായി മാറുകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇതോടെ ഉയർന്ന നിതാഖാത്തിൽ പെട്ട സ്ഥാപനങ്ങളിൽ നിന്ന് സുരക്ഷിത നിതാഖാത്തിലുള്ള സ്ഥാപനങ്ങളുടെ പേരിലേക്ക് തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് മന്ത്രി അനുമതി നൽകി. ഇളം പച്ച, ഇടത്തരം പച്ച സ്ഥാപനങ്ങൾക്ക് തൊഴിൽ വിസാ സേവനം വിലക്കി കടും പച്ച സ്ഥാപനങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയതും വെല്ലുവിളിയാണ്. ഇതിന് പരിഹാരമായി സുരക്ഷിത നിതാഖാത്തുകളിൽ പെടുന്ന ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം വിഭാഗങ്ങളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും തൊഴിൽ വിസകൾ അനുവദിക്കുന്നതിന് മന്ത്രി സമ്മതിച്ചു. 
ഓപ്പറേഷൻസ്, മെയിന്റനൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ കൈമാറുന്നതിൽ നിന്ന് റിക്രൂട്ട്‌മെന്റ് കമ്പനികളെ വിലക്കുന്നതിനും മന്ത്രി നിർദേശിച്ചു. കോൺട്രാക്ടിംഗ് കമ്പനികളെ ഉയർന്ന ലെവിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ശുപാർശ രാജാവിന് സമർപ്പിക്കുമെന്നും ഉയർന്ന ലെവിയിൽ നിന്ന് കമ്പനികളെ ഒഴിവാക്കപ്പെടാത്ത പക്ഷം പ്രതിമാസ അടിസ്ഥാനത്തിൽ ലെവി ഈടാക്കുന്ന രീതി നടപ്പാക്കണമെന്ന് അപേക്ഷിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി അംഗങ്ങൾ ഉയർത്തിയ ആവലാതികൾക്ക് മറുപടിയായി മന്ത്രി ഉറപ്പുനൽകി. പുതിയ ലെവികൾ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഏറ്റെടുത്ത സർക്കാർ കരാറുകൾ നടപ്പാക്കുന്ന കമ്പനികൾക്ക് ലെവി ഇനത്തിലുള്ള അധിക സാമ്പത്തിക ഭാരത്തിന് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും നഷ്ടപരിഹാര വിതരണ നടപടികൾം മന്ദഗതിയിലാണെന്ന് കമ്മിറ്റി പരാതിപ്പെട്ടു. തുടർന്ന് നഷ്ടപരിഹാര വിതരണ സംവിധാനം നിർണയിക്കുന്നതിനും ഇതിനുള്ള കമ്മിറ്റിയിൽ കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിന് ശുപാർശ സമർപ്പിക്കുന്നതിനും മന്ത്രി നിർദേശിച്ചതായി നാഷണൽ കമ്മിറ്റി ഓഫ് കോൺട്രാക്‌ടേഴ്‌സ് അറിയിച്ചു.
 

Latest News