അന്യസംസ്ഥാനക്കാരനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ അഞ്ചുപേര്‍ പിടിയില്‍ 

കൊച്ചി- കലൂര്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ അസം സ്വദേശിയെ തട്ടിക്കെണ്ടുപോയി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഹബീബുറഹ്മാനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.

വെണ്ണല ചളിക്കവട്ടം പൂവത്തിങ്കല്‍ ഹൗസില്‍ അഭി കെ അഷറഫ് (33), കൊഴുവെട്ടുംവേലി എരൂര്‍ മേത്തേ്പ്പാട്ട് ഹൗസില്‍ സുല്‍ഫിക്കല്‍ എന്‍ എച്ച് (32), വെണ്ണല ചളിക്കവട്ടം പാലമൂട്ടില്‍ ഹൗസില്‍ മാര്‍ട്ടിന്‍ ക്ലമന്റ് സില്‍വ (49), വെണ്ണല ചളിക്കവട്ടം കൊച്ചാപ്പിള്ളി വീട്ടില്‍ മിഥുന്‍ കെ ജോര്‍ജ്ജ് (40), വെണ്ണല ചളിക്കവട്ടം പാലമൂട്ടില്‍ ഹൗസില്‍ മാര്‍ഷസ് ക്ലമന്റ് സില്‍വ (45) എന്നിവരാണ് പിടിയിലായത്. 

ഹബിബുറഹ്മാനെ സ്്കൂട്ടറില്‍ കയറ്റി കൊണ്ടുപോയി തമ്മനം, ചളിക്കവട്ടം ഭാഗങ്ങളില്‍ ഇടവഴികളിലൂടെ സഞ്ചരിച്ച്  ചളിക്കവട്ടത്തെ ഒരു വീടിനുള്ളില്‍ അടച്ചടുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയുമായിരുന്നു. അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെന്നറിഞ്ഞാണ് പ്രതികള്‍ ഇയാളെ തട്ടിക്കൊണ്ടുപോയത്. 

ഹബീബുറഹ്മാനെ മര്‍ദ്ദിച്ച് അവശനാക്കുകയും മൊബൈല്‍ ഫോണില്‍ നിന്നും ജിപേ പാസ്‌വേര്‍ഡ് കരസ്ഥമാക്കി പണം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. അതോടൊപ്പം അരലക്ഷം രൂപ ഉടന്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ഹബീബുറഹ്മാന്‍ ഭാര്യയെ വിളിച്ചു പറഞ്ഞെങ്കിലും പണം എത്തിക്കാന്‍ കഴിഞ്ഞില്ല. ഇയാളുടെ മൊബൈല്‍ ഫോണും 79700 രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്. അവശനായ ഹബീബുറഹ്മാന്‍ ഭാര്യയുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. 

പണം ട്രാന്‍സ്ഫര്‍ ചെയ്ത ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞതോടെ സംഘം ഫോണ്‍ ഓഫാക്കി നാടുവിടുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കോയമ്പത്തൂര്‍ ഉണ്ടെന്ന് അറിഞ്ഞ് അന്വേഷണസംഘം പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ സംഘം ചളിക്കവട്ടത്തെ ഒളിയിടത്തില്‍ തിരിച്ചെത്തുകയായിരുന്നു. അവിടെ വെച്ചാണ് അഞ്ചുപേരും പിടിയിലായത്. 

പോലീസില്‍ പരാതിപ്പെടുകയോ വിവരം പുറത്ത് അറിയിക്കുകയോ ചെയ്യില്ലെന്ന ധാരണയില്‍ ഹിന്ദിക്കാരെ തെരഞ്ഞെു പിടിച്ച് കവര്‍ച്ച നടത്തുന്നതാണ് പ്രതികളുടെ രീതി.

Latest News