റിയാദ് - ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസമായി സൗദി ഇലക്ട്രിസിറ്റി കമ്പനി പുതിയ സേവനം ആരംഭിച്ചു. തൈസീർ എന്നാണ് പദ്ധതിയുടെ പേര്. പ്രതിമാസം 300നും 3,000 റിയാലിനും ഇടയിലുള്ള തുകയുടെ ബിൽ ലഭിക്കുന്ന മുപ്പതു ലക്ഷത്തോളം ഉപഭോക്താക്കളെ ഈ മാസം മുതൽ ഓട്ടോമാറ്റിക് ആയി പദ്ധതിയിൽ രജിസ്റ്റർ ചെയ്യും. ശരാശരി പ്രതിമാസ ഉപഭോഗ നിരക്ക് ആയി സ്ഥിരതുക ഓരോ മാസവും അടക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലമാണ് തൈസീർ പദ്ധതിയിൽ ഉൾപ്പെടുത്തി ശരാശരി പ്രതിമാസ ഉപഭോഗ നിരക്ക് അടക്കാനാകുക. വർഷാവസാനത്തിൽ ആകെ ബിൽ തുകയും ആകെ അടച്ച തുകയും നോക്കി ഉപഭോക്താക്കളുമായുള്ള കണക്ക് സൗദി ഇലക്ട്രിസിറ്റി കമ്പനി തീർക്കും.
വർഷാവസാനംവരെ തൈസീർ പദ്ധതിയിൽ തുടരുന്നതിനും ഇടക്കു വെച്ച് പദ്ധതിയിൽനിന്ന് ഒഴിവാകുന്നതിനും ഉപയോക്താക്കൾക്ക് സ്വാതന്ത്ര്യമുണ്ടാകും. പ്രതിമാസ ബിൽ തുക 300 റിയാലിൽ കുറവും 3,000 റിയാലിൽ കൂടുതലും ആയ ഉപഭോക്താക്കൾക്ക് സ്ഥിരബിൽ സേവനത്തിൽ നേരിട്ട് വരിചേരാവുന്നതാണ്. ഇവരെ ഓട്ടോമാറ്റിക് ആയി രജിസ്റ്റർ ചെയ്യില്ല. പ്രതിമാസ ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും സ്ഥിരമായ തുക അടക്കുന്നതിന് ഈ സേവനം ഉപയോക്താക്കൾക്ക് അവസരം നൽകും. ഒരു വർഷത്തിനു ശേഷം ബിൽ കണക്കുകൾ തീർക്കും.
കഴിഞ്ഞ ജൂലൈക്ക് മുമ്പ് കുമിഞ്ഞുകൂടിയ വൈദ്യുതി ബിൽ കുടിശിക ആറു ഗഡുക്കളായി അടക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. ഒക്‌ടോബറിലെ ബിൽ മുതൽ ആറു ഗഡുക്കളായാണ് പഴയ ബിൽ കുടിശിക ഈടാക്കുക. വൈദ്യുതി റഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശാനുസരണമാണ് പുതിയ സേവനങ്ങൾ ഏർപ്പെടുത്തുന്നതെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.






