ഗാസ - എല്ലാ യുദ്ധനിയമങ്ങളും കാറ്റില്‍ പറത്തി ഇസ്രായില്‍ സൈന്യം ബുധനാഴ്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫക്കുള്ളില്‍ കടന്നു. ആശുപത്രി മുറികളും ബേസ്‌മെന്റും സൈന്യം പരിശോധിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹമാസ് പോരാളികള്‍ ആശുപത്രിക്കുള്ളില്‍ ഉണ്ടെന്ന നിഗമനത്തിലാണ് ഈ സൈനിക ഓപ്പറേഷന്‍. ആശുപത്രിക്കുള്ളില്‍ കുടുങ്ങിയ രോഗികളടക്കമുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ ഗതിയെക്കുറിച്ച് ആഗോളതലത്തില്‍ ആശങ്ക പരന്നു.
ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രായില്‍ സേനയുടെ കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുകയാണ്. ആശുപത്രിയുടെ അടിയില്‍ തുരങ്കങ്ങളുണ്ടെന്നും അവിടെ ഹമാസ് പോരാളികളുണ്ടെന്നുമാണ് ഇസ്രായില്‍ ആരോപണം. ഹമാസ് ഇക്കാര്യം നിഷേധിച്ചു.
പുറത്ത് നടന്ന ഏറ്റുമുട്ടലില്‍ 'തീവ്രവാദി'കളെ കൊലപ്പെടുത്തിയ ശേഷം ആശുപത്രി വളപ്പിനുള്ളില്‍ പ്രവേശിച്ച തങ്ങളുടെ സൈന്യം ആയുധങ്ങളും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളും കണ്ടെത്തിയതായി ഇസ്രായില്‍ അവകാശപ്പെട്ടു. അകത്ത് കടന്നപ്പോള്‍, സാധാരണക്കാരുമായോ രോഗികളുമായോ ജീവനക്കാരുമായോ വഴക്കോ സംഘര്‍ഷമോ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ആശുപത്രിയിലേക്കുള്ള സൈന്യത്തിന്റെ പ്രവേശനത്തെ അഭിനന്ദിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ തങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലമില്ലെന്ന് പറഞ്ഞു. 'ഞങ്ങള്‍ ഹമാസിനെ ഇല്ലാതാക്കും, ബന്ദികളെ ഞങ്ങള്‍ തിരികെ കൊണ്ടുവരും. ഇവ രണ്ട് വിശുദ്ധ ദൗത്യങ്ങളാണ്- നെതന്യാഹു പറഞ്ഞു.